Pages

2013, ഡിസംബർ 28, ശനിയാഴ്‌ച

പുഴയും അവളും(കഥ)


പുഴ രാത്രിയുടെ പുതപ്പിനെ കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കളിക്കുകയായിരുന്നു.അടിയില്‍ നിന്നും മുകളിലേക്ക് പതഞ്ഞുയരുന്ന കൊടുംതണുപ്പ് വര്‍ഷക്കാലത്തു മാത്രം അതിന്റെ ഉള്ളില്‍ കനക്കും.രാത്രിയെ പുലരാനനുവദിക്കാതെ വാരിപ്പുണര്‍ന്നു കിടക്കാനായിരുന്നു അപ്പോഴൊക്കെയും അതിനിഷ്ടം.വെയിലും വേനലും അതിന്റെ സകല രഹസ്യങ്ങളും ചോര്‍ത്താന്‍ തുടങ്ങിയത് ഈയടുത്ത കാലം മുതലാണ്.മടിത്തട്ടില്‍ വിരൂപമായി തെറിച്ചു നില്‍ക്കുന്ന പാറകളും കല്ലുകളും മുള്‍പടര്‍പ്പും വെയിലിനോടൊപ്പം പുഴയെ പരിഹസിച്ചു: 'മുമ്പ് നീ മേഘങ്ങളോട് മേനി പറഞ്ഞിരുന്നില്ലേ, എത്ര വേണമെങ്കിലും കുടിച്ചോളൂ, നിന്റെ സ്ഫടികയുടുപ്പിന്റെ ഒരു പാളി പോലും ഉടഞ്ഞു തീരില്ലെന്ന്..എന്നിട്ടിപ്പോളെന്തു പറ്റി?'
 
'ഓ, അതൊരു കാലം..ഇപ്പോള്‍ എന്തെല്ലാം ദുരിതങ്ങള്‍..എപ്പോഴും വലിയ ടയറുകള്‍  അങ്ങോട്ടുമിങ്ങോട്ടുമുരുട്ടി ലോറികള്‍ കടത്തിക്കൊണ്ടു പോകുന്നു എന്റെ മണല്‍പാത്രങ്ങളത്രയും..വെള്ളം സൂക്ഷിക്കാന്‍ ഒരു പാളത്തൊട്ടിയേകുന്നതിനു പകരം വെയിലേ നീ കളിയാക്കുന്നതെന്ത്?'
രാത്രി-  കശപിശയും വിലപേശലും..എന്റെ വസ്ത്രത്തിന്റെ ഓരോ പാളിയും ചുരുട്ടിക്കൂട്ടി ഇവര്‍ കൊണ്ടു പോകും.സങ്കടം നദിയുടെ ഉള്ളില്‍ ചുഴലിയായി വട്ടം കറങ്ങി.തെളിഞ്ഞും കലങ്ങിയും ഒഴുകിയിരുന്ന ജലപ്പെരുമയുടെ ശീതത്തിലേക്ക് അത് കണ്ണടച്ചു .ഓരത്ത് കൂട്ടിയിട്ട തുണികള്‍ക്കിടയില്‍ കാറ്റിലിളകുന്ന ദുപ്പട്ടയുടെ അഗ്രം..എത്രയോ തവണ കണ്ടതെങ്കിലും വെറുതെ നീറ്റുന്നു ആ കാഴ്ചയെപ്പോഴും മനസ്സിനെ.. തന്റെ വയറില്‍ പുളച്ചു വളരുന്ന പാഴ്‌ചെടികള്‍ ഓരോ ഉടുപ്പൂരലിനും ശയ്യയൊരുക്കുന്നു..പാറയും മുള്‍ച്ചെടികളും മാത്രം ബാക്കിയായ നദി സ്ഫടികജലം ഉറന്നു വന്നിരുന്ന കുന്നിന്റെ, ചെന്നു ചേരുന്ന കടലിന്റെ ഒക്കെ സ്മരണയില്‍ ആണ്ടു മുങ്ങി കിടക്കവെ, ഉയരെ നിന്നെവിടുന്നോ മാലിന്യക്കൂമ്പാരം അവളുടെ നെഞ്ചിലേക്ക് പതിച്ചു.അല്ലെങ്കിലേ ഫാക്റ്ററികളും ആശുപത്രികളും അവയുടെ ദുര്‍ഗന്ധം നിറഞ്ഞ കറുത്ത കുഴലുകള്‍ അവളുടെ വയറിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്.
