Pages

2013, ജൂലൈ 20, ശനിയാഴ്‌ച

പരിസ്ഥിതി ദിനം ..........................................കഥ
“അപ്പോള്‍ കുട്ടികളേ,നമ്മുടെ നാട് പച്ച പിടിപ്പിച്ചെങ്കില്‍ മാത്രമേ ഈ എരിപൊരി ചൂടില്‍ നിന്ന് രക്ഷയുള്ളൂ.ഈ പരിസ്ഥിതി ദിനത്തില്‍ അതിനായുള്ള മുദ്രാവാക്യം മുഴക്കാം നമുക്ക്.ചുരുട്ടിയ ഈ കൈകള്‍ അതേ വീറോടെ മണ്ണിലേക്ക് താഴട്ടെ പുതുതൈകള്‍ വച്ചു പിടിപ്പിക്കാനായി”
ഒരു മഴ പെയ്തു തീര്‍ന്ന പോലെ എച്ച്എമ്മിന്‍റെ പ്രസംഗം അവസാനിച്ചപ്പോള്‍ കുട്ടികള്‍ കയ്യടിച്ചു.ആയിരത്തോളം കുട്ടികള്‍ വെയിലിന്‍റെ ചുടുന്ന നാമ്പുകള്‍ക്ക് കീഴെ നില്‍ക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറായി.എപ്പോഴാണീ പ്രസംഗങ്ങള്‍ തീരുന്നത്.കിരണിന് വെയിലിലേക്ക് നോക്കി കണ്ണ് വേദനിച്ചു.”അസംബ്ലി ഡിസ്പേഴ്സ്”-അലര്‍ച്ച പോലെ ആ വാക്കുകള്‍ മുഴങ്ങുന്നത് കേട്ട് അവന്‍ ഞെട്ടിപ്പോയി.ദേശീയ ഗാനം ചൊല്ലിയതും മറ്റേതൊക്കെയോ സാറന്മാര്‍ സംസാരിച്ചതും ഒന്നും അവന്‍ കേട്ടിരുന്നില്ല.ഇടയ്ക്കിടെ അവന്‍ ഔട്ട്‌ ഓഫ് കവറേജ് ഏരിയയിലായിരിക്കും.
വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്ന ഓരോ കുട്ടിക്കും ഓരോ തൈ കിട്ടി.തന്‍റെ വീട്ടില്‍ ഇതെവിടെ കുഴിച്ചിടുമെന്നാണ് കിരണ്‍ ഓര്‍ത്തത്.വീടിനു മുന്നിലെ പൂന്തോട്ടം നിറയെ കോണ്ക്രീറ്റ് മരങ്ങളും പ്ലാസ്റ്റിക് ചെടികളുമാണ്.ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍!ജീവികളുടെ യതാര്‍ത്ഥമെന്നു തോന്നിക്കുന്ന പ്രതിമകള്‍ ആ തോട്ടത്തിന് ഒരു അത്ഭുതപ്രതിച്ഛായ നല്‍കി.അവന്‍റെ അച്ഛന്‍ കൃഷി ഓഫീസറാണ്.നാട്ടിലെവിടെയും കൃഷി നടക്കുന്നില്ലെങ്കിലും അതു സംബന്ധമായ ഓഫീസുകള്‍ നിരവധിയുണ്ട്.അവ ഇടയ്ക്കിടെ ഒരു ചടങ്ങു പോലെ വല്ല തെങ്ങിന്‍തയ്യോ മാവിന്‍തയ്യോ വിതരണം ചെയ്യും.വറവുചട്ടി പോലെയായ ഭൂമിയാകട്ടെ ഒന്നും മുളപ്പിക്കുന്നുമില്ല.ഉണങ്ങി മൊരിഞ്ഞ പുഴകളും കുളങ്ങളും മഴക്കായി  കാത്തിരിപ്പ് തുടങ്ങിയിട്ട് കാലം കുറെയായി.ഏതോ ദൂരദിക്കില്‍ നിന്നെത്തുന്ന വെള്ളമാണ് ഏക ആശ്വാസം.പണം കൊടുത്താലെന്ത്,അതേലും കിട്ടുന്നുണ്ടല്ലോ.
