Pages

2012, ജൂൺ 27, ബുധനാഴ്‌ച


ക്യാസറ്റുകള്‍        കഥ

പഴയ തറവാടിന്‍റെ തൊടിയില്‍,പുതിയ വീട്ടുകാരാകണം-ഉപേക്ഷിച്ച കുറെ ക്യാസറ്റുകളുമായി അനിയന്‍ ഒരു ദിവസം വന്നു പറഞ്ഞു;നോക്ക് നല്ല ടിഡികെ ക്യാസറ്റുകളാ.കൂട്ടിലായതോണ്ട് കേടൊന്നും പറ്റിക്കാണില്ല.ഇട്ടു നോക്ക് പഴയ പാട്ടുകളാവും.”പഴയ പാട്ടുകളോടുള്ള എന്‍റെ ഭ്രമം അവനും അറിയാം.രണ്ടു മാസത്തോളം അതിന്‍റെ ചില്ലുകൂടുകള്‍ കുട്ടികള്‍ക്ക് കളിക്കോപ്പായി.നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്നു വീഴുന്ന അതിന്‍റെ ടപ്പേ ശബ്ദമാണ് അവരെ ആകര്‍ഷിച്ചത്.ഒരു രാത്രി-വിഷാദവിഷം കുത്തിക്കയറ്റുന്ന സിറിഞ്ചുകളുമായി ഏകാന്തതയുടെ കൊതുകുകള്‍ എനിക്ക് ചുറ്റും മ്..എന്ന് മൂളാന്‍ തുടങ്ങിയപ്പോള്‍ വെറുതെ ആ ക്യാസറ്റുകള്‍ ഇട്ടു നോക്കി.അന്തം വിട്ടുപോയി!”ചൈത്രം ചായം ചാലിച്ചു..പാടുവാനായ്‌ വന്നു നിന്‍റെ പടിവാതില്‍ക്കല്‍..തൊഴുതു മടങ്ങും സന്ധ്യയുമേതോ..ആത്മാവില്‍ എന്നെന്നും കൊളുത്തി വെച്ച ചെരാതുകളായ  അനശ്വര ഗാനങ്ങള്‍!ആര്‍ക്കാണവ മണ്ണിലേക്ക് വലിച്ചെറിയാന്‍ ധൈര്യം വന്നത്?പുതിയ പുതിയ യന്ത്രങ്ങളുടെ കടന്നുകയറ്റത്തില്‍ ടേപ്പ്‌റെക്കോര്‍ഡര്‍ എന്നേ വീടിന്‍റെ മാറാല പിടിച്ച അട്ടങ്ങളിലേക്ക് വിട വാങ്ങിയെങ്കിലും..ആരോ തല്ലിയപോലെ നൊമ്പരം എന്നെ അടിമുടി ഉലച്ചു.