 
കെട്ട മണം കൊണ്ട് കരയില്‍ പോലും ഇപ്പോള്‍ ആരുമുണ്ടാകാറില്ല, ആ പെണ്‍കുട്ടിയല്ലാതെ..രാത്രി അവളെ തേടി വരുന്നവര്‍ക്കാകട്ടെ ദുര്‍ഗന്ധം ഒരു പ്രശ്‌നവുമല്ല മദിച്ചു നീന്തുന്ന പുഴുക്കള്‍, നാറുന്ന അഴുക്ക്..എന്നിട്ടും ഒരു ദിവസംആ കാഴ്ച പുഴയെ അമ്പരപ്പിച്ചു.വിസര്‍ജ്യങ്ങളില്‍ ഉദിച്ചു നില്‍ക്കുന്ന അനേകം വെള്ളപ്പൂക്കള്‍..ആ പെണ്‍കുട്ടി അത് കയ്യെത്തിച്ചു പറിക്കുന്നു.അഴുക്കില്‍ പൂണ്ട കാലുകള്‍ കറുത്തിരിക്കുന്നു. സ്മരണകളുടെ കയ്പത്രയും ചില്ലുതരികളായി അവളുടെ കണ്ണുകളില്‍ നിന്നും വീണുകൊണ്ടിരുന്നു.അദ്ഭുതം! ഒരു പ്രകാശവലയം അവളുടെ ശിരസ്സിനു ചുറ്റും നൃത്തം ചെയ്യുന്നുണ്ട്. സ്‌നേഹത്തോടെ ആ നേര്‍ത്ത കൈകളില്‍ സ്പര്‍ശിക്കാന്‍  വെമ്പി സരസി കിതച്ചൊഴുകി..നാറ്റം ചരല്‍മഴ പോലെ പെയ്തുപിന്നെയും പിന്നെയും...........  

2013, ഡിസംബർ 21, ശനിയാഴ്‌ച

വേര്‍പാടിന്റെ താഴ്വര(കഥ)



മഞ്ഞക്ലോക്കിന്റെ സൂചികള്‍ ഇടയ്ക്കിടെ ചില അക്കങ്ങളില്‍ ചുറ്റിപ്പിണഞ്ഞു, ഒരു നിമിഷത്തെ ചുംബനത്തിനു ശേഷം ടിക് ടിക് എന്നു പതുക്കെ പാദം ചലിപ്പിച്ചു. എന്താണ് ഉള്ളില്‍ കൊളുത്തി വലിക്കുന്നത്?ചങ്കില്‍ വന്നു കനക്കുന്നത്?നെഞ്ചില്‍ പാറ കണക്കെ അമരുന്നത്?ഈ താഴ്വര പണ്ടേ വേര്‍പാടിന്റെതായിരുന്നില്ലേ?അകലെയല്ലാത്ത നദിയുടെ വെള്ളിയാടകള്‍ ഉലയുന്ന ശബ്ദം കേട്ട്, വെള്ളിക്കൊലുസുകള്‍ കിലുങ്ങുന്നത് ശ്രവിച്ച്, അനന്തതയിലേക്കെന്നോണം യാത്ര തുടരവേ ഓര്‍മിച്ചതായിരുന്നില്ലേ ഈ വിരഹവും? വേര്‍പെടുമ്പോഴെല്ലാം സൂചികള്‍ അടുത്ത കൂടിച്ചേരലിനെയോര്‍ത്ത് ആശ്വാസം കൊള്ളുന്നുണ്ടാവും..ഒരിക്കല്‍ നിലച്ച യാത്രയുടെ ചെറിയ ചെറിയ ആഹ്ലാദങ്ങള്‍..
താഴ്‌വരയുടെ മുഗ്ദ്ധമായ പച്ചപ്പില്‍ മുഖം പൂഴ്ത്തി..വേനലിന്റെ ഉണക്കപ്പുല്ലിന്റെ വൈരൂപ്യത്തിലെക്ക് പലപ്പോഴും ഇടറി വീണ്..ഒടുക്കം മരുവിന്റെ വരണ്ട തൊലിയിലേക്കും ചുളിവിലേക്കുമാണോ എല്ലാ യാത്രകളും അവസാനിക്കുന്നത്? മണല്‍ക്കുന്നുകള്‍ക്കപ്പുറത്ത് നിന്നെങ്ങോ ചിറകു വിരിച്ചെത്തുന്ന ആ പക്ഷിയുടെ ഭീകരമുഖം മാത്രം ഉള്ളില്‍ ദര്‍ശിച്ച്..ഒരു ചെറുനിമിഷത്തിന്റെ വാസത്തിനു പോലും കാലപ്പെരുക്കം കൊടുക്കാന്‍ കഴിയുന്ന സൈകതഭൂവിന്റെ അലിവേതുമില്ലാത്ത മുഖം..