മുത്തശ്ശി ഉണ്ടായിരുന്ന അന്ന് തൊടി നിറയെ പച്ചപ്പായിരുന്നു.അവന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അവരെ പ്രായമായവരുടെ വീട്ടിലേക്കു മാറ്റിയത്.എല്ലാ കുട്ടികളെയും പോലെ ആ ചുളിഞ്ഞ ചൂണ്ടുവിരല്‍ നഷ്ടപെട്ടപ്പോള്‍ അവനും അലറിക്കരഞ്ഞു.ജലപാനമില്ലാതെ പ്രതിഷേധിച്ചു.കൊഞ്ചിച്ചു ശീലമില്ലാതിരുന്ന അച്ഛനമ്മമാരില്‍ നിന്ന് നിറയെ അടി മേടിച്ചു.മുത്തശ്ശി വച്ചു പിടിപ്പിച്ച മരങ്ങള്‍ ചൂണ്ടിക്കാണിച്ച് അവര്‍ അഭിമാനത്തോടെ പറയും-“മോനേ,ഒരു ജീവന്‍ പച്ച പിടിക്കണമെങ്കില്‍ വെള്ളവും വളവും മാത്രം കൊടുത്താല്‍ പോര,സ്നേഹവും  നല്‍കണം.നമ്മളെത്ര സ്നേഹിച്ചു വളര്‍ത്തുന്നോ അത്രേം മധുരിക്കും അതിന്‍റെ കാഫലം.ആ നാട്ടുമാങ്ങ നീ തിന്നിട്ടുണ്ടോ,എന്താ ഒരു മധുരം.എന്‍റെ അമ്മ പാവം!അന്നൊക്കെ എന്തൊരു കഷ്ടപ്പാടായിരുന്നു.പോരാത്തതിന് അച്ഛന്‍റെ കള്ള് കുടിച്ചു വന്നുള്ള ഇടിയും.അതിന്‍റെ ഒക്കെ എടേലും എന്റമ്മ എല്ലാരേം സ്നേഹിച്ചു.കുട്ടികള്‍ക്ക് കൊടുത്തതിന്‍റെ ബാക്കി ചെടികള്‍ക്കും മരങ്ങള്‍ക്കും കൊടുത്തു.അതല്ലേ ഇത്ര മധുരമുള്ള മാങ്ങകള്‍,ഇത്ര മണമുള്ള പൂക്കള്‍..”
അവന്‍ വിസ്മയത്തോടെ അവരെ ശ്രവിച്ചു.എന്താണ് സ്നേഹം?എപ്പോഴും വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന ,മത്സരിച്ച് മുന്നോട്ടോടാന്‍ കല്പിച്ചു കൊണ്ടേയിരിക്കുന്ന തന്‍റെ അച്ഛനമ്മമാരാണോ സ്നേഹം.മുത്തശ്ശി പോയതിനു ശേഷം ഉണങ്ങിപ്പോയ പൂന്തോട്ടത്തില്‍  അച്ഛന്‍ ചിലതൊക്കെ നട്ടു നോക്കി,ഒന്നുപോലും മുളക്കാതെ അച്ഛനെ പരിഹസിച്ചു.വെയിലിന്‍റെ അഗ്നിനാളങ്ങള്‍ ഒന്നാകെ വീട് തുറക്കുമ്പോഴേക്കും അകത്തേക്ക് കുതിക്കാനോങ്ങും.ഉള്ളിലെ എ സീത്തണുപ്പിലേക്ക് തുളഞ്ഞു കയറും.കോണ്ക്രീറ്റ് പൂന്തോട്ടത്തിന്‍റെ പരസ്യം പേപ്പറില്‍ കണ്ടാണ്‌ അച്ഛന്‍ അവര്‍ക്ക് വിളിച്ചത്.പിറ്റേ ആഴ്ച തന്നെ അവര്‍ വീട്ടിലെത്തി.





