Pages

2011, ഡിസംബർ 31, ശനിയാഴ്‌ച

ഒരു മനുഷ്യന്‍

ഇംഗ്ലീഷ്
ട്രാന്‍സലേഷനു വേണ്ടി കുറെ വാചകങ്ങള്‍ കൊടുത്തു വേണു സാര്‍ കസാരയിലിരുന്നു.വരാന്തയിലൂടെ
നടക്കയായിരുന്ന സത്താര്‍മാഷ്‌ ബോര്‍ഡിലേക്ക് തുറിച്ചു നോക്കി.പിന്നെ ക്ലാസിലേക്ക്‌
കയറി.”വേണുസാറേ,നിങ്ങളിതോന്നും കാര്യാക്കണില്ലാന്നറിയാം.ഇന്നാലും പോറത്ത്ന്നു
ഒരാള്‍ വായിച്ചാ എന്താ സ്ഥിതി?വര്‍ഗീയകലാപത്തിനു വേറെവിടേം പോവേണ്ടി വരില്ല.ഓര്‍മയില്ലേ
ഇന്നാളത്തെ സംഭവം;കാല് രണ്ട്വാ മുറിച്ചു കളഞ്ഞത്.”എന്താ കാര്യം?”മനോരാജ്യത്തിന്‍റെ
വഴുക്കും പടവുകളിറങ്ങി അയാള്‍ ബോധത്തിന്‍റെ സമതലത്തിലെത്തി.”ദാ,ഈ എഴുതി വച്ചത് തന്നെ.ഗ്രാമത്തിലെ
പള്ളി പൊളിച്ചു.എന്തിനാപ്പോ ഇങ്ങനൊരു ഉദാഹരണം?”
“അതിലൊക്കെ
എന്താപ്പോ ഇത്ര കാര്യം?ഒരുദാഹരണം കൊടുത്താ പൊളിഞ്ഞു വീഴുന്നതാണോ ആരാധനാലയങ്ങള്‍?ഇന്നാളത്തെ
സംഭവത്തോട് എനിക്ക് യാതൊരു യോജിപ്പുമില്ല.അത് കാട്ടാളന്‍റെ നീതി.ആശയത്തെ ആശയം
കൊണ്ട് നേരിടണം.ആയുധം കൊണ്ടല്ല.ഇന്നലെ ഞാന്‍ അമ്പലം തകര്‍ന്നു എന്നൊരു ഉദാഹരണവും
കൊടുത്തല്ലോ.തകരുക എന്ന വാക്ക്‌ കുട്ടികളുടെ മനസ്സില്‍ കിടക്കണെങ്കി കാലങ്ങളായി
പേറുന്ന കെട്ടുമാറാപ്പുകള്‍ തകര്‍ന്നു വീഴുന്ന ഒരു ചിത്രം തന്നെയല്ലേ അവരുടെ
മനസ്സിലേക്ക് ഇട്ടു കൊടുക്കേണ്ടത്‌?”
“അതെന്തിനാ
പള്ളീം അമ്പലോം പോളിയണ ഉദാഹരണം തന്നെ കൊടുക്കണ്?സൂക്ഷിച്ചോ,ഇങ്ങളൊരു
തീവ്രവാദിയാണെന്ന് അല്ലെങ്കിലേ സംസാരമുണ്ട്.അല്ലെങ്കിലും തകരണത് ഉദാഹരണം
കൊടുത്തിട്ട് വേണോ?ജെസിബി വന്ന മുതല് ഭൂമി തന്നെ തവിടുപൊടിയാകുന്നതല്ലേ അവരെന്നും
കാണുന്നത്.ഏതായാലും കരുതിക്കോ,ഇരുട്ടിലൂടൊക്കെ നടക്കുമ്പോ പിന്നിലൊരു വാള്‍ത്തല
എപ്പോഴും പ്രതീക്ഷിക്കണം.മനസ്സില്‍ നമുക്ക്‌, പലതും മുഷ്ടി ചുരുട്ടി ഉറക്കെ
പറയണമെന്നൊക്കെ തോന്നും.വിവേകി കൂടുതല്‍ ചിന്തിച്ച് കുറച്ചു വാക്കുകള്‍ മാത്രം
നാവിന് നല്‍കുന്നു.അളന്നു മുറിച്ച്,ആരെയും വ്രണപ്പെടുത്താതെ,എല്ലാവരെയും തൊട്ടു