പെട്ടെന്ന് ക്ലോക്ക് നിശ്ശബ്ദമായി. ഒരു കിടിലം അവരെ ബാധിച്ചു.തന്റെ ഹൃദയസ്പന്ദനത്താലാണ് അത് ടിക് ടിക് എന്നു ശ്വസിക്കുന്നത്.പിന്നില്‍ നിന്ന് തണുത്തു ചുളിഞ്ഞൊരു കൈ അവരെ സ്പര്‍ശിച്ചു.മണല്‍ക്കാറ്റ് പറത്തിക്കയറ്റിയ തരികളാല്‍ ഈ മരുഭൂവില്‍ പലര്‍ക്കും ആന്ധ്യം ബാധിച്ചു തുടങ്ങി..ചവച്ചരച്ചും ഞെരിച്ചു തകര്‍ത്തും വീറു കാട്ടിയിരുന്ന ദന്തസൈന്യവും കൈ വിട്ട് തീര്‍ത്തും നിരായുധരാന് ഓരോരുത്തരും..
'ഞാനിന്നലെ കണ്ട സ്വപ്നം കേള്‍ക്കണോ വിമലേ,'  ശ്യാമള പതിവു പോലെ കിനാക്കളുടെ പൊതിയഴിച്ചു.ഇടറിയ ശബ്ദത്തില്‍ സ്ഫുടത നഷ്ടമായ വാക്കുകള്‍..'മിണ്ടാന്‍ വയ്യാത്തൊരു കുട്ടി തൂങ്ങിച്ചാകണതാ ഞാന്‍ കണ്ടത്.വാക്കുകള്‍ അവള്‍ക്ക് ചുറ്റും അശരീരിയായി നൃത്തം വച്ചു. എന്താ ഈ സ്വപ്നത്തിന്റെ അര്‍ഥം?'
'അപരിചിതരുടെ മരണം കിനാകണ്ടാല്‍ പരിചിതരുടെ മരണം കേള്‍ക്കുമെന്നാ..'അവര്‍ പിറുപിറുത്തു.കാറ്റില്‍ വെള്ളനൂലുകള്‍ ഇളകി നെറ്റിയിലേക്ക് വീണു.കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു ചിത്രത്തുന്നല്‍ പോലെയാണ് തലയിപ്പോള്‍. .താഴ്വരയിലായിരുന്ന പ്പോള്‍, നദീജലത്തിന്റെ കുളിര്‍കാറ്റ് താഴുകിയിരുന്ന കാലത്ത് തിങ്ങി ഇടതൂര്‍ന്ന മേഘക്കൂട്ടങ്ങളായിരുന്നു ശിരസ്സില്‍..അസൂയയോടെ നോക്കിയിട്ടുണ്ട് പലരും..മരുഭൂവാസക്കാലത്ത് എല്ലാ അഭിമാനങ്ങളും മിഥ്യയായിത്തോന്നും..പുച്ഛം ചുണ്ടുകളെ വക്രിപ്പിക്കും..വളഞ്ഞ രേഖകള്‍ കൈവഴികളായി മുഖത്തു നിന്നും പുറപ്പെടും. മൊട്ടിടുന്നതിന്റെ, പൂക്കാലത്തിന്റെ ആനന്ദങ്ങളിലേക്കെല്ലാം ഒരു ബൂമാറാന്‍ഗ് പരത്തിയെറിയും..