“ചൂട് കുറയില്ലല്ലോ ഇങ്ങനൊരു തോട്ടം ഉണ്ടായാലും?”-അച്ഛന്‍ കൃഷി ഓഫീസറുടെ മട്ടുവിടാതെ ചോദിച്ചു.”അതില്ല ,പക്ഷെ അതൊരു സൈക്കോളജിക്കല്‍ ഇഫക്റ്റാണ്.പണ്ടൊക്കെ മുള്ള് എടുക്കുമ്പോ അമ്മമാര്‍ പറയാറില്ലേ-പച്ചയിലേക്ക് നോക്ക് എന്ന്.ഇതും അതു തന്നെ.വല്ലാതെ ടെന്‍സ്ഡ് ആയ നമ്മുടെ ചുറ്റുപാടില്‍ ഇടക്കൊരു റിലീഫിന് ഈ തോട്ടത്തിലേക്ക് നോക്കിയിരിക്കാം.ഒരിക്കലും നിറം മങ്ങാത്ത പ്ലാസ്റ്റിക് ചെടികളും പൂക്കളും ലോണുകളും പ്രാചീന ഗുഹകളും..ഒറിജിനല്‍ അല്ലാന്നു തൊട്ടു നോക്കുന്നവര്‍ക്കേ മനസ്സിലാവൂ.ആരും തൊടാതിരിക്കാന്‍ കുറച്ചുയരത്തില്‍ കമ്പി വേലി കെട്ടാം.എന്താ?”-അത് അച്ഛന് ബോധിച്ചു.അങ്ങനെയാണ് ആ മനോഹരഉദ്യാനം വീടിനു മുന്നില്‍ സ്ഥാനം പിടിച്ചത്.കണ്ടവരൊക്കെ അന്തം വിട്ടു,ഈ പൊരിഞ്ഞ ചൂടില്‍ ഈ തോട്ടം എങ്ങനെ നിലനില്‍ക്കുന്നു?നിഗൂഡം പുഞ്ചിരിച്ച് അച്ഛന്‍ പറയും;”ഓ,ഞാനൊരു കൃഷി ഒഫീസരല്ലേ?പേരിനെങ്കിലും ഒരു പച്ചപ്പ്‌ എന്‍റെ വീട്ടുമുറ്റത്ത് വേണ്ടേ?കിട്ടുന്ന വെള്ളം പിശുക്കി ഉപയോഗിക്കും.ബാക്കി ചെടികള്‍ക്കും കൊടുക്കും.”
“എന്തിനാ ആ വേലി?ഈ ചൂടില്‍ ഇടക്കവിടെ പോയി ഇരിക്കാലോ?”ഏതെങ്കിലും അതിബുദ്ധിമാന്‍ ചോദിക്കും.
“ഓ,ഏതൊക്കെയോ തെണ്ടിപ്പിള്ളാര് ഇതിലെചുറ്റിയടിക്കുന്നുണ്ട്.പോണ തിരക്കില്‍ ഗേറ്റ് പൂട്ടാന്‍ മറന്നാല്‍ മതി.എന്‍റെ തോട്ടം ഒറ്റ ദിവസം കൊണ്ട് നശിക്കാന്‍..”അച്ഛന്‍ സുന്ദരമായ നുണകളിലൂടെ  എത്ര പേരെയാണ് വിഡ്ഢിയാക്കുന്നതെന്ന് അവന്‍ അതിശയിച്ചു.
വീട്ടിലെത്തിയതും യുണിഫോം പോലും മാറാതെ അവന്‍ തന്‍റെ തൈ വെക്കാന്‍ സ്ഥലം തിരഞ്ഞു.നാട്ടുമാവ് ഉണങ്ങി വീണ മണ്ണിനരികെ അവന്‍ കുഴിക്കാന്‍ തുടങ്ങി.ഒരു മധുരമുള്ള മരത്തിന്‍റെ ഓര്‍മ ഈര്‍പ്പമായി മണ്ണില്‍ പുതഞ്ഞു കിടക്കുന്നു.ജനിച്ചിട്ടിന്നേ വരെ അറിഞ്ഞിട്ടില്ലാത്ത വാത്സല്യവും ഇമ്പവും കൂട്ടിക്കുഴച്ച് അവന്‍ തടം തീര്‍ത്തു.അലിവിന്‍റെ തീര്‍ത്ഥം ധാരധാരയായി ഒഴിച്ചു.തൈ തലയിളക്കി ചിരിച്ചു.അവനെ ഉമ്മ വെക്കാന്‍ ഇലകള്‍ ചലിപ്പിച്ചു.പിന്തിരിഞ്ഞപ്പോള്‍ കണ്ണില്‍ കനല്‍പൊടികളുമായ് മമ്മി. “സ്കൂള്‍ വിട്ടതും എന്താ നിനക്ക് മണ്ണിലൊരു കസര്‍ത്ത്?ആ യുണിഫോം മുഴുവന്‍ ചളിയായില്ലേ?ട്യുഷന് പോകുന്നില്ലേ ചെക്കാ?”-അമ്മയുടെ തടിച്ച വിരലുകള്‍ അവന്‍റെ ദേഹത്ത് ചുവന്ന പാടുകള്‍ വീഴ്ത്തി.”അവന്റൊരു തയ്യും മരവും.”-ഒരൊറ്റ നിമിഷം കൊണ്ട് അവരാ കുഞ്ഞു പച്ചപ്പിനെ ദൂരേക്ക്‌ വലിച്ചെറിഞ്ഞു.”മമ്മീ,”പൊട്ടി വന്ന കരച്ചില്‍ പണിപ്പെട്ടു നിയന്ത്രിച്ച്‌ അവന്‍ വിതുമ്പി.”സ്കൂളില്‍ ഡയറിയില്‍ എഴുതണം ചെടി വളരുന്നതിനെപ്പറ്റി.”