ഞങ്ങളുടെയാ പഴയ തറവാട് അനേകം തൊടികള്‍ നടന്നും കയറിയും എത്തേണ്ട ഒരു കയറ്റത്തിലായിരുന്നു.ആരോ വളരെ മുമ്പ്‌ ഒരു കുന്നിനെ ഇടിച്ചിടിച്ച് തോടികളാക്കിയതാണോ എന്തോ.അക്കാലം ജെസിബിയുടെതല്ലാത്തതിനാല്‍ അതിനുള്ള സാധ്യതയില്ല.ബാല്യത്തിന്‍റെ കൌതുകച്ചെപ്പുകളത്രയും ആ വീടാണ് ഏറ്റു വാങ്ങിയത്.വലിയവരുടെ ആക്രോശങ്ങളില്‍ ഭയന്ന് വിറക്കുമ്പോള്‍ ആ വേദനയും ഏറ്റു വാങ്ങിയത് ആ വീടിന്‍റെ വയസ്സന്‍ കൈകളാണ്.അവിടവിടെ അടര്‍ന്ന മണ്‍നിലത്ത് ഞാഞ്ഞൂലുകള്‍ ഇടയ്ക്കിടെ തല പൊന്തിച്ചു.ഇളകുന്ന മരക്കോണി കുരുടീസു പാകിയ വലിയൊരു ഹാളായ മാളികയിലേക്ക് ഇടറിക്കൊണ്ട് എല്ലാവരെയും എത്തിച്ചു.സാധനങ്ങള്‍ സൂക്ഷിക്കുന്ന കുണ്ടമുറി ഒളിച്ചു കളിക്കുമ്പോള്‍ നല്ലൊരു ഒളിസങ്കേതമായി.നടന്നാല്‍ തീരാത്ത പറമ്പുകളും കുന്നുകളും എന്നും വിസ്മയച്ചെപ്പുകള്‍ തുറന്നുവെച്ചു.”ഇരട്ടക്കുന്നില്‍ ചുടലയുണ്ട്.അങ്ങോട്ട്‌ പോകരുത്”-മുതിര്‍ന്നവരുടെ ശാസനകള്‍ അവരുടെ അസാന്നിധ്യത്തില്‍ എറിഞ്ഞു കളയാനുള്ള ചരല്‍കല്ലുകളായി.പറങ്കിമാവിന്‍റെ മുകളില്‍ നിന്ന് ശറേന്നു ഉരസിയിറങ്ങി മേലാകെ മുറിഞ്ഞാണ് ഒരു ദിവസം ഇക്കാക്ക കുന്ന് ഓടിയിറങ്ങിയത്.പിന്നാലെ അനുയായികളായി ഞങ്ങളും,നാവു നീട്ടിയ ഒരു കറുത്ത നായയെ കണ്ടതായിരുന്നു കാരണം.ചുടലപ്പറമ്പില്‍ നിന്നിറങ്ങി വരുന്ന പ്രേതമാണതെന്ന് ഞങ്ങള്‍ കണിശമായും ഉറപ്പിച്ചു.പറമ്പില്‍ ചിലയിടങ്ങളില്‍ ഉറക്കെ ചവിട്ടിയാല്‍ ഡുംഡും ഒച്ച കേള്‍ക്കാം,നിധിയുള്ളതോണ്ടാ,മുതിര്‍ന്നവര്‍ പറഞ്ഞു.ദാരിദ്ര്യത്തിന്‍റെ വ്യാധി എങ്ങും പടര്‍ന്നുപിടിച്ച അക്കാലത്ത്‌ നിധി ഏറ്റവും വലിയ പ്രലോഭനം തന്നെയായിരുന്നു.

പിന്നീട് തുണ്ടംതുണ്ടമായി വീതിക്കപ്പെട്ട ആ പറമ്പുകളെ ജെസിബിയുടെ ഇരുമ്പുകൈകള്‍ മാന്തിപ്പറിച്ചു.തെങ്ങുകള്‍,പാറകള്‍,മരങ്ങള്‍ എല്ലാം പഞ്ഞിക്കഷ്ണങ്ങള്‍പോലെ തൂത്തെറിയപ്പെട്ടു.ഇരട്ടക്കുന്നിലെ ചുടല താഴേക്കിറങ്ങി വന്നത്പോലെ ഒരു പെരുംശൂന്യത പിന്നെ അവിടെയാകെ വ്യാപിച്ചു.പുതിയ വീടുകള്‍ അടഞ്ഞ വാതിലുകളുമായി ആ നിരന്ന സ്ഥലങ്ങളില്‍ സ്ഥാനംപിടിച്ചു.അങ്ങനെ ഒരു വീട്ടില്‍ നിന്നാവും ബാക്കിയായ ഞങ്ങളുടെ തൊടിയിലേക്ക് ഈ ക്യാസറ്റുകള്‍ നിഷ്കരുണം വലിച്ചെറിയപ്പെട്ടത്‌.പുതിയ വീടുകളില്‍ ശല്യങ്ങളായിത്തീര്‍ന്ന ഈ പഴയ സാധനങ്ങള്‍..ആരായിരിക്കും അതുവാങ്ങിയിരിക്കുക?മെക്ക എന്ന സീല്‍ കാണുന്നത്കൊണ്ട് ആളൊരു ഗള്‍ഫ്‌കാരനാവും.അല്ലെങ്കില്‍ ഒരു പ്രവാസി കൊടുത്തയച്ചതാവും.ആള്‍ സഹൃദയനായിരിക്കും.ഒരുദിവസം-ചിന്തകളുടെ വേലിയേറ്റത്തില്‍ ഒരു പൊങ്ങുതടി പോലെ കേറിയും മറിഞ്ഞും നീങ്ങവെ കേട്ടു മറ്റൊരു ന്യുസ്;പഴയൊരു പരിചയക്കാരിയായിരുന്നു ആ വാര്‍ത്താവാഹക.പുതിയ വീട്ടുകാരെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ ഒരു കഥയുടെ വെറ്റിലച്ചെല്ലം തുറന്നു.”കൊണ്ടോട്ടീന്നു വന്നോരാ”