'സിക്‌സ്ത്തിലെ ഷീലവല്യമ്മ മരിച്ചതറിഞ്ഞില്ലേ?വല്യ കൂട്ടായിരുന്നില്ലേ രണ്ടാളും?'സിസ്റ്റര്‍ വെളുത്ത ചിറകുകളിളക്കി പതുക്കെ ചിരിച്ചു.മരണം ചിരിയുടെ വെളുപ്പിലേക്ക് കൂട് മാറിയോ?മണലാരണ്യത്തില്‍ ശീലങ്ങളെല്ലാം തല തിരിഞ്ഞാണ്.ഓരോ മൃത്യുവും സിസ്റ്റമാര്‍ക്ക് ആശ്വാസമാണേകുക.പുതിയൊരാള്‍ എത്തും വരെയെങ്കിലും സുഖമായൊന്നുറങ്ങാമല്ലോ..പക്ഷെ, കൂറ്റന്‍ പക്ഷി എല്ലായിടത്തും മുട്ടിയറിയിച്ചാവണം, പിറ്റേന്ന് നേരം വെളുക്കുമ്പോഴെക്ക് ഓഫീസിനു മുമ്പില്‍ ഒരു കാര്‍ വന്നു നില്‍ക്കും.ഡോര്‍ തുറന്നതും ചവിട്ടിയിറക്കപ്പെട്ടതു പോലെ വിവശമായൊരു ശരീരം,വെള്ള വസ്ത്രത്തില്‍..വെളുത്ത വാതിലുകള്‍, ചുമരുകള്‍, ചെടികളില്‍ വിരിയുന്നത് പോലും വെളുത്ത പൂക്കള്‍..വാര്‍ധകത്തെ ഇങ്ങനെ വെളുത്ത കൊക്കൂണിലേക്ക് തിരുകിക്കയറ്റിയത് ആരാണ്?
ഓരോരുത്തര്‍ക്കുമുണ്ട് നന്ദിയില്ലായ്മയുടെ കഥകള്‍ പറയാന്‍..ആവുന്ന കാലത്ത് സില്‍ക്കു നൂലുകള്‍ ചുരത്തി, ക്ലേശക്കല്ലുകളില്‍ ചവിട്ടി, ചതുപ്പില്‍ വീണ്..മക്കളില്ലാത്തതിനാല്‍ ഒരു തത്വജ്ഞാനിയുടെ മട്ടില്‍ കേട്ടിരിക്കും.
'ഒക്കെ ഓരോ വ്യാമോഹല്ലേ?പൂച്ചയും നായയും തിരിച്ചെന്തെങ്കിലും കിട്ടിയിട്ടാണോ മക്കളെ പോറ്റുന്നത്?നമ്മെപ്പോലെ അവ കണക്ക് വെക്കുന്നില്ല..'
ഒരദ്ഭുതജീവിയെന്നോണം എല്ലാവരും തന്നെ തുറിച്ചു നോക്കി.ഈ നോട്ടം എന്നും തന്റെ പിന്നാലെയുണ്ടായിരുന്നു.തന്റെ ഓരോ അഭിപ്രായവും അവരുടെ ശീലങ്ങളോട് ഇടയുന്നത് കണ്ട് കോപക്കണ്ണുകളോടെ അവര്‍ ചുഴിഞ്ഞു നോക്കി.
'ഓരോ പഞ്ചായത്തിലും വേണം വൃദ്ധസദനങ്ങള്‍.അമ്പത് വയസ്സാവുമ്പോ ആരുടേയും പ്രേരണയില്ലാതെ കുട്ടികള്‍ സ്‌കൂളില്‍ ചേരുമ്പോലെ പഴയ സ്ലെയിറ്റ് പൊടി തട്ടിയെടുത്ത്..അതു വരെ പഠിച്ചതെല്ലാം ഒന്നൂടെ വായിക്കാന്‍..തിരുത്തിയെഴുതാന്‍..ഒരേ തൂവല്‍ പക്ഷികളായി, വെളുത്ത ശലഭങ്ങളായി, പാറിക്കളിക്കാലോ നമുക്കിവിടെ..'
പകച്ച അവരുടെ കണ്ണുകളില്‍ ഒരു ഭ്രാന്തിയെ ശ്രവിക്കുന്നതിന്റെ പൊറുതികേടുണ്ടായിരുന്നു. ആരുമധികം ചിന്തിക്കുന്നുമില്ല. ആദ്യമായി കുട്ടിയുണ്ടായതും അവന്‍ കൊച്ചടി വച്ചതും പെണ്ണ് കെട്ടിയതും സര്‍പ്പഫണങ്ങള്‍ കൊത്താനാഞ്ഞതും..പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞ്..ആവര്‍ത്തനത്തിന്റെയീ ചുറ്റുകോണി ഇവരെ വെറുപ്പിക്കാത്തതെന്ത്? ചിലര്‍ ഇടയ്ക്ക് പണ്ട് ഭര്‍ത്താക്കന്മാര്‍ ചെവിയിലോതിയ കിന്നാരങ്ങളോര്‍ത്ത് ചിരിക്കും..