തലോടി..”വേണു സാര്‍ അതൊന്നും കേട്ടില്ലെന്നു തോന്നി.സ്വപ്നാടനത്തിന്‍റെ
ഏണിപ്പടികള്‍ വീണ്ടും കയറവെ അയാള്‍ പിറുപിറുത്തു.”എല്ലാം തകരണം,എല്ലാ
വ്യവസ്ഥകളും,തകര്‍ച്ചകളില്‍ നിന്ന് മാത്രമേ പുതുരീതികള്‍ രൂപം കൊള്ളൂ.അവയുടെ
മേന്മകളോടൊപ്പം വൈരൂപ്യവും പ്രദര്‍ശിപ്പിക്കൂ.”വട്ട് കേസ്‌ തന്നെ,സത്താര്‍ അയാളെ
അവജ്ഞയോടെ നോക്കി.”പ്രശ്നങ്ങള്‍ വെറുതെ കുത്തിപ്പൊക്കണ്ട.പ്രത്യേകിച്ചും ഇതൊരു
സ്കൂളാ.സ്കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്നു എന്നാവും ന്യൂസ്‌ വരുന്നത്.”
“ങാ”-അയാള്‍
ഉദാസീനനായി മൂളി.എല്ലാവര്‍ക്കും ഒരു സംസാരവിഷയമാണയാള്‍.പാക്കനാരെപ്പോലെ ഒരു മുറം
വിറ്റ് ഒമ്പതും ഫ്രീ കൊടുക്കുന്ന പൊണ്ണന്‍.മൂപ്പരുടെ ക്ലാസിനുമുണ്ട് എല്ലാവര്‍ക്കും
വിമര്‍ശം.കോളേജ്‌ ലക്ചറെപ്പോലെ അങ്ങനെ പേമാരി പെയ്യും.കുട്ടികള്‍ അവരവരുടെ ഷുഅലിലായിരിക്കുകയും
ചെയ്യും.അയാളാകട്ടെ,വിചിത്ര രീതികളാല്‍ എല്ലാവരെയും എപ്പോഴും അമ്പരപ്പിച്ചു.ഒരു
സവാള മാത്രമാവും ഉച്ചഭക്ഷണം.ഊതി വിടുന്ന പുകയ്ക്കു കണക്കില്ല.പുകയാണെന്നു തോന്നും
പ്രധാന ആഹാരം.ജീവിതാനന്ദങ്ങളെക്കുറിച്ച്,വിശേഷിച്ചും സ്ത്രീ പുരുഷ
ബന്ദങ്ങളെക്കുറിച്ച് ചര്‍ച്ചയുണ്ടാവുമ്പോള്‍ അയാള്‍ വരമ്പുകള്‍ക്കപ്പുറം
മാറിയിരുന്നു.ആ സംസാരമത്രയും കൌതുകത്തോടെ വീക്ഷിച്ചു.”മടുപ്പാണ് വിഷയം”,പൊടുന്നനെ
ഒരു കല്ലെടുത്തിടുമ്പോലെ അയാള്‍ തുടങ്ങും.” എന്നെപ്പോലെ 40
കഴിയുമ്പോഴേ നിങ്ങള്‍ക്കത് ബോധ്യം വരൂ.ഈ മടുപ്പില്‍ നിന്നുള്ള രക്ഷപ്പെടല്‍
തന്നെയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നം.”

പിന്നേ,എന്തോന്ന്‍ മടുപ്പ്‌.ഇതൊക്കെ എന്നേ തേഞ്ഞു പോയ സാഹിത്യം ,പുതിയത്
വല്ലതുമുണ്ടേല്‍ പറ മാഷേ.”ചെറുപ്പക്കാരുടെ ചിരി കിലുങ്ങി വീണു.”അയാള്‍ ദീര്‍ഘമായി
ശ്വസിച്ചു,”അതിനു കാലദേശഭേദമില്ല,ലോകാവസാനം വരെ ആ മടുപ്പ്‌ നിലനില്‍ക്കും.”
