Pages

2013, ഏപ്രിൽ 4, വ്യാഴാഴ്‌ച


അടിസ്ഥാന ആവശ്യങ്ങള്‍...........................................................................കഥ

പ്രാണവായുപോലെത്തന്നെ മനുഷ്യന്‍റെ അടിസ്ഥാനആവശ്യങ്ങളാണ് ആഹാരം വസ്ത്രം പാര്‍പ്പിടം എന്നിവ.എല്‍ പി ക്ലാസ്സിലെന്നോ ടീച്ചര്‍ പഠിപ്പിച്ച ആ വാചകം വെലാണ്ടിയുടെ മനസ്സില്‍ എന്നുമുണ്ട് പ്രാണവായു ആര്‍ക്കും മടിയിലിട്ടു കെട്ടാന്‍ കഴിയാത്തതിനാല്‍ അതു മാത്രം കിട്ടുന്നുണ്ട്‌,നിര്‍ലോഭം.ബാക്കി മൂന്നും ദൈവഹിതം പോലെയെന്നു പറയാം.മൂന്നാലു വര്‍ഷം മുമ്പു വരെ അയാളാരുടെ മുമ്പിലും കൈ നീട്ടിയിരുന്നില്ല.ചുമടെടുത്തും വിറകു കീറിയും മറ്റനവധി ജോലികള്‍ ചെയ്തും അയാളുടെ ജീവിതവണ്ടിയും കല്ലിലും മുള്ളിലും അപസ്വരങ്ങളുണ്ടാക്കി സഞ്ചരിച്ചു കൊണ്ടിരുന്നു.പിന്നെയാണ് ദൈവത്തിന്‍റെ തമാശ ക്കളികള്‍ അയാളോട് ഇളിച്ചു കാട്ടാന്‍ തുടങ്ങിയത്.ബാല്യത്തെ ഒരിക്കലുമയാള്‍ ഒരു പൂവെന്നോണം ഓര്‍മിച്ചിരുന്നില്ല.അമ്മയുടെ കൂടെ അമ്മി വേണോ അമ്മി എന്ന് കൊരല്‍ പൊട്ടുമാറ് അലറി വിളിച്ച് പൊരിവെയിലത്ത് നടക്കും.അമ്മയെന്നാല്‍ അമ്മിയാണോ?സംശയം തോന്നും.-“പത്തു രൂപ മതിയെങ്കില്‍ വച്ചിട്ടു പോ”,കടക്കാരന്‍ മഞ്ഞക്കറ പിടിച്ച പല്ല് പുറത്തു കാട്ടി അമ്മയെ തുറിച്ചു നോക്കും.കണ്ണുകളാല്‍ അവരുടെ ശരീരമാകെ ഒരു തയ്യല്‍ക്കാരനെപ്പോലെ അളവെടുക്കും.എവിടെയും പാഴായിക്കിടക്കുന്ന കറുത്ത കല്ലുകള്‍ അവരുടെ കല്ലുളിയോട് ചിലും ചിലും എന്ന് പതം പറഞ്ഞ് അമ്മിയും ആട്ടുകല്ലുമായ് മാറുമ്പോള്‍ അവന്‍ അമ്മയോട് ചോദിക്കായ്കയല്ല;-“ആരാ അമ്മേ ഇപ്പൊ അമ്മി വാങ്ങണ്?മിക്സീം ഗ്രയിന്‍റെറും ഇല്ലേ അധിക വീട്ടിലും?”-അമ്മ വെറ്റിലച്ചുവപ്പ് ഒലിപ്പിച്ചു കൊണ്ട് ഒരു ചിരി ചിരിക്കും.എന്താ അതിന്‍റെ അര്‍ഥം?-“തെണ്ടിയും ഇരന്നും കിട്ടുന്ന പത്തു രൂപയേക്കാള്‍ ഭേദമല്ലേ ചെക്കാ ഈ പത്തു രൂപ.”-കടകളിലെല്ലാം അമ്മിയും ഉരലും ആട്ടുകല്ലും നിന്നേടത്തു നിന്നനങ്ങതെ കളിയാക്കി ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ കടക്കാരന്‍ ചീറി;-“അണ്ണാച്ചി പ്പെണ്ണേ,ഇതൊക്കെ എടുത്തു കൊണ്ടു പോവാന്‍ നിനക്കു വേണേല്‍ പണം തരാം.കുളിച്ചു വെടിപ്പായി വാ,നിനക്കു കാശ് നല്ലോണം കിട്ടണ നല്ലൊരു പണി ഞാന്‍ പറഞ്ഞു തരാം.”-അതും പറഞ്ഞ് അയാളുടെ മഞ്ഞ പ്പല്ലുകള്‍ അട്ടഹസിച്ചു.ചട്ടുളിക്കണ്ണുകള്‍ അമ്മയുടെ മുഷിഞ്ഞു പിഞ്ഞിയ ചേലക്കടിയിലേക്ക് ഊളിയിട്ടു.അതില്‍ പിന്നെയാണ് അമ്മ ചൂല്‍ വേണോ ചൂല്‍ എന്നു വിളിച്ചാര്‍ക്കാന്‍ തന്നെ പഠിപ്പിച്ചത്.അമ്മയെന്നാല്‍ ചൂലാണോ?അവനു അപ്പോഴും സംശയമായി.

