Pages

2011, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

വിധിഹിതം


പടികള്‍ കടന്നപ്പഴേ കേട്ടു ഇരുമ്പ് അടിച്ചു പരത്തുന്നതിന്‍റെ ചെത്തം.ചെങ്കനലിന്‍റെ ചുവന്നു തുടുത്ത ഗുഹക്കുള്ളില്‍ പഴുത്ത്‌ പാകം വെക്കുന്ന ഇരുമ്പ്കഷ്ണങ്ങള്‍.പൊള്ളുന്ന അനുഭവങ്ങള്‍ തന്നെയാണല്ലോ ഒരാളെ ഏതു സാഹചര്യത്തിലേക്കും വലിഞ്ഞു നീളാനും മുറുകാനും പാകത്തില്‍ ഇലാസ്റ്റിക്കുകളാക്കുന്നത്.മൂര്‍ധാവില്‍ ചമ്മട്ടികൊണ്ടുള്ള അടി സഹിച്ച് പരക്കേണ്ടിടത്തു പരന്നും ഉരുളേണ്ട ഇടത്ത് ഉരുണ്ടും ..അനുഭവങ്ങളുടെ ശക്തി-അത് മറ്റൊന്നിനുമില്ല.ആലയിലെക്ക് കയറിയപ്പോള്‍ അയാളിരിക്കുന്നതിന്‍റെ ഒരു പാട് അകലേക്ക്‌ ഉഷ്ണം ഒരു വിരിപ്പ് വിരിച്ചിട്ടുണ്ടെന്നു തോന്നി.ക്ഷീണിച്ച കണ്ണുകളില്‍ ഞൊടിയിട ഒരു കൌതുകത്തിളക്കം...”ആരാ?”
നോക്കി,പിന്നെയും പിന്നെയും.യൌവനത്തിന്‍റെ പ്രസരിപ്പ് തുടുത്തിരുന്ന ചെറുപ്പക്കാരന്‍റെ വല്ല അംശവും കാണുന്ന രൂപത്തിലുണ്ടോ?എന്തൊരു ടിപ്ടോപ്പിലായിരുന്നു ക്ലാസ്സില്‍ വന്നിരുന്നത്.ഏറ്റവും പഠിക്കുന്ന വിദ്യാര്‍ത്ഥിയെന്ന ചെറിയൊരു ഹുങ്കും.വായില്‍ വെള്ളിക്കരണ്ടിയുമായി..പഴയ ശൈലി അയാളെ കാണുമ്പോഴെല്ലാം ഓര്‍മ വരും.സ്വയം നേടുന്നതിനേ മഹത്വമുള്ളൂ.വളവും വെള്ളവും എമ്പാടുമുള്ള വയലിലെ വിളവിന് എന്ത് മേന്മ?പാറപ്പുറത്ത് ആളുന്ന വെയിലില്‍ പൊട്ടി മുളക്കാനാകണം.കനല്‍ക്കാറ്റിനേയും കോരിച്ചൊരിയുന്ന മഴയെയും അതിജയിച്ച് വളരണം.എന്നാലേ അതൊരു നേട്ടമാകുന്നുള്ളൂ.അങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും ചെറിയൊരു അസൂയ അന്നും ഉള്ളില്‍ ഇഴഞ്ഞു നടന്നിരുന്നു. സൌഭാഗ്യങ്ങള്‍ ഒരു നിമിഷത്തേക്ക്തനിക്കും ലഭിച്ചെങ്കിലെന്നു ആശിച്ചു.
ആരാ മനസ്സിലായില്ല
ഓര്‍ത്ത്‌ നോക്ക്.പണ്ട് ടിടിഐയില്‍ നമ്മള്‍ ഒന്നിച്ചായിരുന്നു.അന്നേ നീ പീജിയൊക്കെ എടുത്തിരുന്നു.”അയാളുടെ കണ്ണുകളിലേക്ക് നിര്‍വികാരതയുടെ ഒരു കുഞ്ഞോളം നീന്തിയെത്തി.”എന്ത് ടിടിഐ എന്ത് പീജി?എന്താ അതോണ്ടൊക്കെ ഒരു പ്രയോജനം?ജീവിതത്തില്‍ ജയിക്കാന്‍ ദൈവത്തിന്‍റെ ഒരു വിധിയുണ്ട്.അതുള്ളോര്‍ക്ക് ഒരു ഡിഗ്രിയും വേണ്ട.മുന്നില്‍ ഉയര്‍ന്നുയര്‍ന്നു പോകുന്ന പടവുകള്‍...കയറിയാല്‍ മാത്രം മതി.അല്ലാത്തവരുടെ മുന്നിലെല്ലാം സദാ കരഞ്ഞു വിളിക്കുന്ന കടലാണ്.എല്ലാ കപ്പലുകളും അതില്‍ തകരുന്നു.ബോട്ടുകളും തോണികളും അതില്‍ ആണ്ടുപോകുന്നു.”
