Pages

2012, ജനുവരി 18, ബുധനാഴ്‌ച

ചങ്ങാതീ നീ എവിടെയാണ്



അടുപ്പും ദ്വീപുമാണ് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ
ഉപമ.അന്ന് നീ പറഞ്ഞത് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും ഓര്‍മിച്ചു പോകുന്നു.ഇപ്പോള്‍
നീ എവിടെയായിരിക്കും?വേസ്റ്റുകള്‍ക്കിടയില്‍ ചവറുപോലുള്ള ജീവിതത്തിന്‍റെ മുടിഞ്ഞ
ക്ലേശങ്ങള്‍ക്കിടെ,ഞളുങ്ങിപ്പൊട്ടിയ സാധനങ്ങള്‍ തരംതിരിക്കെ,പിന്നെയും നീ
തത്വചിന്ത തുടങ്ങി-അയയിലെ ഉണക്കാനിട്ട പാവാട പോലെ പാറിക്കൊണ്ടിരിക്കാ ജീവിതം.പറ്റെ
ഉണങ്ങി,എപ്പഴാ കൈവിട്ട്‌ പറക്കാന്ന്‍ ആര്‍ക്കറിയാം.നിന്‍റെ വാക്കുകസര്‍ത്തിനു
എന്നെപ്പോലെ മറ്റാരെ കിട്ടാന്‍ ശ്രോതാവായി.തെരുവിലൂടെ നടന്നു തീര്‍ത്ത മുഷിഞ്ഞു
ചുളുങ്ങിയ ബാല്യം മുതല്‍ അവശിഷ്ടങ്ങളുടെ പങ്കുവെപ്പിലൂടെ തുടര്‍ന്ന നമ്മുടെ
സൗഹൃദം...നീ ഇപ്പോഴെവിടെയാണ്?അസൂയയും അതിശയവും ജനിപ്പിച്ചേക്കാവുന്ന എന്‍റെ
സുഖജീവിതം നീ കണ്ടിരുന്നെങ്കില്‍!പതുപതുത്ത മെത്ത തൊട്ടുനോക്കി നീ മുഖം
ചുളിച്ചേക്കും.വിശാലമായ തളങ്ങളിലൂടെ,തണുപ്പുറങ്ങുന്ന മുറികളിലൂടെ നടക്കുമ്പോള്‍ നീ
വിസ്മയിച്ചേക്കും;”എങ്ങനെ അലാവുദ്ദീന്‍റെ അത്ഭുതവിളക്ക് നിനക്കും കിട്ടിയോ?”നീ
ചോദിക്കുമായിരിക്കും.പക്ഷേ,അടുപ്പും ദ്വീപും-ജീവിതം അത് മാത്രമാണെന്ന് എനിക്കും
തോന്നുന്നു.ചുറ്റും ആരൊക്കെയോ വിറകിട്ടു കത്തിക്കുന്നുണ്ടെന്ന്,ദേഹം എപ്പോഴും വെന്തുകൊണ്ടിരിക്കയാണെന്ന്...എപ്പോഴും
ചൂടും പുകയും.........അസ്വസ്ഥതയോടെ മുറികളിലൂടെ ഉലാത്തുമ്പോഴെല്ലാം നമ്മള്‍
ഏകാന്തതയുടെ വാര്‍ധകദ്വീപിലേക്ക് തോണി തുഴയുന്ന വെറും സഞ്ചാരികളാണെന്ന് നീ പറഞ്ഞത്
ഞാന്‍ വീണ്ടും ഓര്‍ക്കുന്നു.പ്രതിഭയുടെ കനല്‍ തിളങ്ങുന്ന നിന്‍റെ കണ്ണുകളിലേക്ക്
പെയ്തിറങ്ങുന്ന ഊഷരമായ കാഴ്ചകളെ പകര്‍ത്താന്‍ നിനക്കക്ഷരം അറിഞ്ഞിരുന്നെങ്കില്‍!
അന്ന്-പാലത്തിനു ചുവട്ടില്‍ ഉറങ്ങാന്‍ വട്ടം കൂട്ടെ
ഒരാളെന്നെ വിളിച്ചുകൊണ്ട് പോയത് നീയോര്‍ക്കുന്നില്ലേ?പോലീസാണെന്ന് കരുതി വിറച്ച്
വിറച്ച് ഞാന്‍...ഒരുപാട് ദൂരെ മരച്ചുവട്ടില്‍ താടിക്കാരനായ ഒരാള്‍,ചുറ്റും
തടിമാടന്മാരായ പലര്‍..ഒരു പൊതിക്കെട്ട് കാണിച്ച് താടിക്കാരന്‍ വില പേശാന്‍
തുടങ്ങി.”എടൊ,പറയുന്ന പോലെ ചെയ്‌താല്‍ നിന്‍റെയീ എച്ചില്‍ജീവിതത്തില്‍ നിന്ന്
എന്നേക്കുമായി രക്ഷപ്പെടാം.അല്ലെങ്കില്‍ ഒറ്റൊന്നില്ലാതെ തെണ്ടിക്കൂട്ടത്തെ ഭസ്മമാക്കാന്‍