“അതിനല്ലേ
മാഷേ മനുഷ്യര്‍ കമ്പ്യുട്ടറും ടി വിയും സിനിമയുമെല്ലാം കണ്ടെത്തിയത്‌.”-“ശരി
തന്നെ,പക്ഷെ അതില്‍ നിന്നെല്ലാം വിരമിക്കുമ്പോള്‍ വീണ്ടും മടുപ്പിന്‍റെ ശൂന്യത
നമ്മെ പൊതിയും,ഏകാന്തതയുടെ ആ മണല്‍പരപ്പില്‍ അലഞ്ഞു മടുത്താണ് പലരും ആത്മഹത്യയും
മറ്റും...”മറ്റൊരു ലോകത്തേക്ക്‌ പറന്നു പോയത്‌ പോലെ അയാളങ്ങനെ
ഇരിക്കും.”മാനസികത്തിനുള്ള ഗുളിക കഴിക്കുണുണ്ട് അയാള്”ഒരു ദിവസം സത്താര്‍ മാഷോട്
അങ്കലാപ്പോടെ രത്നറ്റീച്ചര്‍ പറഞ്ഞു.”അതിനെന്താ,നമ്മളെയൊന്നും ചെയ്യണില്ലാലോ”സത്താര്‍
നിസ്സാരമായി തല കുലുക്കി.”അല്ല ,കുട്ട്യോളെ എന്തേലും ചെയ്താലോ?ഇന്‍റെ കുട്ടി ഏഴ്എ
യിലാണല്ലോ.അയാള് എട്ക്ക്ണത് ഒന്നും മനസ്സിലാവില്ലാന്നു അവനെന്നും പറയും.ഞാന്‍
കംബ്ലെയിന്‍റ് കൊടുത്തിട്ടുണ്ട് എച്ചെമ്മിന്.എങ്ങനേലും ട്രാന്സ്ഫെര്‍
ചെയ്യിക്കാന്നാ സാറ് പറയണത്.”-“ഉം ഇതൊന്നും പുറത്തറിയണ്ട”.സത്താര്‍ മുഖം
കനപ്പിച്ചു.
.............................................................................................................................
ഒരിക്കല്‍
മുടങ്ങിപ്പോയ ഡിഗ്രിഎക്സാമിലെക്ക് പെട്ടെന്നൊരു ദിനം അയാളുടെ ശ്രദ്ധ പാറി
വീണു.ഒന്നൂടെ പരീക്ഷ എഴുതിക്കളയാം.ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ആ
പരീക്ഷാദിനം അയാള്‍ വീണ്ടും ഓര്‍ത്തു.ഒന്നാംചോദ്യത്തിന്
ഉത്തരമെഴുതുകയായിരുന്നു.പൊടുന്നനെ എഴുതുന്നതെല്ലാം
മാറിത്തുടങ്ങി.ചുമരുകളെല്ലാം ദൈവമില്ല
എന്നെഴുതാനാണ് ഞാനുപയോഗിക്കുക എന്നൊരു ഉദ്ധരണിയോടെ പേപ്പര്‍ നിറയാന്‍ തുടങ്ങി
,കുനുകുനാ അക്ഷരങ്ങളാല്‍ ആന്‍സ്വര്‍ ഷീറ്റ് ഒരു പ്രേതാലയമായി.ചോദ്യവുമായി
പുലബന്ധമില്ലാത്ത ഉത്തരങ്ങള്‍ .അല്ലെങ്കിലും അനുയോജ്യമായ ഉത്തരമെഴുതലാണോ
പരീക്ഷ.പരീക്ഷാജയമാണോ ജീവിതവിജയം.മൂന്നാല് ഷീറ്റുകള്‍ നിറഞ്ഞു കഴിഞ്ഞപ്പോള്‍
പെട്ടെന്ന് അയാളതെല്ലാം തുണ്ടം തുണ്ടമാക്കി കാറ്റിലേക്ക് ഊതിയെറിഞ്ഞു.സൂപ്പര്‍വൈസറടക്കം
എല്ലാവരും അന്തംവിട്ട്‌ നോക്കി നില്‍ക്കെ അയാളൊരു കൊടുങ്കാറ്റായി പുറത്തേക്ക്
കുതിച്ചു.അന്ന് തനിക്കെന്തു പറ്റിയതാണ്?തന്‍റെ തലച്ചോര്‍ ഒരു കടലാണ്.ഇടയ്ക്കിടെ