സീമ നിലാവ് കാണുകയാണ്.അകലേക്ക് നിവര്‍ന്നു പോകുന്ന നിലാവിന്റെ തിളങ്ങുംപായയില്‍ പല തവണ ഇരുന്നതും സ്‌നേഹനൂല്‍ നെയ്തതും എത്രയാണവര്‍ പറഞ്ഞിരിക്കുന്നത്..അതു മാത്രം കേട്ടാല്‍ മതിയാകില്ല. ഒരിക്കലും സ്‌നേഹമറിയാത്ത ആത്മാവ് അസൂയയോടെ ആ കഥയോട് ഒട്ടിച്ചേരാനാഗ്രഹിക്കും.ചന്ദ്രികക്കപ്പുറത്ത് നിന്നും എന്തുകൊണ്ട് ഒരു വെള്ളിക്കരം തന്റെ കണ്ണുനീരും തുടച്ചില്ല?നീയെന്റെയല്ലേയെന്നു ചെവിയില്‍ മന്ത്രിച്ചില്ല?ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന കടച്ചില്‍..തീവ്രവേദനയാല്‍ ആത്മാവ് മോഹാലസ്യപ്പെടുമോ?സീമ തിരിഞ്ഞു നിന്നപ്പോള്‍ ആഴമേറിയ കണ്‍തടാകത്തില്‍ അനേകം ഓളങ്ങള്‍..
'വീട്ടിനു പിന്നിലെ തണുപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന പച്ചക്കുളത്തിലേക്ക് ദിവസവും പോണം മൂപ്പര്‍ക്ക്.വെപ്രാളത്തോടെ പിന്നാലെ പുറപ്പെടുമ്പോള്‍ മരുമക്കള്‍ അസ്ത്രമെയ്യാന്‍ തുടങ്ങും'ഓ, വയസ്സനും വയസ്സിക്കും കുളത്തില്‍ വീണു ചത്ത് നാട്ടാരെക്കൊണ്ട് പറയിപ്പിക്കണം. ഇവരുടെ ഇളക്കം തടയാന്‍ ഇവിടുത്തെ ആണുങ്ങളെ കൊള്ളില്ലാലോ'പടവിലിരിക്കുന്ന തന്നോട് ദൂരേക്ക് നീങ്ങുമ്പോള്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു'.സാരല്യെടോ' ആ കണ്ണുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.'ജലസമാധിയെന്താന്നറിയോ തനിക്ക്?നോക്കിക്കോ, ഈ വയസ്സന്‍ എത്ര വരെ ശ്വാസം പിടിച്ചിരിക്കുമെന്ന്..'അലമുറ കേട്ടു ഓടിയെത്തിയവരൊക്കെ പഴിച്ചത് തന്നെ...'
ഉള്ളിലാരോ ക്രൂരമായി ചിരിച്ചു.അതു വേണ്ടത് തന്നെയല്ലേ?ഒരു കൂട്ടര്‍ മാത്രം അന്‍പിന്റെ സീതപ്പഴം ഭുജിക്കരുതല്ലോ.അതൊരിക്കലും രുചിക്കാത്തവരുടെ ദുഃഖം അവരും അറിയണമല്ലോ..പ്രിയതയുടെയാ പച്ചക്കുളത്തില്‍ നിന്ന്! ആരുമെന്തേ തൂവലിളക്കിയുയര്‍ന്നില്ല?ചുണ്ടില്‍ ഉമ്മ വെച്ച് നീയെന്റെതായിരുന്നല്ലോ എന്നു പറഞ്ഞില്ല..