“എന്തേ ഓലവിടുന്ന്‍ പോന്നു?”-ജിജ്ഞാസ മുഴുവന്‍ ക്യാസറ്റിനെക്കുറിച്ചായിരുന്നു.”ആ,ആര്‍ക്കറ്യാ.സുഖല്ലാത്ത ഒരുപെങ്ങള് ഓനുണ്ടായ്നി.മാപ്പള ഗള്‍ഫ്‌ന്ന് മരിച്ചപ്പം മൊതല് തൊടങ്ങ്യതാണെലോ മനസ്ന്‍റെ സൂക്കട്‌.അപ്പെണ്ണിനു എന്തോ ഉദ്യോഗൊക്കെ ഒണ്ടാര്‍ന്നു.അയ്ന്‍റെ മവ്ത്ത് കയിഞ്ഞപ്പളാ ഓല് ഇങ്ങട്ട് പോന്നത്.മൂന്നാല് കൊല്ലം വല്ലാത്ത മുസീബത്തെയ്നീന്ന് അപ്പെരക്കാരത്തി എപ്പളും പറയും.ശ്ലഥമായിരുന്ന എന്‍റെ സങ്കല്പ്പചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ചോരയിറ്റുന്ന ഒരു മുഖം,ശരീരം എല്ലാം കൈവന്നു.ആത്മാവുകള്‍ കൊരുത്ത ഒരു സ്നേഹത്തിന്‍റെ പൊന്‍നൂല്‍ എന്‍റെ മുന്നില്‍ ദുര്‍ബലമായി ആടി.സ്വര്‍ണമായാലും അതേതുനിമിഷവും അറ്റുവീണേക്കും.നശ്വരലോകത്തെ ബന്ധങ്ങളുടെ സ്വഭാവമാണത്.എന്നും പാട്ടുകേട്ടിരുന്ന ആ പെണ്‍കുട്ടി അലറി വിളിക്കുന്നത്‌,പൊട്ടിച്ചിരിക്കുന്നത്,എല്ലാം ഓര്‍ത്ത്‌ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.ജീവിതമെന്ന ഈ മുഴുത്ത നെല്ലിക്കയില്‍ ഏതാണ് കൂടുതല്‍;കയ്പോ,ചവര്‍പ്പോ മധുരമോ?ക്യാസറ്റുകള്‍ പിന്നീട് സ്പര്‍ശിച്ചപ്പോഴൊക്കെ ഒരു സങ്കടക്കിളി എന്‍റെ നെഞ്ച് കൊത്തിപ്പറിച്ചു.ചിറകുലച്ച്,അത് ഏതുനേരവും നിലവിളിച്ചുകൊണ്ടിരുന്നു...               

2012, ജൂൺ 10, ഞായറാഴ്‌ച


ഒരു നര്‍ത്തകിയുടെ ജീവിതം    കഥ

നര്‍ത്തകി ഓരോ അരങ്ങിലും താന്‍ ആടിത്തീര്‍ത്ത വേഷങ്ങളെക്കുറിച്ചു ഇടയ്ക്കിടെ ആലോചിക്കും.കൊയ്ത്തുകാരിയായി,മുക്കുവത്തിയായി,തെരുവുപെണ്ണായി,പൂക്കാരിയായി..വേഷങ്ങളുടെ ആ നരച്ച നിറങ്ങളുമായി തനിക്കൊരു തരിപോലും ബന്ധവുമില്ല.ഒരിക്കല്‍ പോലും പാടത്ത് പോവുകയോ നെല്‍കൃഷി കാണുകയോ ചെയ്തിട്ടില്ല.പാഠപുസ്തകങ്ങളില്‍ നിന്ന് ചില കൊയ്ത്തുപാട്ടുകള്‍ പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു.ഒരിക്കലും ഒരു മുക്കുവക്കുടില്‍ കണ്ടിട്ടില്ല.അവരുടെ വേദനകള്‍ തൊട്ടറിഞ്ഞിട്ടില്ല.ഫ്ലാറ്റില്‍ ഫോം ബെഡില്‍ കിടന്നുറങ്ങുന്ന അവള്‍ക്ക് ഒരിക്കലും ഒരു തെരുവുപെണ്ണിന്‍റെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലേണ്ട ആവശ്യമുണ്ടായിട്ടില്ല.എന്നിട്ടും ആടിത്തീര്‍ത്ത വേഷങ്ങളിലെല്ലാം അവള്‍ ആ കഥാപാത്രം തന്നെയാണെന്നു എല്ലാവര്‍ക്കും തോന്നി.ഉല്ലാസപ്പാര്‍ക്കുകളിലെ കെട്ടി നിര്‍ത്തിയ നീലജലം പോലെയാണ് തന്‍റെ ജീവിതം,അവള്‍ ആലോചിക്കും.പലരും അതിലിറങ്ങി ആനന്ദിക്കുന്നു.ആര്‍പ്പുവിളികളും പൊട്ടിച്ചിരികളും മാത്രം തന്‍റെ ചുറ്റും എപ്പോഴും മുഴങ്ങുന്നു.ഈ ദരിദ്രജീവിതങ്ങള്‍ ആടാന്‍ തനിക്കെന്തു യോഗ്യത?ഒരു നേരം പോലും അവരുടെ കണ്ണീരിന്‍റെ ഉപ്പറിഞ്ഞിട്ടില്ലാത്ത തനിക്ക് അവരുടെ വ്യസനങ്ങളെ പൊലിപ്പിച്ചു കാണിച്ചു കാശു വാങ്ങാനെന്തര്‍ഹത?