സുനാമി അതിനെ കടപുഴക്കി ഏറിയും.ഇപ്രാവശ്യം ഏതായാലും അങ്ങനെയൊന്നും സംഭവിക്കരുത്.ഡിഗ്രി
വെറുമൊരു ലേബലാണ്.ചിറകിലെ അലങ്കാരത്തൂവല്‍ പോലെ വെറുമൊരു ഭംഗി.എല്ലാവരും
ഉറങ്ങുമ്പോള്‍ അയാള്‍ ഒരു മുനിയെപ്പോലെ തന്‍റെ വായനാമുറിയില്‍ കഴിച്ചു
കൂട്ടി.ബോഡിഗാര്‍ഡുകളെപ്പോലെ അക്ഷരങ്ങള്‍ തനിക്ക്‌ കാവലിരിക്കുന്നു.ഒരു
തപസ്സായിരുന്നു അയാള്‍ക്ക് എന്നും പഠനം.താല്പര്യങ്ങള്‍ എന്നും മാറി മറിഞ്ഞെന്നു
മാത്രം.ഈയടുത്ത കാലം വരെ സാഹിത്യത്തിലായിരുന്നു കമ്പം.കഥയെഴുത്തും വിമര്‍ശനവും.പേരെടുത്തു
തുടങ്ങിയിരുന്നു.അപ്പോഴാണ്‌ കണക്കിലേക്കും സയിന്‍സിലേക്കും തല തിരിഞ്ഞത്.മാത്സില്‍
ഡിഗ്രിയെടുക്കണമെന്ന ആശയുണ്ടായത്.ഡിഗ്രികള്‍ വെറും കടലാസുകഷ്ണങ്ങള്‍.പ്രവൃത്തികളാണ്
മനുഷ്യനെ ഭ്രാന്തില്ലാതെ കൊണ്ട് നടത്തുന്നത്,അതു കൊണ്ടാണ് അവര്‍ പലതരം ഏര്‍പ്പാടുകളില്‍
ആണ്ട് മുങ്ങുന്നത്.മതിലുകളും വേലികളും കവച്ചു ചാടുന്ന ഒരു
ഭ്രാന്തനുണ്ടായിരുന്നു.ഇപ്പോഴത്തെ ജയില്‍ സമാനമായ മതിലുകള്‍ അയാള്‍ക്കെന്നും ഭീഷണി
തീര്‍ത്തു.വല്ല വീട്ടുവളപ്പിലുമാണ് ചാടിയെത്തിയതെങ്കില്‍ നായിക്കടിയും
മനുഷ്യക്കടിയും ഏല്‍ക്കേണ്ടി വരും.എന്നിട്ടും അയാള്‍ ഇത്തിരി മാത്രം
വിശ്രമിച്ചു.എന്തിനാ ഈ വെറും പണി?അടങ്ങിയിരുന്നൂടെ?ആരേലും ചോദിക്കും.”എന്താ
ചെയ്യാ?ഇപ്പണിയെടുക്കാനും വേണ്ടേ ഒരാള്‍?
..................................................................................................................
പരീക്ഷാഹാളില്‍
നിശബ്ദതക്ക് കുറവൊന്നുമില്ല.വലിയ ഗൌരവത്തില്‍ ഉത്തരമെഴുതുമ്പോഴാണ്-പലരും കയ്യില്‍
കരുതിയ സ്ലിപ്പുകളില്‍ നിന്ന് കൊപ്പിയടിക്കുന്നു.അഡീഷനല്‍ ഷീറ്റ് വാങ്ങാനെന്നോണം
അയാളെഴുന്നേറ്റു.സൂപ്പര്‍ വൈസര്‍ അടുത്തെത്തിയപ്പോള്‍ പതുക്കെ ചൂണ്ടിക്കാണിച്ചു
കൊടുത്തു.”സാരമില്ല” ,സൂപ്പര്‍വൈസര്‍ ശബ്ദം താഴ്ത്തി.”ഇതിലൊക്കെ ഇടപെടാതിരിക്കാ
നല്ലത്.വല്ല കൊമ്പത്തെ മക്കളുമാണെങ്കി വെറുതെ പുലിവാല് പിടിക്കേണ്ടി വരും.താനെന്തിനാ
മറ്റുള്ളോരുടെ കാര്യം നോക്കണേ?വേഗം എഴുതി സ്വന്തം പണി നോക്ക്”.അയാളുടെ കണ്ണുകള്‍
അഗ്നിയായി.ഒരു വാണം പോലെ അയാള്‍ പുറത്തേക്ക് കുതിച്ചു.