ഷീലയെ പൊതുശ്മശാനത്തില്‍ അടക്കിക്കൊള്ളാന്‍ വിദേശത്തുള്ള മക്കള്‍ വിളിച്ചു പറഞ്ഞു.സങ്കടത്തിന്റെ അകമ്പടിയില്ലാതെ അവളുടെ ജഡം വാഹനമേറിയപ്പോള്‍ എവിടെയോ ഏതോ നദിക്കിരുപുറം വേര്‍പെടുന്ന രണ്ടു പേരുടെ കരയുന്ന നീട്ടിയ കൈകള്‍ ഉള്ളിലിളകി.ആ നിമിഷം തന്നെ മരുവാസത്തിനര്‍ഹാനായ മറ്റൊരാള്‍ മുറ്റത്തിറങ്ങി.തുടര്‍ന്നുകൊണ്ടേയിരിക്കുന്ന കോമാളി വേഷങ്ങളുടെ ശ്രേണിയാണീ ജീവിതം.പീഡയോടെ അവര്‍ മഞ്ഞക്ലോക്കില്‍ തല മുട്ടിച്ചു.അതിന്റെ സൂചികള്‍ വീണ്ടും ഇളകുന്നു.ബലമായത് പിടിച്ചമര്‍ത്തി അവര്‍ പിറുപിറുത്തു:'എനിക്കീ വെയിലും ചുടുകാറ്റും ഇടയ്ക്കു മാത്രം എത്തി നോക്കുന്ന മരുപ്പച്ചയും ഒക്കെ മടുത്തു.തനിയെ നിശ്ചലയാവാന്‍ ധൈര്യവുമില്ല.നഴ്‌സുമാര്‍ക്ക് കൈമണി കൊടുത്താലോ..തോലടര്‍ന്ന ഹാന്‍ഡ്ബാഗ് അവര്‍ കുടഞ്ഞു.മൃതകാലത്തിന്റെ മഞ്ഞപ്പൂപ്പല്‍ പിടിച്ച കുറെ പേപ്പറുകള്‍ മാത്രം..അവസാനതുട്ടു വരെ  വന്ന അന്നു തന്നെ ഓഫീസില്‍ ഏല്‍പ്പിച്ചത് അപ്പോള്‍ ഓര്‍ത്തു.'അന്തേവാസികള്‍ പണമൊന്നും സൂക്ഷിക്കേണ്ട'ആരുമാരും കൂട്ടില്ലാതെ വന്നു ചേര്‍ന്ന അവരെ ഒട്ടദ്ഭുതത്തോടെ നോക്കിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
ക്ലോക്കിന്റെ സൂചി പൊടുന്നനെ വിറച്ചു.പൂക്കളില്‍ മദിച്ചാര്‍ക്കുന്ന മഞ്ഞശലഭങ്ങള്‍..'മരണപതംഗത്തിനു നീല നിറമായിരിക്കും'കാലങ്ങള്‍ക്ക് ശേഷം അവര്‍ ഡയറിയില്‍ എഴുതി.'സ്വപ്നത്തിന്റെ ആഴമേറിയ ഇരുണ്ട നീലഗര്‍ത്തത്തില്‍ നിന്നാവും അതൊരാളെ കൊത്തിയെടുത്തു പറക്കുക.'അവര്‍ ഘടികാരത്തെ ചേര്‍ത്തു പിടിച്ചു.'കുഴിമാടത്തില്‍ നിന്നും ഞാന്‍ പ്രേതമായി പുറത്തു വരും.സ്‌നേഹിക്കുന്നവരുടെയെല്ലാം രക്തം പകയോടെ പാനം ചെയ്യും.ചുവന്ന മണ്ണ്! നിരന്തരം നെടുവീര്‍പ്പിടും.ചെവിയോര്‍ത്താല്‍ കേള്‍ക്കാം രോദനംവേര്‍പാടിന്റെയാ താഴ്വരയിലേക്ക് ഒരു രാഗക്കാറ്റെന്നെ കൊണ്ടു പോയെങ്കില്‍..ഒരിക്കലും വിട്ടു പിരിയാത്ത ഒരാത്മാവിന്റെ കൈ പിടിച്ച് ഞാനവിടെ പറന്നിറങ്ങും..നിറവസന്തത്തിന്റെ പ്രദീപ്തി ആസ്വദിക്കും..പിന്നെ പുഴയുടെ അരോഹണാവരോഹണത്തിലേക്ക് ഒരു കുഞ്ഞോളമായി പുനര്‍ജനിക്കും..ഒരിക്കലും പിരിയാത്ത രണ്ടു കുമിളകളായി!