വേദനയുടെ കൊടുങ്കാട്ടിലേക്ക് ഒരു കാര്യവുമില്ലാതെ അങ്ങനെയാണവള്‍ ജീവിതത്തെ വലിച്ചെറിഞ്ഞത്.നൃത്തം ഉപേക്ഷിക്കയാണെന്നറിഞ്ഞ്,സമ്പാദ്യം പാവങ്ങള്‍ക്കായ്‌ ചെലവഴിക്കയാണെന്നറിഞ്ഞ്,അമ്മ പൊട്ടിത്തെറിച്ചു.അച്ഛന്‍ പോലുമില്ലാത്ത അവളെ എത്ര കഷ്ടപ്പെട്ടാണ് വളര്‍ത്തിയതെന്ന് വിലപിച്ചു.സമയാസമയങ്ങളില്‍ ലഭിച്ചിരുന്ന മുന്തിയ ഭക്ഷണം,രാജകുമാരിയെന്നോണമുള്ള പരിചരണം,എല്ലാം ഉപേക്ഷിച്ച് അവള്‍ തെരുവിന്‍റെ ചൂടിലേക്കും ചെളിയിലേക്കും സിദ്ധാര്‍ഥനെപ്പോലെ ഇറങ്ങി.താന്‍ ആടിത്തീര്‍ത്ത ഒരു ജീവിതമെങ്കിലും നേരില്‍ കാണണം.ഒരാളുടെ വിഷമമെങ്കിലും തീര്‍ത്തുകൊടുക്കണം.

അനന്തരം     

അവള്‍ ഒരു പിച്ചക്കാരിയെ കണ്ടു.താനന്നു അണിഞ്ഞത് പോലെ കീറിപ്പറിഞ്ഞ വേഷം,മുഖത്ത് അനേകനാളത്തെ അഴുക്ക്,വരണ്ട തൊലിയിലെ വിണ്ടു കിടക്കുന്ന ഈ ചുളിവുകള്‍, കണ്ണുകളില്‍ നിന്ന് തെന്നി വീഴുന്ന ഈ മരവിപ്പിക്കുന്ന  നിസ്സംഗത ,അതൊന്നും ഇത്രേം ഒരിജിനലായിരുന്നില്ല.”അമ്മേ”-അവള്‍ അവരെ തോണ്ടി വിളിച്ചു.അവര്‍ ശൂന്യമായ മിഴികളോടെ,നാലഞ്ചു തെറികളോടെ അവളെ എതിരേറ്റു.മുഖത്ത് ഒരു മയക്കം തടസ്സപ്പെട്ടതിന്‍റെ ഈര്‍ഷ്യ..ഭക്ഷണം വിരുന്നെത്തുന്ന ശരീരത്തിന് ഒട്ടും കാന്തിയില്ല.പിച്ച തെണ്ടാന്‍ പോയ രണ്ടു മക്കളുമായവര്‍ ഒരു മൂലയിലേക്ക് നടന്നു.അന്ന് കിട്ടിയ ബിസ്ക്കറ്റുതുണ്ടുകളും ചീഞ്ഞു തുടങ്ങിയ പഴങ്ങളും മുന്നില്‍ വിരിച്ച കീറത്തുണിയിലേക്കിട്ടു.എച്ചിലിലകളില്‍ നിന്ന് കിട്ടിയ ആഹാരം കൂട്ടിക്കുഴച്ച് അവര്‍ ആര്‍ത്തിയോടെ വിഴുങ്ങാന്‍ തുടങ്ങി.അവള്‍ക്ക് വല്ലാത്ത അറപ്പ് തോന്നി.ഒരാളുടെയും ബാക്കിയവള്‍ കഴിക്കാറില്ല.താന്‍ ആടിയതൊന്നുമല്ല ഇവരുടെ ജീവിതം.ഈ ഇയ്യാംപാറ്റകളെയൊന്നും താനൊരാള്‍ വിചാരിച്ചാല്‍ നേരാക്കാനാവില്ല.അവള്‍ നെടുവീര്‍പ്പോടെ മുന്നോട്ടു നടന്നു. നേരം തിളച്ചു തുടങ്ങിയിരുന്നു.ഒരിക്കലുമറിയാതിരുന്ന പരവേശത്തിന്‍റെ വേവും ചൂടും അവളെ ശ്വാസം മുട്ടിച്ചു.ത്യാഗത്തിന്‍റെ വഴി  കല്ലും മുള്ളും മാത്രമല്ല തീയും നിറഞ്ഞതാണ്.ഒരു സ്ത്രീ ഒരിക്കലും നേരം കെട്ട നേരത്ത് അലയരുതെന്നു ചില ആണ്‍കൂട്ടങ്ങള്‍ അവളെ പഠിപ്പിക്കുകയും ചെയ്തു.