ഇത് തന്നെ മതി.”പിറ്റേന്ന് മാര്‍ക്കറ്റില്‍ സ്ഫോടനം നടന്നെന്നും പത്തുപതിനഞ്ചു
പേര്‍ പാതി വെന്തു മരിച്ചെന്നും പലരുടേയും കയ്യും കാലും കറുത്ത് കരുവാളിച്ചെന്നും
പല നാവുകളിലൂടെ കെട്ടുപൊട്ടിച്ചിട്ടും ആദ്യമായി കാണുന്ന നോട്ടുകളുടെ ചുളിവില്ലാത്ത
വൃത്തിയില്‍ നോക്കി നോക്കി ഞാന്‍ നിര്‍വൃതി കൊണ്ടു.പിന്നെ പണം
ഓവുചാലിലൂടെയെന്നവണ്ണം ഒലിച്ചെത്തി.കൂടെയെത്തിയ വിലാപങ്ങള്‍ കട്ടച്ചളിയായി ദൂരേക്കെവിടേക്കോ...അകത്തായാലും
രക്ഷിക്കാനാളുണ്ട്.എന്നിട്ടും ഈയിടെയായി നിന്‍റെ വാക്കുകള്‍.....കുറ്റബോധത്തിന്‍റെ
കല്‍ച്ചീളുകളാണോ മനസ്സിലിങ്ങനെ
ഉരയുന്നത്?കറുത്ത് മുഷിഞ്ഞ,ദുര്‍ഗന്ധം നിറഞ്ഞ അക്കാലത്ത് നമുക്ക് നമ്മുടെ ചിരിയുടെ
വെളുപ്പ്‌ നഷ്ടപ്പെട്ടിരുന്നില്ല.ഇന്ന്–പല്ല് സിഗരറ്റ്കറയാല്‍ കറുത്ത്
പുകഞ്ഞിരിക്കുന്നു.പോരാത്തതിന് ഒരു കാട്ടാളന്‍റെ രൂപത്തിലേക്ക് ദിനേന മുഖം
കൂപ്പുകുത്തുന്നുണ്ട്.ഇതെല്ലാം കണ്ണാടി നോക്കുമ്പോഴുള്ള എന്‍റെ
സംശയങ്ങളാണെന്നായിരുന്നു ധാരണ.എന്നാല്‍ റോസ കിട്ടാവുന്നേടത്തോളം പണവും സ്വര്‍ണവുമായി
മറ്റൊരാളുടെ കൂടെ ഒളിച്ചോടിയപ്പോള്‍ എനിക്ക് തോന്നാന്‍ തുടങ്ങി;ഒരു കാട്ടാളന്‍റെ
മുഖം എന്നിലേക്ക് കുടിയേറുന്നുണ്ടെന്ന്...മയക്കുമരുന്നിന്‍റെ സ്വര്‍ഗത്തിലാണ്
മക്കളിലൊരുത്തന്‍.മറ്റവള്‍ പ്രണയം നേരമ്പോക്കാക്കിയവള്‍,ഉടുപ്പൂരുംപോലെയാണ് പുതിയ
പുതിയ ബന്ധങ്ങള്‍.തണുപ്പുറഞ്ഞ ഈ മുറിയില്‍ ഇരിക്കുമ്പോഴെല്ലാം ഭൂതകാലം ഒരു
വേട്ടപ്പക്ഷിയായി പിന്നില്‍ ചിറകടിക്കും.വേണ്ടിയിരുന്നില്ല,ഈ പുരോഗതി.പണ്ടത്തെ
ചിരിയും സന്തോഷവും ഒരിക്കലെങ്കിലും അനുഭവിക്കാനായെങ്കില്‍!
ദീപിലേക്ക് കപ്പല്‍ അടുത്തു തുടങ്ങി.ഏകാന്തവാസത്തിനുള്ള
പരിമിതമായ കോപ്പുകളുമായി..ഇനി ചുറ്റും അലച്ചാര്‍ക്കുന്ന വെള്ളത്തിലേക്ക് നോക്കി
ശിഷ്ടകാലം കഴിക്കണം.വേണ്ടുമ്പോള്‍ മുങ്ങിച്ചാകുകയുമാകാം.ദ്വീപിലേക്ക് കാലുവെക്കും
മുമ്പ്‌ എനിക്ക് നിന്നെയൊന്നു കാണണമായിരുന്നു.നിനക്കിഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം
വാങ്ങിത്തന്ന്,സുഗന്ധമുള്ള പുതുവസ്ത്രങ്ങള്‍ നിന്നെ അണിയിച്ച്..നമുക്ക് രണ്ടുപേര്‍ക്കും
ഈ ദ്വീപുവാസം ഒരാഘോഷമാക്കാമായിരുന്നു.അതിനെന്‍റെ ചങ്ങാതീ
നീയെവിടെയാണ്?ദ്വീപിലേക്കെത്തുംമുമ്പേ നീ തുഴയുപേക്ഷിച്ചോ?നൈരന്തര്യത്തിന്‍റെ ഈ
വ്യര്‍ത്ഥയാത്രയിലേക്ക് നിന്‍റെ പരിഹാസച്ചിരി സോപ്പുകുമിളകളായി പൊടിഞ്ഞു ചേര്‍ന്നിരിക്കാം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