പണ്ടും ഇവന്‍ ഇങ്ങനെത്തന്നെ.ഭയങ്കര ഫിലോസഫിയാണ്.കൂട്ടും കുറവ്.കുഞ്ഞുകുഞ്ഞു കാര്യങ്ങള്‍ക്ക് ആര്‍ത്തു ചിരിച്ചിരുന്ന തങ്ങള്‍ക്ക് എന്നും പരിഹസിച്ചുഅവതരിപ്പിക്കാനുള്ള ഒരു കഥാപാത്രം.
കത്തിയുണ്ടാക്കള്‍ കൊണ്ടെങ്ങനെ ജീവിക്കും?സാധനങ്ങള്‍ക്ക് എന്നും വില കുതിച്ചു കയറുമ്പോ?”
അത് നിങ്ങള്‍ക്കറിയാഞ്ഞിട്ടാ.”അയാള്‍ ശബ്ദം കുറച്ചു.”എത്ര മെഷീനുകള്‍ കണ്ടെത്തിയാലും ആലയില്‍ പണിയുന്ന ആയുധങ്ങള്‍ക്ക് വല്യ പ്രിയാ.ഈയിടെയായി കത്തികള്‍ പലതരമാ ആവശ്യപ്പെടുന്നത്.ഒരൊറ്റ കുത്തിനു കൊല്ലാനാവുന്ന സ്പെഷ്യല്‍ കഠാരികള്‍.. ഓര്‍ഡറൊക്കെ സ്വീകരിക്കുമ്പോ കുറെ അപകടവുമുണ്ട്.പോലീസ്‌ ഇവിടെ വന്നു ഇരിപ്പുറപ്പിക്കും.അവരുടെ ജീപ്പ്‌ നമ്മുടെ വീടിന് അലങ്കാരമായി മുറ്റത്ത് കിടക്കും.
അത് ശരിതന്നെ.പേപ്പര്‍ വായിക്കുന്ന ആര്‍ക്കും അത്ര സ്വസ്ഥത ഉണ്ടാകുമെന്ന് തോന്നുന്നില്ല.എല്ലാവര്‍ക്കും എല്ലാവരെയും സംശയം!”
മറ്റൊന്നുണ്ട്.ഇന്നാളൊരു ഫാക്ടറിഉടമ എന്നെ കാണാനായി മാത്രം വിലകൂടിയ കാറില്‍ ഒരുപാട് ദൂരം യാത്ര ചെയ്തു വന്നു.അയാളുടെ ആയുധഫാക്ടറിയില്‍ സൂപ്പര്‍വൈസര്‍ ആക്കാമെന്ന്.എന്‍റെ കൈത്തഴക്കം കേട്ടറിഞ്ഞു വന്നതാണ്.മനുഷ്യന്‍റെ ചോര ചിന്താന്‍ ഞാനില്ലെന്നുപറഞ്ഞ് മടക്കി വിട്ടു.”കിട്ടുന്ന അവസരം കളയും മുമ്പ്‌ കുറെ ആലോചിക്ക്. ആലേന്നോന്നു രക്ഷപ്പെടാലോ.”അയാള്‍ ഒരു ഗുണകാംക്ഷിയായി എന്നെ ഉപദേശിച്ചു.അടുത്താഴ്ച്ച ഇനിയും വരുമെന്ന് ഒരു ഭീഷണിയും മുഴക്കിയിട്ടുണ്ട്.പഠിച്ചത്കൊണ്ട് കിട്ടിയ ഗുണം അതാ.കള്ളങ്ങളോട് രാജിയാവാത്ത മനസ്സ്.ഇന്നത്തെക്കാലത്ത് എന്താ അങ്ങനെയായിട്ടു കാര്യം?സ്വന്തം കാര്യത്തിനു ഏതറ്റംവരെയും പോകാനാകണം.”
പിഎസ്സിയൊന്നും ശ്രമിച്ചില്ലേ?അന്നെല്ലാം ക്ലാസ്സില്‍ ടോപ്പായിരുന്നല്ലോ?”