.............................................,,,,,,,,,,,,,,,,,,,,.......................................
സെന്‍റ്റ്റോഫ്
പാര്‍ട്ടിയായിരുന്നു.അയാള്‍ മറ്റൊരു സ്കൂളിലേക്ക് പോകുന്നതില്‍ എല്ലാവരും ഉള്ളാലെ
സന്തോഷിക്കുന്നുണ്ടെന്നു തോന്നി.ഒരുപാട് വിമര്‍ശിച്ചവരുണ്ടല്ലോ കൂട്ടത്തില്‍.എന്നാലും
യാത്രയയപ്പുയോഗങ്ങള്‍ പുകഴ്ത്തലുകളുടെ ജീര്‍ണരംഗങ്ങളാണ്.സീനിയര്‍അസിസ്റ്റന്‍ട്
പറയാന്‍ തുടങ്ങി.”വേണുവും ഞാനും അടുത്ത സുഹൃത്തുക്കളാണ്.ഒരു പച്ചമനുഷ്യന്‍,കള്ളവും
ചതിയും പൊറുക്കാന്‍ വയ്യാത്ത നേരിന്നുടമ.അതേതെങ്കിലും മതവിശ്വാസം
കൊണ്ടല്ല.വക്രതകള്‍ക്കിടയില്‍ അത്രയേറെ നേരുള്ളവര്‍ വഴിയറിയാതെ
വിഷമിക്കും.തിരക്കില്‍,ഒരുപാട് പേരുടെ പാദങ്ങല്‍ക്കടിയില്‍ ഞെരിയെണ്ടി വരും മൂപ്പര്‍ പരീക്ഷ എഴുതാതെ പോന്ന
സംഭവം ഇവിടെയൊക്കെ പാട്ടായതാണ്.പോണ്ണന്‍,ഒന്നിനും കൊള്ളാത്ത മൊയന്ത്‌,ഇതൊക്കെയാണ്
എല്ലാവരുടെയും പ്രതികരണം.ഞാനതിനെ അങ്ങനെയല്ല കാണുന്നത്.ഗൌരവം വേണ്ടുന്ന ഒന്നില്‍
അതിന്‍റെ സീരിയസ്നെസ്സ് ചോര്‍ത്തിക്കളയുന്ന ഒന്നിനോടും വേണുവിന് രാജിയാവാന്‍ വയ്യ.കള്ളങ്ങളോട്
ഇണങ്ങാത്ത മനസ്സ്‌.ആ മനസ്സ്‌ വേണുവിനെ കുടുക്കുകയില്ല എന്നാശിക്കാം.പക്ഷെ ഇത്തരം
ഒരു മനോനില ഇന്നത്തെക്കാലത്ത് ദുരിതങ്ങളല്ലാതെ നേടിത്തരില്ലാ എന്നും കൂട്ടത്തില്‍
പറയേണ്ടതുണ്ട്.എന്‍റെ സുഹൃത്തിനു എല്ലാ മംഗളങ്ങളും....”