ഫ്ലാറ്റില്‍ തിരിച്ചെത്തിയപ്പോള്‍ അകത്ത് പതിഞ്ഞ സംസാരം,ചിരി..ഈ അന്തിനേരത്തു ആരാണ് വീട്ടില്‍?അമ്മ പണമുണ്ടാക്കാന്‍ പഴയ വഴി തന്നെ തിരഞ്ഞെടുത്തോ?അവള്‍ ഈര്‍ഷ്യയോടെ വാതിലില്‍ മുട്ടി...

..................................................

ഹാവൂ,അതെല്ലാം സ്വപ്നം മാത്രമായിരുന്നു.അവള്‍ ആശ്വാസത്തോടെ പട്ടുമെത്തയില്‍ എണീറ്റിരുന്നു.വിശ്വസിക്കാനാകാതെ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി.ഇത്രേം ദീര്‍ഘമായൊരു സ്വപ്നമോ?ഈ നിമിഷം വരെ അനുഭവിച്ച വേവും ചൂടും ഇപ്പോഴും ഉള്ളില്‍ പോള്ളിത്തിണര്‍ത്ത്..കടം കൊണ്ട് ആത്മഹത്യ ചെയ്ത ഒരു കര്‍ഷകകുടുംബത്തിന്‍റെ വ്യസനമാണ് തന്‍റെ പുതിയ ഡാന്‍സിന്‍റെ തീം.അയാള്‍ രാത്രി എല്ലാവര്‍ക്കും വിഷം കലര്‍ത്തിയ ഐസ്ക്രീം കൊടുക്കുന്ന സീന്‍ തുടങ്ങി ഫ്ലാഷ്ബാക്കായി കഥ പറഞ്ഞുകൊണ്ടാണ് ഡാന്‍സ്‌ മുന്നേറുന്നത്.അതൊക്കെ ഓര്‍ത്ത്‌ കിടന്നിട്ടാവും ഇങ്ങനൊരു സ്വപ്നം.എന്‍റെ ദൈവമേ!ജീവിതത്തിലാദ്യമായി അവള്‍ പ്രാര്‍ഥിച്ചു.അങ്ങനൊരു വിധിയൊന്നും തന്നേക്കല്ലേ.ആ ജീവിതങ്ങളുടെയൊക്കെ ചൂളത്തീ ആര്‍ക്കു താങ്ങാനാവും.ചുവടുകളും മുദ്രകളുമില്ലാതെ പാറകളിലൂടെ വലിഞ്ഞിഴയുന്ന ദീനജന്മങ്ങള്‍.അവള്‍ പാലും മുട്ടയും കഴിച്ചു.പരിചാരിക അവളെ അണിയിച്ചൊരുക്കി.അവള്‍ മനസ്സില്‍ കുറിച്ചു:ഈ ഡാന്‍സ്‌ ഒരു സംഭവമാക്കണം.ആളുകളുടെ കണ്ണ് നിറയണം.കളക്ഷന്‍ റെകോര്‍ഡ് തകര്‍ക്കണം.അവള്‍ പരിചാരികയെ നോക്കി ശാന്തയായി പുഞ്ചിരിച്ചു..