ഞാന്‍ പറഞ്ഞില്ലേ.വിധിഹിതം എന്നൊന്നുണ്ട്.യുക്തിവാദികള്‍ എത്ര നിഷേധിച്ചാലും.ഒരാളുടെ വിധി അയാള്‍ ജനിക്കുമ്പോഴേ കിട്ടില്ലായിരിക്കും.പക്ഷേ ഒരു നിഴലുപോലെ അതവന്‍റെ കൂടെ എപ്പോഴുമുണ്ട്.ഫോര്‍വേഡ്ക്ലാസിലായതോണ്ട് നല്ല റാങ്കിലെത്തിയാലും സംവരണങ്ങള്‍ തീരുമ്പോഴേക്കു റാങ്ക്‌ലിസ്റ്റിന്‍റെ കാലാവധി കഴിഞ്ഞിരിക്കും.”ഒരല്‍പ്പം കുറ്റബോധം തോന്നി.എത്ര ശരി!ഭാഗ്യം കൊണ്ട് മാത്രമാണ് തനിക്ക് ജോലി കിട്ടിയത്.സര്‍ക്കാര്‍ജോലിയുള്ള ഭാര്യ സ്വന്തമായത്.ഡീസന്റായി ജീവിക്കുന്നത്.കാണാപാഠം പഠിക്കുന്നതിനോട് പണ്ടേ യോജിപ്പുണ്ടായിരുന്നില്ല.തീരാത്ത യുദ്ധവര്‍ഷങ്ങള്‍,അനവധി പ്രശസ്തരുടെ തീരാപേരുകള്‍,അങ്ങനെ എത്ര പഠിച്ചാലും തെറ്റിപ്പോകുന്ന കുറെ കാര്യങ്ങള്‍ പരിശോധിക്കാനാണ് നശിച്ച പരീക്ഷകള്‍.കണക്കാണെങ്കില്‍ നീണ്ടു പോകുന്ന സൂത്രവാക്യങ്ങള്‍..എന്താണ് ഇതുകൊണ്ടെല്ലാം ജീവിതത്തില്‍ പ്രയോജനം?പി എസ് സി പരീക്ഷ ടഫ്‌ തന്നെയായിരുന്നു.ഇന്നത്തെ പോലെ വ്യത്യസ്തങ്ങളല്ല .എല്ലാവര്‍ക്കും ഒരേ ചോദ്യങ്ങള്‍.തന്‍റെ ബെഞ്ചില്‍ വെളുത്തു കൊലുന്നനെയൊരു പെണ്ണായിരുന്നു.ഉയരം കൂടിയ തനിക്ക് അവളുടെ പേപ്പറില്‍ എഴുതുന്നതെല്ലാം അപ്പപ്പോള്‍ ഈസിയായി പകര്‍ത്തിയെടുക്കാം. ശുഷ്കാന്തി കണ്ടാലറിയാം നന്നായി പ്രിപ്പയേഡാണെന്ന്.അവള്‍ ഇടക്ക് തിരിഞ്ഞപ്പോള്‍ മധുരമാര്‍ന്നൊരു പുഞ്ചിരി സമ്മാനിച്ചു.മനസ്സ് വായിക്കുന്ന യന്ത്രങ്ങളൊന്നും ആരും കണ്ടുപിടിക്കാതിരിക്കട്ടെ.ജീവിതത്തിന്‍റെ കണക്കുകൂട്ടലുകള്‍ അത് നമ്മുടെ നോട്ട്ബുക്കുകളില്‍ ഒതുങ്ങില്ല.തിരശ്ശീലക്കപ്പുറത്തു നിന്നും ആരോ കൂട്ടിക്കിഴിക്കുന്ന കണക്കുകള്‍. പെണ്ണും ജോലി കിട്ടാതെ ഇരിപ്പാണാവോ?സംവരണം കൊണ്ട് തന്നെയാണ് തനിക്കൊക്കെ പട്ടുപുടവ കിട്ടിയത്.അല്ലെങ്കില്‍ മുമ്പത്തെപ്പോലെ പൊരിവെയിലത്ത് സിമന്‍റ് കൂട്ടിയും ഉയരത്തിലേക്ക് ചുമന്നും..ദൈവമേ!നിന്‍റെ നിശ്ചയങ്ങള്‍ എത്ര വിചിത്രമാണ്.
എത്ര പ്രൈവറ്റ്‌ സ്കൂളുകളുണ്ട്.ശ്രമിച്ചുകൂടായിരുന്നോ?പഠിച്ചതത്രയും തീ കരിച്ചുകളയില്ലേ?”
