Pages

2013, നവംബർ 7, വ്യാഴാഴ്‌ച

കറുത്തും വെളുത്തും (കഥ)



ഉമ്മറത്ത് ചാരുകസേരയില്‍ ഇരുന്ന് പത്രവിശേഷങ്ങളുടെ മസാലമണത്തിലേക്ക് ഊളിയിടുമ്പോള്‍ ദൂരെ നിന്നേ കേട്ടു  'അരൂല്യെ ബടെ?' പാറുവല്യമ്മ  കൈപ്പടം നെറ്റിക്ക് മറയാക്കി സൂക്ഷിച്ചു നോക്കി വരുന്നു. ആഴ്ചയിലൊരിക്കലെങ്കിലും ചുറ്റുവട്ടത്തെ നുണക്കെട്ടുകളുമായി വരാതിരിക്കില്ല കേള്‍ക്കുന്നില്ലെന്നു നടിച്ചിട്ടും കാര്യമില്ല, .പറഞ്ഞുകൊണ്ടേയിരിക്കും, ശല്യം! സ്‌പോര്‍ട്‌സ് നായിക മരിയ ജുവാനോയുടെ ചൂടന്‍ വിവരങ്ങളാണ് പത്രം നിറയെ.'മരിയയുടെ കാമുകന്‍ ആരെന്ന്! വെളിപ്പെട്ടിരിക്കുന്നു. റോക്ക് ഗായകന്‍ മജൂം അല്‌നക്ക്. മരിയയുടെ ആരാധകരില്‍ ഈ വാര്‍ത്ത കടുത്ത നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്..'
'പെണ്ണേ, എത്ര വിളി വിളിച്ചു. ഒന്നു മിണ്ടിക്കൂടെ? ഒന്നൂല്ലേല്‍ നിന്റൊരു അകന്ന വല്യമ്മല്ലേ ഞാന്? കലികാലം! വാല്യക്കാരത്തികള്‍ക്കൊന്നും തല വെളുത്തോരെ കണ്ണിനു പിടിക്കില്ല. ഇരിക്കണത് കണ്ടില്ലേ,  ആണുങ്ങളെപ്പോലെ ഉമ്മറത്ത് ചാരുകസേരയില്‍! കുറച്ചു വെള്ളോ മോരോ കൊണ്ടു വാടീ..'
ഈര്‍ഷ്യ നടത്തത്തിനു ശബ്ദമുണ്ടാക്കി. തള്ളയിനി എപ്പോഴാവോ മടങ്ങുക? ഒന്നു സ്വൈരായി ഇരിക്കാനും സമ്മതിക്കില്ല. നല്ലൊരു ഡോസ് കൊടുത്താലേ ശരിയാകൂ.  തന്റെ  നാക്കിന്റെ നീളത്തെ ക്കുറിച്ച് നാട്ടിലാകെ കഥകള്‍ പ്രചരിക്കുന്നതോര്‍ത്ത് ഒന്നും മിണ്ടാതെ ഇരിക്കുക എത്ര കാലമാണ്?
'ഹാവൂ, വിയര്‍ത്തു കുളിച്ചു. മോളേ പൈസണ്ടെങ്കി ഒരമ്പതുര്‍പ്യ കൊണ്ടാ. മരുന്ന് വാങ്ങാനാ. നിന്റൊപ്പം പഠിച്ച ശീലേനെ ഓര്‍മല്യേ നെനക്ക്? ഒരു സുന്ദരിക്കോത. എന്തൊക്കെയാ ആളോള് പറയണത് ന്നറിയോ? ദിവസോം രാത്രി രണ്ടും മൂന്നും പേരാത്രേ കാറിലും ജീപ്പിലൊക്കെ വര്ണത്. ന്നാലോ യാതൊരു കൂസലൂല്യ. നാണോം മാനോം ഇല്ലാണ്ട് നേരം വെളുത്താ മുറ്റത്തൂടെ ലാത്ത്ണത് കാണാം.ആണുങ്ങള് കണ്ട് ഭ്രമിക്കാനേയ്..കലികാലം! ഞങ്ങടെ കാലത്ത് പെങ്കുട്ട്യോള്ക്ക് ഉമ്മറപ്പടി കടക്കണെങ്കി എത്രയെത്ര സമ്മതം കിട്ടണേര്‍ന്ന്. എന്റെ ഈശ്വരാ!
ഒന്നും കേള്‍ക്കാത്ത പോലെ പത്രത്തിലേക്ക് മുഖം പൂഴ്ത്തി 'ടെന്നീസിലെ സ്വപ്നസുന്ദരിയുടെ പ്രണയ കഥ ഹെറാള്‍ഡ് പത്രമാണ് പുറത്തു വിട്ടത്. മാസങ്ങളായി മജുവും മരിയയും പ്രണയ ബദ്ധരായിരുന്നു. എന്നാല്‍ ഒരുമിച്ചു കുറെ ദിവസം ചിലവഴിക്കണമെന്ന ഇരുവരുടെയും മോഹം ഇതു വരെയും പൂവണിഞ്ഞിട്ടില്ല. മരിയയുടെ തിരക്കു പിടിച്ച ഷെഡ്യൂളാണു കാരണം... '