അടുത്തതായി
പ്രസംഗിച്ചത് മുജീബ്‌ മാഷാണ്.-“പരീക്ഷയെഴുതാത്ത സംഭവം കേട്ട് എനിക്ക് സാറിനോട്‌
വലിയ സിമ്പതിയുണ്ട്.ചുറ്റും ചെന്നായ്ക്കള്‍ ഓരിയിടുമ്പോള്‍ ചെന്നായയാവാന്‍ വയ്യ
എന്ന പിന്‍മടക്കമല്ല ആട്ടിന്‍കുഞ്ഞിനു ഭൂഷണം,ആ ഓരികള്‍ക്കിടയില്‍ തന്‍റെ ഒച്ചയും കേള്‍പ്പിക്കാനുള്ള
പ്രയത്നമാണ്.സാറ് ഒരുപാട് പ്രതിഭയുള്ള ആളാണ്‌.അത് വെറുതെ കുടിച്ചും പുകച്ചും
നശിപ്പിക്കരുതെന്നാണ് എന്‍റെ അപേക്ഷ.സര്‍ഗാത്മകത ദൈവം ചിലര്‍ക്ക് മാത്രം
ഇട്ടുകൊടുക്കുന്ന അമൃതിന്‍ തുള്ളികളാണ്.കാലങ്ങളോളം അത് ലഭിച്ചവര്‍
മനുഷ്യസ്മരണകളില്‍ ജീവിക്കും.നിസംഗതയുടെ ഈ
പോങ്ങുതടിയില്‍ നിന്ന് കരക്ക് കയറി,ജീവിതവുമായി ഇടപഴകണം.നദിയുടെ സൗന്ദര്യവും
വൈരൂപ്യവും ദൂരെയിരുന്നു നോക്കുന്നതിനെക്കാള്‍
നല്ലതാണല്ലോ അതിലേക്കിറങ്ങി അതിന്‍റെ ആഴവും തണുപ്പും ചുഴികളും ഊഷ്മളതയും
അറിയുന്നത്.സാറിന് ഞാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.”മറുപടിപ്രസംഗത്തില്‍ അയാള്‍
ഇത്ര മാത്രം പറഞു.”എന്നെക്കുറിച്ച് ഒരുപക്ഷെ ആദ്യമായി കേള്‍ക്കുന്ന ഈ നല്ല
വാക്കുകള്‍ക്കെല്ലാം നന്ദി.”
വൈകുന്നേരം
–നിശബ്ദതയുടെ കതകുകള്‍ വീട് അയാള്‍ക്കായി തുറന്നു കൊടുത്തു.ഒന്ന് ചിരിക്കപോലും
ചെയ്യാതെ ഭാര്യ ദുര്‍മുഖവുമായി അടുക്കളയില്‍ നിന്നെത്തി നോക്കി.കുട്ടി പതുക്കെ ചിരിച്ചു.മൌനത്തിന്‍റെ
വീട്ടില്‍ കുഞ്ഞിനു കളിചിരിയില്ല.അയാള്‍ ടി വി വലിയ വോളിയത്തില്‍
തുറന്നുവെച്ചു.റിയാലിറ്റി ഷോകളുടെ പളപളപ്പുകള്‍,പൊങ്ങച്ചങ്ങള്‍,പൊള്ളയായ
പുകഴ്ത്തലുകള്‍....ശബ്ദങ്ങളുടെ ഉരുളന്‍കല്ലുകള്‍ വീഴുന്നത്തിനിടയിലും അയാള്‍ തന്‍റേതായ
ഏകാന്തലോകത്തേക്ക് സഞ്ചരിച്ചു.ശുഭ്രശൂന്യതയുടെ ഈ മഹാപരപ്പില്‍ നിന്ന് ഈ
ചോണനുറുമ്പ് എങ്ങനെ രക്ഷപ്പെടുമെന്ന് എന്നത്തേയുംപോലെ ഉത്കണ്ഠപ്പെട്ടു.പുറത്ത്‌
-ലോകം ഒരിക്കല്‍കൂടി മറ്റൊരു രാത്രിയെ പുണര്‍ന്നു.ഇരുളിന്‍റെ നിഗൂഡമായ പുതപ്പ്
എല്ലായിടത്തും നിവര്‍ന്നു.അതിന്‍റെ സുഖദമായ തണുപ്പിലേക്ക് എല്ലാവരും ചുരുണ്ടു.......