അതും ശ്രമിച്ചു കുറെ.അത്യാവശ്യം ശമ്പളമുണ്ടോ എങ്കില്‍ കോഴ നിര്‍ബന്ധം.ആദ്യകാലത്തുണ്ടായിരുന്ന ഭൂസ്വത്തും പ്രതാപവുമെല്ലാം ഒരു മഴയിലങ്ങ് ഒലിച്ചു പോയതാണോ എന്നാണിപ്പോ സംശയം.അത്ര പെട്ടെന്നായിരുന്നു ജീര്‍ണിക്കല്‍.കാര്യസ്ഥന്മാരും അച്ഛന്‍റെ ശിങ്കിടികളും അതുകൊണ്ട് തന്നെ നല്ല നിലയിലെത്തി.ഞാന്‍ പറഞ്ഞില്ലേ സ്വന്തം കാര്യത്തിന് എന്ത് ഹീനവൃത്തിയും ചെയ്യാനാകണം.എങ്കില്‍ ഐശ്വര്യദേവത നമ്മെ കൈവിടില്ല.ശരിക്കു പറഞ്ഞാ ഒരു കൊല്ലോക്കെയേ ജോലിയന്വേഷിച്ച് നടന്നുള്ളൂ. പണി തുടങ്ങിയപ്പോ ചോപ്പിലെക്ക് നോക്കിയിരിക്കലായി ഏറ്റവും വല്യ ആനന്ദം. സംഹാരശക്തിയുടെ കൂട്ടുള്ളപ്പോ എന്തിന് മറ്റു ബേജാറുകള്‍?പണം കോട്ടയായി ഇപ്പണി തന്നെ തരും.അതിനു പാകപ്പെടണം മനസ്സെന്നെയുള്ളൂ.വരൂ ചായ കുടിക്കാം.”
ആലയില്‍ നിന്ന് പുറത്തിറങ്ങി.അഗ്നി അനുനിമിഷം അയാളെ വരട്ടിയുണക്കുകയാണ്.അകാലത്ത് തന്നെ വിരുന്നെത്തിയ ചുളിവുകള്‍.ദുര്‍മേദസ്സ് നിറഞ്ഞ സ്വന്തം ശരീരം കോക്രി കാണിച്ചു ചിരിക്കുന്നു.”സിന്ധൂനീട്ടി വിളിച്ചു കൊണ്ട് അയാള്‍ അകത്തേക്ക്‌ നടന്നു.നിശബ്ദതയുടെ ഒരു കൊച്ചുകുളമാണ് വീട്.”ഇവിടെ കുട്ടികളൊന്നും ഇല്ലേ?”
ഉണ്ട്,മകന്‍ കട്ടിലില്‍ തന്നെ,പത്തു വയസ്സായി.അവന്‍ ഞങ്ങളുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ ആര്‍ക്കറിയാം.വരൂ.”സങ്കടത്തിന്‍റെ കാരിരുമ്പ് തൊണ്ടയെ ഇറുക്കി.ചിലര്‍ പരവതാനികളിലൂടെ സഞ്ചരിക്കുന്നു.ചിലര്‍ ചതുപ്പിലൂടെ അനുനിമിഷം ആഴ്ന്നാഴ്ന്ന്‍...ദൈവമേ!ഇതിന്‍റെയെല്ലാം യുക്തിയെന്താണ്?അകത്ത്-ഇരുളും വെളിച്ചവും കണ്ണ് കെട്ടിക്കളിക്കുന്ന ഒരു റൂമില്‍..കട്ടിലില്‍ ഈര്‍ക്കില്‍ പോലൊരു രൂപം.പുറം തിരിഞ്ഞിരിക്കുന്ന അവന്‍റെ അമ്മ.”സിന്ധൂ.ജനല് തുറക്ക്.ഒരാളിതാ കാണാന്‍ വന്നിരിക്കുന്നു.”മൌനത്തിന്‍റെ രൂപം വെളിച്ചത്തെ ഉള്ളിലേക്ക് നയിച്ചു.അവള്‍ തിരിഞ്ഞപ്പോള്‍...അതിഭയങ്കരമായി കരയണമെന്ന് ആഗ്രഹിച്ചുപോയി.നീണ്ടു മെലിഞ്ഞ അതേ വെളുത്ത സുന്ദരി അവള്‍ക്കു മേല്‍ വീണു കഴിഞ്ഞ വിളറിയ തിരശ്ശീലക്കുപിറകില്‍ നിന്ന് എത്തി നോക്കുന്നു.അവളുടെ സൌഭാഗ്യങ്ങള്‍ താനായിരിക്കുമോ കവര്‍ന്നത്.കുട്ടി അസ്വസ്ഥനായി ഒരു ഞരക്കം പുറപ്പെടുവിച്ചു.”ഇതാ കുഴപ്പം,വെളിച്ചം അവനു തീരെ പിടിക്കില്ല.കണ്ണ് ഇറുക്കിയടച്ചു നിലവിളിച്ചോണ്ടിരിക്കും.”റൂമില്‍ നിന്ന് രക്ഷപെട്ടപ്പോള്‍ ജയില്‍മോചിതനായ ആശ്വാസമുണ്ടായി.അവളൊന്നും മിണ്ടിയില്ലല്ലോ,തിരിച്ഛറിഞ്ഞിരിക്കില്ല.എത്രയെത്ര പരീക്ഷകളെഴുതുന്നു.കൂടെ ഇരുന്നവരെയൊക്കെ ആരോര്‍മിക്കുന്നു.പിന്നെ താന്‍ കോപ്പിയടിച്ചത് അവളറിഞ്ഞിട്ടുമില്ലല്ലോ.”എന്തേ മിസിസ്സൊന്നും മിണ്ടാത്തത്?”