“എന്തോന്ന്?ഇല വരുന്നതോ?മൊട്ടിടുന്നതോ?അതിന് നീ അങ്ങോരെപ്പോലെ കൃഷിഓഫീസര്‍ ആകാന്‍ പോവാണോ?അതിനും ആ തോട്ടം പോലൊന്ന് മതി.അല്ലെങ്കിത്തന്നെ മണ്ണീല്‍ കെളക്കാനാണോ നിന്നെ സ്കൂളില്‍ വിടുന്നത്?സിലബസ് ഭാരം കുറഞ്ഞോട്ടേന്നു കരുതിയാ സ്റ്റേറ്റ്സ്കൂള്‍ ആക്കിയത്.അവടെ കെളക്കാനും കൊത്താനും മാത്രാണോ പഠിത്തം?”-അവനൊന്നും മിണ്ടിയില്ല.ഊക്കില്‍ വലിച്ചെറിയപ്പെട്ട ആ കുഞ്ഞുപച്ചപ്പ്‌ പോലെത്തന്നെ തന്‍റെ സന്തോഷങ്ങളും.തീരെ ആയുസ്സില്ല.വിഷാദത്തോടെ  അവന്‍ വീട്ടിലേക്കു നടന്നു.മുത്തശ്ശിയെ സ്വപ്നം കണ്ടെങ്കില്‍!പച്ചയുടെ തീരാത്ത തണല്‍കുടകള്‍ക്കു കീഴെ അവര്‍ തനിക്കായ് കഥകളുടെ കെട്ടഴിക്കും. നിലാവ് പെയ്തിറങ്ങും.മഞ്ഞ് ദൂരേന്നു പുകയായി വരുന്നുണ്ടാവും.നക്ഷത്രങ്ങളുടെ ചില്ലുപൂക്കള്‍ ആകാശം നിറയെ ചിരിക്കുന്നുണ്ടാവും.
മയങ്ങാനൊരുങ്ങുന്ന സന്ധ്യയുടെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ക്കു താഴെ പ്ലാസ്റ്റിക്ഉദ്യാനം ഒന്നു കൂടി ചന്തമാര്‍ന്നു.നോക്കി നോക്കി നില്‍ക്കെ ആ പച്ചപ്പൊന്നാകെ കൊഴിഞ്ഞു പോയെന്നും കോണ്ക്രീറ്റിന്‍റെ കമ്പിയസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നില്‍പ്പുണ്ടെന്നും അവനു തോന്നി.പ്ലാസ്റ്റിക് പൂക്കള്‍ തിളക്കം നഷ്ടപ്പെട്ട് വിളറിയ പോലെ..കണ്ണുകള്‍ പുകഞ്ഞ് കണ്ണീര്‍ അവന്‍റെ കട്ടിക്കണ്ണടയെ തൊട്ടു,പിന്നെ പരന്നു അവന്‍റെ കാഴ്ചയെ മറച്ചു.

“കിരണ്‍ കിരണ്‍ -ഈ ചെറുക്കന്‍ ട്യുഷന് പോകുന്നില്ലേ ?”അമ്മയുടെ തൊണ്ട കീറല്‍ ദൂരേന്നു മുഴങ്ങി.വീടിന്‍റെ സിമന്‍റ്ചുവരുകള്‍ അവനെ ഞെരിച്ചു.അതിന്‍റെ ഭീമന്‍ കൈകളില്‍ അവന്‍ ഒരു ചേരട്ടയെപ്പോലെ ചുരുണ്ടു.....................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