2011, ഡിസംബർ 10, ശനിയാഴ്‌ച

പീഡന മുറി



പീഡനമുറിയുടെ
കല്‍ച്ചുമരുകള്‍ എന്നെ തുറിച്ചുനോക്കി,വിലങ്ങുകള്‍ ഇറച്ചിയിലേക്ക്‌ ആഴ്ന്നു
തുടങ്ങി.മാസങ്ങളായി അവ കൈവളകളായിട്ട്.ഒരു നായക്കെന്നോണം എറിഞ്ഞു കിട്ടിയ ഭക്ഷണം
ഞാന്‍ നക്കിനക്കിത്തിന്നു.വെള്ളം കപ്പിക്കുടിച്ചു.ഏകാന്തതടവറയുടെ ഇരുണ്ട ചുമരുകളെ തുറിച്ചുനോക്കി
ഭ്രാന്തനായി ഞാനങ്ങോട്ടുമിങ്ങോട്ടും നടന്നു.തിന്നാന്‍വരുന്ന രക്ഷസനായ
ഏകാന്തത...നാളെ കോടതിയില്‍ ഹാജരാക്കുമത്രെ,അതുകൊണ്ടാവും കീറി നാറിയ ദേഹത്തെ അവര്‍
വെള്ളം ചീറ്റി കുതിര്‍ത്തത്.അപ്പോഴും വിലങ്ങഴിച്ചില്ല.അതിശക്തമായി വെള്ളം മേലേക്ക്
ചീറ്റിയപ്പോള്‍ ഞാന്‍ തെരുവ്നായയെപ്പോലെ മോങ്ങി,അവര്‍ ആര്‍ത്തുചിരിച്ചു..സ്വന്തം
ശരീരം എന്നേ എന്‍റെതല്ലാതായി.ഭക്ഷണം,വെള്ളം അങ്ങനെ ആനന്ദവും ആശ്വാസവുമാകുന്ന
എന്തും പീഡനഅറയില്‍ വ്യസനഹേതുവാണ്.ദാഹം മാറ്റാന്‍ തിളച്ച വെള്ളം,വിശപ്പകറ്റാന്‍
പുളിച്ച ഭക്ഷണം,പശിയും ദാഹവും ഒരു മനുഷ്യന്‍റെ ആത്മാഭിമാനത്തെ അടിയോടെ
തുരന്നെടുക്കും.അവയുടെ കൊടുമുടിയില്‍ നമ്മളെത് മലവും ഭക്ഷിക്കും,ഏതു മൂത്രവും
കുടിക്കും.
ഷൂ
കൊണ്ട് മേലാകെ ചവിട്ടിയരച്ച് ഇന്‍സ്പെക്ടര്‍ അട്ടഹസിച്ചു,”എവിടുന്നാടാ നായേ നീ
ബോംബുണ്ടാക്കുന്നത്?ആരെടാ നിന്‍റെ കൂട്ടാളികള്‍?”ഇരുമ്പുലക്ക മാംസപേശികളെ
ഞെരിച്ചൊടിച്ചു,നിമിഷങ്ങള്‍ക്കകം ഞാനൊരു കലങ്ങിയ ദ്രാവകമായി.അന്ധമാക്കുന്ന
തീവ്രപ്രകാശത്താല്‍ കണ്ണീരുപോലും വറ്റി.ആ കഠിനവെളിച്ചത്തിലും ഇരുളിന്‍റെ ഭീമന്‍
സത്വങ്ങള്‍ എന്നെ തലങ്ങും വിലങ്ങും ഇടിച്ചു.ആ പേപ്പറുകളില്‍ ഒപ്പിട്ടാല്‍,കോടതിയില്‍
എല്ലാം സമ്മതിച്ചാല്‍..”എങ്കില്‍ നിനക്ക് രക്ഷപ്പെടാം,ഇല്ലെങ്കില്‍ ഓരോ
മിനിറ്റിലും മരിച്ചുകൊണ്ടിരിക്കാം...ഓര്‍മ വച്ചോളൂ.”ഡി ഐ ജി പുഴുപ്പല്ലുകള്‍
കാട്ടി മൂക്രയിട്ടു.ആദ്യമായി കോടതിയിലെത്തിയപ്പോഴാണ് ഞാന്‍ ഞെട്ടിപ്പോയത്.അത് അതേ
സ്ഥലം തന്നെയായിരുന്നു,തുറുകണ്ണുകളുള്ള പീഡനഅറ.ഏറ്റവും വലിയ പീഡകര്‍
ജഡ്ജിക്കസേരയിലിരുന്ന്‍ പല്ലിളിക്കുന്നു!ഭേദ്യങ്ങളുടെ അടുത്ത എപ്പിസോഡിനായി എന്നെ
വീണ്ടും കസ്റ്റഡിയില്‍ വിട്ടു.