അവന്‍ ജനിച്ചതില്‍പിന്നെ അങ്ങനാ.ആരോടും മിണ്ടില്ല.ചോദിച്ചാ കുറെ മൂളല്‍മറുപടികള്‍.അവനു മൂന്നാഴ്ചയായപ്പോ അവള്‍ക്കൊരു ഇന്‍റെര്‍വ്യൂ ഉണ്ടായിരുന്നു,പി എസ് സിയുടെ,നല്ല റാങ്കായതോണ്ട് കിട്ടുമെന്നും കരുതി.എന്ത് ചെയ്യാന്‍,അന്നവള്‍ മെന്‍റല്‍ ഹോസ്പിറ്റലിലായിരുന്നു.നമ്മുടെ സൌകര്യത്തിനു മാറ്റിത്തരില്ലല്ലോ ഇന്റെര്‍വ്യൂകള്‍.” ആകാശത്തേക്ക് നോക്കി,ദൈവം കുലുങ്ങിക്കുലുങ്ങി ചിരിക്കുന്നുണ്ടോ?കണ്ണുകള്‍ നിറഞ്ഞു.ദൈവമേ!എന്നെ കരകേറ്റാനായിരുന്നോ പാവങ്ങളെ?പെട്ടെന്ന് മനസ്സിനെ ദൃഡമാക്കി.ഇതൊന്നും ഞാന്‍ വരുത്തി വച്ചതല്ലല്ലോ.”പോട്ടെ,ഇനിയും വരാം.മോന് നല്ല ചികിത്സ കിട്ടിയാല്‍ മാറ്റമുണ്ടാവും.”
ശരിയായിരിക്കും.പണം കൊയ്യുന്ന ഹോസ്പിറ്റലിലൊന്നും പോകാനുള്ള ശേഷിയില്ല.മുതലാളിയുടെ ഓഫറുകള്‍ സ്വീകരിച്ചാലോന്നാ..”
അതന്നാവും നല്ലത്”.ഉള്ളിലെ അധ്യാപകനെ അരുക്കു നിര്‍ത്തി ഞാന്‍ പെട്ടെന്ന് പറഞ്ഞു. “അവര്‍ ചോര ചിന്തേ,പണം വാങ്ങി കലാപം നടത്തേ എന്തോ ചെയ്യട്ടെ,നിങ്ങളാ ഫാക്ടറിയില്‍ സൂപ്പര്‍വൈസ് ചെയ്യുന്നു എന്നല്ലേയുള്ളൂ.ഞാനിറങ്ങട്ടെ,അവരെ വിളിച്ചാ ഒന്നു യാത്ര പറയാം.”അരിച്ചെത്തിയ രൂപത്തെ നോക്കി ഞാന്‍ കൈ കൂപ്പി ഉള്ളില്‍ മന്ത്രിച്ചു-മാപ്പ്..നിര്‍വികാരതയുടെ കല്ലിച്ച മുഖത്തോടെ അവര്‍ വിദൂരതയിലേക്ക് നോക്കി.ആകാശത്ത്‌-മഞ്ഞുമലകള്‍ ഏതോ തപ്തനിശ്വാസങ്ങളിലേക്ക് പെയ്തൊഴിയാന്‍ പതുക്കെ ഒഴുകിക്കൊണ്ടിരുന്നു.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