ആ കാലമെല്ലാം ഓര്‍ക്കുമ്പോള്‍ വേലാണ്ടിക്ക്  വല്ലാത്ത നിസ്സംഗതയാണ് തോന്നുക.ടി വി പരസ്യത്തിലൊക്കെ കാണാറുണ്ട്‌,ബസ്‌സ്റ്റാന്‍ഡില്‍ വെച്ച്-“ജീവിതം അടിപൊളിയാക്കൂ,ആഘോഷിക്കൂ.വേണ്ടേ ജീവിതത്തിനു ഒരു എരിവും പുളിയും?”വെളുത്തു പ്രകാശിക്കുന്ന പല്ലുകള്‍ കാണിച്ച് പരസ്യത്തിലെ ചോക്ലേറ്റ് പെണ്ണ് ഉറക്കെ ചിരിക്കും.എന്താണിത്ര ആഘോഷിക്കാനുള്ളത്?മുറിഞ്ഞു പോയ കാലിലേക്ക് പകപ്പോടെ നോക്കി അയാള്‍ അതിശയിക്കും.ജീവിതമുഖത്ത് ചിരിയാണോ കരച്ചിലാണോ കൂടുതല്‍?നാലു കൊല്ലം മുമ്പ്‌ ഒരു കിലോ പഞ്ചസാര വാങ്ങുന്ന ലാഘവത്തോടെ നാലഞ്ചു ആളുകള്‍ അയാളുടെ ഭാര്യയെ പിടിച്ചു കൊണ്ടു പോയി.പെണ്ണെന്നാല്‍ ഒരു പലഹാരമാണോ?അയാള്‍ക്കപ്പോഴും സംശയമായി.ഒറ്റക്കാലന്‍റെ പ്രതിരോധം പൂതലിച്ച മരം പോലെ ഒടിഞ്ഞു വീണു.പ്രത്യേകിച്ചും അതിലൊരു മുഷ്കന്‍ ഒറ്റക്കാലിനൊരു തട്ടു വെച്ചു തന്നപ്പോള്‍.

കുഞ്ഞ് കുറെ നാള്‍ തള്ളയെ കാണാതെ അലറി വിളിച്ചു.ബസ്‌സ്റ്റാന്റിന്റെ അളിഞ്ഞ നിലത്ത് അതിലേറെ വൃത്തി കെട്ടൊരു വസ്തു പോലെ മയങ്ങിക്കിടന്നു.-“അടിസ്ഥാന ആവശ്യങ്ങളാണ്...”ടീച്ചറുടെ വാക്കുകള്‍ വീണ്ടും ഉള്ളില്‍ ചിലമ്പും.വീടും കുടിയും ഇല്ലാത്തവന് ഒരു ഭാണ്ഡവും ഇല്ലാത്തതാ നല്ലത്-ഭാര്യ ,കുഞ്ഞ്..കുഞ്ഞുങ്ങള്‍ ചേമ്പിന്‍ വിത്തു പോലെയാണ്.തള്ളയോടൊട്ടി നില്‍ക്കും ഏതു നേരവും.വലുതായാല്‍ നീയേതാ എന്ന മട്ടില്‍ തള്ളയെ തിരിഞ്ഞു നോക്കും.ഇത്തിരി അരിയും പച്ചക്കറിയും..അയാളുടെ ആവശ്യങ്ങള്‍ എന്നും അതില്‍ ഒതുങ്ങി .പോഷകാഹാരമെന്നതൊക്കെ ഉടുക്കാനില്ലാത്തവന്‍ തലപ്പാവ് അണിയുംപോലുള്ള ആര്‍ഭാടമാണയാള്‍ക്ക് .ആഹാരം മനുഷ്യനെ നിലനിര്‍ത്തുന്നതാണോ എന്നതിലും അയാള്‍ക്കിപ്പോള്‍ ശങ്കയുണ്ട്.കുടലിലെല്ലാം ഓട്ട വീണെന്നോ മറ്റോ ആണ് ഡോക്ടര്‍ പറഞ്ഞത്.-“പച്ചക്കറികളിലെ ജനിതക പരീക്ഷണങ്ങള്‍..അതിനു ഇങ്ങനെ കുറെ പ്രശ്നങ്ങളുണ്ട്.”ഡോക്ടര്‍ ജ്ഞാനിയെപ്പോലെ ചിരിച്ചു.”മുമ്പാണെങ്കില്‍ ആഹാരം മനുഷ്യനെ വളര്‍ത്താനായിരുന്നു,ഇന്നാകട്ടെ അതൊരു പരീക്ഷയാണ്.എല്ലാ രാസ പരീക്ഷണങ്ങളെയും അതിജീവിക്കുന്ന വനേ ജീവിക്കാന്‍ അര്‍ഹതയുള്ളൂ.”അയാളുടെ പരിഷ്കാരം നിറഞ്ഞ അച്ചടിവടിവുകള്‍ ചോറിലെ കല്ലു പോലെ കിലുങ്ങി.