ജീവിതമരത്തില്‍ വ്യസനവും
അത്ഭുതവുമാണ് മാറിമാറി കായ്ക്കുന്നത്.സത്യം പഴന്തുണിചുറ്റി ഭിക്ഷ യാചിച്ചു,പേപ്പറിലെല്ലാം
ഞാന്‍ കൊടുംഭീകരനാണത്രെ! പാറക്കെട്ടുകള്‍ എത്ര കയറിയിറങ്ങി പാവം അബ്ബ,എന്നെ
കാണാനുള്ള വെറും അഞ്ചു മിനുട്ടിന്.അങ്ങനെ ഏകാന്തതടവറയിലെ അത്ഭുതജീവി യുഗങ്ങള്‍ക്കുശേഷം
പുറംലോകം കണ്ടു.ജയിലിലെത്തുന്നതോടെ നമ്മള്‍ വേരുകളില്ലാത്തവരാകും,വെറും പടുമുളകള്‍.എന്നെ
പിടിച്ചുകൊണ്ടു പോയ അന്നുമുതല്‍ കിടപ്പിലായ അമ്മ മരിച്ചു.എന്നിട്ടും പുറംവെളിച്ചം
എന്നെ നിരസിച്ചു.സൂര്യന്‍ പകയോടെ എന്‍റെ സെല്ലിനുമുകളില്‍
കത്തിജ്ജ്വലിച്ചതിനാലാവാം ഞാന്‍ ഉരുകിത്തിളച്ചു.അമ്മയെക്കുറിച്ച ഓര്‍മകളില്‍
വെന്തു.ഒരു ചോണനുറുമ്പിനെ ചവിട്ടിയരച്ചതിനു പിച്ചിതിണര്‍പ്പിച്ചു ഒരിക്കല്‍
അമ്മ.അന്നു മുതല്‍ തുടങ്ങിയ നല്ല നടപ്പാണ്.എന്നിട്ടും കല്‍ത്തുറുങ്കിന്‍റെ
വായ്ക്കുള്ളില്‍ ചതഞ്ഞരയാനായിരുന്നു വിധി.എത്രയെത്ര കൊടുംകുറ്റവാളികള്‍ നമ്മെ
ഭരിച്ചുകൊണ്ടിരിക്കുന്നു.പുഞ്ചിരിയില്‍ മുഖം മറച്ച് സ്വതന്ത്രരായി
പരിലസിക്കുന്നു.അതിലൊന്നും പങ്കുകൊള്ളാതിരുന്നിട്ടും കൊടും ഭീകരന്‍റെ കറുത്ത
കുപ്പായമിതാ എന്‍റെ തലയ്ക്കുമുകളിലും.അമ്പതു പേര്‍ മരിച്ച ബോംബ്‌സ്‌ഫോടനത്തിന്‍റെ
സൂത്രധാരന്‍ ഞാനാണത്രെ.നിയമസഭാ മന്ദിരത്തില്‍ ബോംബ്‌ വെക്കാന്‍
ശ്രമിച്ചു,കിലോകണക്കിനു സ്ഫോടനവസ്തുക്കള്‍ വീടിനടുത്ത് ഒളിപ്പിച്ച നിലയില്‍
കണ്ടെത്തി..എന്നെങ്കിലും പുറംലോകം കാണാന്‍ യോഗമുണ്ടെങ്കില്‍
നിറവേറണമെന്നാഗ്രഹിക്കുന്ന കാര്യങ്ങള്‍ ഇത്രയുമാണ്;ഒരു പടക്കനിര്‍മാണ ശാലയെങ്കിലും
സന്ദര്‍ശിക്കണം,സ്ഫോടനവസ്തുക്കളുടെ അടിസ്ഥാന ചേരുവയെങ്കിലും
മനസ്സിലാക്കണം,എങ്കിലല്ലേ ഒരു പടക്കശാലയെങ്കിലും തട്ടിക്കൂട്ടാനാകൂ.ഈ ഭേദ്യങ്ങല്‍ക്കെല്ലാം
പ്രായശ്ചിത്തമായി എന്നെത്തന്നെ അതിനുള്ളിലിട്ടു ചുട്ടെരിക്കാനാകൂ!