'ഒരിക്കല്‍ നമ്മുടെ ദാമോദരപ്പിഷാരടി അവ്ടുന്ന് എറങ്ങി വരണത് ഞാന്‍ ഇന്റെ കണ്ണോണ്ട് കണ്ടതാ. ഇന്റെ ദേവ്യേ! എത്രയെത്ര നല്ല മന്ഷന്മാരെയാ ആ തേവിടിശ്ശി..അവള്‍ക്കേയ് എന്തോ രഹസ്യരോഗോം ഉണ്ടത്രെ!'
വല്യമ്മ ഒന്നു മിണ്ടാതിരി. ഞാനീ പത്രമൊന്നു വായിക്കട്ടെ. പത്തുറുപ്പിക അവരുടെ മടിയിലേക്കിട്ട് ഞാന്‍ കസേരയില്‍ ഇരുന്നു.
'എന്താടീ ഞാന്‍ മിണ്ട്യാല്? അയ്മ്പത് ഉര്‍പ്യ ചോയ്ച്ച്ട്ട് അവള് തന്നത് പത്തു ഉലുവ! ആര്‍ക്ക് വേണ്ടീട്ടാടീ ഇതൊക്കെ കെട്ടിപ്പൂട്ടി വെക്ക്ണ്? അനുഭവിക്കാന്‍ കുട്ട്യോളും മക്കളും ഒന്നൂല്ലാലോ. അഹമ്മതിക്കാരിയല്ലേ? എങ്ങനെ ഉണ്ടാവും?'
'ഇറങ്ങിപ്പോവുന്നുണ്ടോ, മേലാലീ പടി കേറിയേക്കരുത്.' ക്ഷോഭത്തോടെ കസേരയില്‍ നിന്ന് ചാടിയെഴുന്നേറ്റു. ചറുപിറെ ശാപവാക്കുകളുതിര്‍ത്തുകൊണ്ട് അവരിറങ്ങിപ്പോയി. കെട്ട്യോനും കുട്ട്യോളും ഇല്ലാതിരിക്കുന്നത് മഹാപാപാമാണോ?
അടുക്കളയിലെ പണിയൊതുക്കി വീണ്ടും പത്രത്താളിലേക്ക് മുങ്ങിയപ്പോള്‍ വല്യമ്മയുടെ കുനുഷ്ടിനാല്‍ ചുളിഞ്ഞ മുഖം മറന്നു.
'മജുവിനും മരിയക്കും പ്രണയം പുത്തരിയല്ല. സംഗീതത്തിലെ സുപ്പര്‍ സ്റ്റാറിനും ടെന്നീസിലെ സ്വപ്ന സുന്ദരിക്കും ആരാധകരുടെ പട തന്നെയുണ്ട്. പക്ഷെ ഇഷ്ടത്തിന്റെ തേന്‍കിളി കൂടു വച്ചിരിക്കുന്നത് ഇപ്പോള്‍ ഇവര്‍ക്കിടയിലാണ്.കഴിഞ്ഞ കുറെ മാസങ്ങളായി ആരുമറിയാതെ അവര്‍ സംഗമിക്കുന്നുണ്ട് .ക്യാമറക്കണ്ണുകള്‍ പ്രൈവസി തകര്‍ക്കുന്നതാണ് മരിയയുടെ സങ്കടം.ഇതിനിടെ നെറ്റു വഴി പ്രചരിച്ച നഗ്‌നചിത്രം തന്റെതല്ലെന്നു അവര്‍ ആണയിടുന്നുണ്ട്.അതവര്‍ തന്നെയാണെന്നാണ് ഓരോ ആരാധകന്റെയും കിതപ്പോടെയുള്ള മറുഭാഷ്യം. ഇവര്‍ ഗ്രൌണ്ടിലിറങ്ങിയാല്‍ പുരുഷ ആരാധകരുടെ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുന്നുണ്ടെന്നും അതിനാല്‍ ജെന്‍സ് പ്രോഡക്റ്റുകള്‍ക്ക് വന്‍തോതില്‍ പരസ്യം കിട്ടുന്നുണ്ടെന്നുമാണ് ചാനല്‍ വക്താവ് പുഞ്ചിരിയോടെ അറിയിക്കുന്നത്.
 അവരുടെ മിനിസ്‌കര്‍ട്ടിന്റെ അറ്റം മാംസളമായ തുടയില്‍ ചേര്‍ന്നു കിടക്കുന്നതും തടിച്ചുരുണ്ട ദേഹപ്പൊലിമ ടീഷര്‍ട്ടിലൂടെ ത്രസിച്ചുയരുന്നതും പത്രം അതിവിദഗ്ദമായി ഒപ്പിയെടുത്തിരിക്കുന്നു.റാക്കറ്റുമായി അങ്ങോട്ടുംമിങ്ങോട്ടുമോടുമ്പോള്‍ എത്ര കണ്ണുകളാവും ഈ പാനപാത്രത്തില്‍ തീരാത്ത ആര്‍ത്തിയോടെ..വെറുപ്പോടെ പത്രം തള്ളി മാറ്റി. അപ്പോഴും ഒരേ കഥ തന്നെ എന്തു കൊണ്ടാണ് വെളുത്തും കറുത്തും  പരക്കുന്നതെന്ന ശങ്ക മാത്രം മനസ്സില്‍ ഉറച്ച ഫെവിക്കോളായി ഒട്ടിപ്പിടിച്ചു കിടന്നു!       

1 അഭിപ്രായം:

  1. അതാണ്‌ കാലം ..എല്ലാത്തിലും ഒളിഞ്ഞു നോക്കുന്ന പുതിയ കാലം :)
    അസ്രൂസാശംസകള്‍

    മറുപടിഇല്ലാതാക്കൂ