തെരുവിലൂടെ ഇടക്കോരോ ശുഷ്കജാഥകള്‍ നീങ്ങുന്നതു കാണാം;”ജനിതകമാറ്റം വരുത്തിയ പച്ചക്കറികള്‍ നിരോധിക്കുക...”ദുര്‍ബലകണ്ഠങ്ങളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ രോദനങ്ങളായി പുറത്തു ചാടും.കൊളുത്തി വലിക്കുന്ന വയറുവേദനയില്‍ ചെമ്മീനെപ്പോലെ ചുരുണ്ടു കിടക്കുമ്പോള്‍ മകന്‍ കൊള്ളക്കാരനെപ്പോലെ അടുത്തെത്തും.മങ്ങിയ മുണ്ടില്‍ തിളക്കമറ്റു കിടക്കുന്ന നാണയങ്ങളെടുത്ത് അവന്‍ ഓടുമ്പോഴും അയാളില്‍ നിറയുന്നത് നിര്‍വികാരത തന്നെ.ശരിക്കും മനുഷ്യന്‍റെ പ്രാഥമികആവശ്യങ്ങള്‍ എന്തെല്ലാമാണ്?ആര്‍ക്കും കെട്ടിപ്പൊതിയാന്‍ കഴിയാത്ത ജീവവായുവിലും വിഷം ചുരുള്‍ ചുരുളായി നിറയുന്നു.നെടുംനീളത്തില്‍ നീണ്ടു വലിഞ്ഞൊരു ചുമ അയാളുടെ ഉള്ളില്‍ നിന്ന് കുറെ ചോരയെ പരിഹാസത്തോടെ പുറന്തള്ളി.ഒഴുകാതെ കട്ട കെട്ടിയ ആ ചുവപ്പില്‍ നോക്കി അയാള്‍ ദീര്‍ഘമായി നിശ്വസിച്ചു.കാണാമോ അതില്‍ ഉള്ളിലേക്ക് ഉള്ളിലേക്ക് തുരക്കുന്നവരെ?കാതലെല്ലാം കവര്‍ന്നു പോകുന്നവരെ?പടുമരങ്ങള്‍ വിറകിനു പോലും കൊള്ളാതെ പുകഞ്ഞു കൊണ്ടിരിക്കും.ദുഷ്ടതയുടെ കാതലിനാണ് ലോകത്ത് ആയുസ്സ്‌.ക്രൂരത അടുക്കടുക്കായി ഇഴുകി മുറുകി വളരുമ്പോഴാണ് അതിനു ഉറപ്പ് വര്‍ധിക്കുക.ചോരയെ മുഴുത്ത ഈച്ചകള്‍ പൊതിയുന്നത് കണ്ട് അയാള്‍ വെറുപ്പോടെ കണ്ണടച്ചു.ശവംതീനി ഉറുമ്പുകളുടെ നിലക്കാത്ത ജാഥ അടഞ്ഞ കണ്ണുകള്‍ക്കു മുമ്പില്‍ ഒരു റിബ്ബണ്‍ പോലെ നീണ്ടു കിടന്നു........................................    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