        

2013, ഡിസംബർ 14, ശനിയാഴ്‌ച

വിലാസമില്ലാത്തവര്‍(കഥ)


ഓരോ ബസ്സ്റ്റാന്റിനും എന്തെല്ലാം കഥകളാണ് പറയാനുള്ളത്. ശതവര്‍ഷങ്ങള്‍ക്ക പ്പുറമെന്നോ അതിന്റെ മാറില്‍ തല ചായ്ക്കുന്ന ഭിക്ഷക്കാര്‍, പട്ടി പിടുത്തക്കാര്‍ , കൂട്ടി ക്കൊടുപ്പുകാര്‍..മുഷിഞ്ഞ കണ്ണീരും ദുര്‍ഗന്ധമുള്ള നിശ്വാസങ്ങളും അതിന്റെ ഉള്ളിലെവിടെയോ തങ്ങിക്കിടപ്പുണ്ടാകും..കാക്കിരൂപങ്ങള്‍ പെട്ടെന്നാണ് ചാടി വീഴുക.പിന്നെ ഓട്ടമാണ്,എങ്ങെന്നില്ലാതെ..മഞ്ഞിലും മഴയിലും ആകാശം മാത്രം കുടയായി..ചാക്കില്‍ നിന്നും ഞളുങ്ങിയതും പഴയതുമായ പാത്രങ്ങളും ലോഹക്ക ഷ്ണങ്ങളും കലപില കൂട്ടി ചിരിച്ചു,ഒട്ടൊരു പരിഹാസത്തോടെ..എന്നോ വെള്ള നിറമായതിന്റെ ഓര്‍മയായി രണ്ടുമൂന്നു നൂലുകള്‍ അഴുക്കാകാതെ ചാക്കില്‍ തൂങ്ങി ക്കിടപ്പുണ്ട്.ചവറു സാധനങ്ങള്‍ ആണേലും സ്വര്‍ണം തൂക്കുമ്പോലെയാണ് ആളുകളു ശ്രദ്ധ,പണത്തിനു വേണ്ടിയുള്ള കണക്ക്പറച്ചില്‍...സ്റ്റാന്റിലെ രണ്ടു ടി വിയുടെ മുന്നിലും നിറയെ ആളുണ്ട്.അല്‍പവസ്ത്രമണിഞ്ഞ പെണ്ണുങ്ങള്‍ ചാടിത്തുള്ളുന്നു.പണ്ട് സ്‌കൂള്‍ കലാപരിപാടി കാണാന്‍ തെരുവുപിള്ളേരും പോകാറുണ്ടായിരുന്നു.ഒരിക്കല്‍ ദരിദ്രയായ ഒരമ്മയുടെ ദുരിതം മുഴുവന്‍ സ്‌റ്റേജില്‍ ആടിത്തീര്‍ത്തു ഒരു പെണ്‍കുട്ടി.സ്വന്തം അമ്മ തന്നെയാണതെന്ന് തോന്നിപ്പോയി.അമ്മ നന്നായി നൃത്തം ചെയ്യുമായിരുന്നു.ഏതോ വലിയ വീട്ടില്‍ നിന്നും ഒരു യാചകന്‍ മോഷ്ടിച്ചതായിരുന്നു അവരെ.അമ്മയെ കുന്തത്തില്‍ നിര്‍ത്തിയും കയറിലൂടെ നടത്തിച്ചും അയാളേറെ പണമുണ്ടാക്കി..

'ജോസണ്ണ,ഇന്നും പെരുമഴ വരണുണ്ട്.ഈ ചളിയിലെ ഉറക്കം എന്നാണൊന്നു അവസാനിക്കെന്റെ ദേവ്യേ..'സീതമ്മ കിടക്കാനുള്ള പുറപ്പാടാണ്.രാത്രിയായാ സ്ടാന്റില്‍ ആളു കുറയും.'അപ്പഴും ആളു കുറഞ്ഞില്ലേല്‍ നമ്മളൊക്കെ എന്തു ശെയ്യും?'സീതമ്മ ചിരിക്കുമ്പോള്‍ പല്ലില്ലാത്ത വിടവുകള്‍ അവരെ കളിയാക്കും.ചെറുപ്പത്തില്‍ വല്യ സുന്ദരി ആയിരുന്നത്രെ.അതുകൊണ്ടു തന്നെ അന്നെല്ലാം ഓരോ കൊല്ലവും ഒക്കത്ത് ഓരോ കുഞ്ഞുണ്ടാവും.പക്ഷെ ആകെ ഒരാളാണ് ശേഷിച്ചത്മണി.അവന്‍ ബലവാനായി അമ്മക്ക് തണിയായി നടക്കുന്നു.വിഴുപ്പുകളുടെ ജന്മമാണ് കിട്ടിയത്.കരിങ്കല്ലിന്റെ പരുക്കന്‍പ്രകൃത മുണ്ടോ മാറുന്നു?ഒരു കല്ലില്‍ നിന്ന്! മറ്റൊന്നിലേക്ക്..സ്റ്റാന്റിന്റെ അറ്റത്താണ് തൊപ്പിയിട്ടു വാ തുറന്നിരിക്കുന്ന തപാല്‍പെട്ടി.പോസ്റ്റ്മാന്‍ അതില്‍ നിന്ന് കൂമ്പാരമായിക്കിടക്കുന്ന കത്തുകള്‍ എടുക്കുന്നത് എത്ര കണ്ടാലും മതിവരില്ല.അതു പോലെ വൃത്തിയുള്ള ഒരു കവറില്‍ എന്നാവും തനിക്കും ഒരു കത്ത് വന്നു ചേരുക?ജീര്‍ണിച്ച ജീവിതത്തിലേക്ക് സുഗന്ധം പരത്തുന്നൊരു എഴുത്ത്..വേസ്റ്റ് ബിന്നിനു ചുറ്റും എപ്പോഴുമൊരു കുടല്‍ പറിക്കുന്ന മണമുണ്ടാവും.ദുര്‍ഗന്ധം അസഹ്യമാകുമ്പോള്‍ ആളുകള്‍ പകയോടെ ഞങ്ങളെ നോക്കും,അതെല്ലാം ഞങ്ങളില്‍ നിന്നാണെന്ന പോലെ..

പട്ടിപിടുത്തക്കാരന്‍ ഗോപാലിന്റെ പിന്നില്‍ നിന്ന്! എപ്പോഴും ഒരു പേനായയുടെ ദീനവിലാപം അലയടിക്കും.അതിന്റെ കണ്ണിലെ അമ്പരപ്പും നിസ്സഹായതയും അവന്റെ മുഖത്തും പടരും.'ജോസണ്ണ,എന്തൊരു ജീവിതാ നമ്മള്‍ടെ.കണ്ണടച്ചാ ആയിരം പേനായ്ക്കള്‍ പിന്നാലെ ഓടി വരാ.ഒടുക്കം വല്യൊരു കുഴീല്‍ക്ക് മറിഞ്ഞു വീഴണ വരെ ആ സ്വപ്നം എന്നെ ഓട്ടിക്കും..'
എത്ര മറക്കാന്‍ ശ്രമിച്ചാലും ആനി ഇതിലൂടെയൊക്കെ ഓടിക്കളിക്കുന്നു.ദിവസവും പല വേഷത്തില്‍ പുതിയ കഥകളുമായി അവള്‍ തോട്ടരികിലുള്ളത്‌പോലെ..പുളിച്ചു കെട്ട ഭക്ഷണമായിട്ടും അതിനെയൊക്കെ അവഗണിച്ചാണ് അവളുടെ ശരീരം ചന്തമാര്‍ന്നത്.നാടുകളിലൂടെയുള്ള സഞ്ചാരങ്ങളില്‍ കഴുകന്‍ കണ്ണുകള്‍ അവളെ ചുറ്റുന്നത് കണ്ടപ്പോഴാണ് അവള്‍ വലുതായെന്ന ബോധ്യം തനിക്കുണ്ടായത്.എന്നും കൊച്ചുകുഞ്ഞായിരുന്നു തനിക്കവള്‍.തെരുവില്‍ ദുര്യോധനനും ദുശാസനനുമൊന്നും യാതൊരു പഞ്ഞവുമില്ല.വെളുത്ത തുട കാട്ടി അവരെപ്പോഴും വികടച്ചിരി ചിരിക്കുന്നു.കണ്ണിന്റെ മുന്നില്‍ നിന്നാണ് അവര്‍ അവളെ വലിച്ചിഴച്ചു കൊണ്ടു പോയത്.'കാരണോരെ,തെരുവ് പൊതുസ്വത്താ, അതിന്റെ സന്തതികളും..'അവരിലൊരുത്തന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് തന്നെ തൊഴിച്ചെറിഞ്ഞു.പിറ്റേന്ന് പുഴക്കരയില്‍ ഒരിക്കല്‍ കൂടി കണ്ടുകുറുനരികള്‍ കടിച്ചു വലിച്ച കൈകാലുകള്‍..വേദനയുടെ ആഴങ്ങളിലേക്ക് വീണു പോയ കണ്ണുകള്‍..
കടിയേറ്റിട്ടും ഇന്‍ജക്ഷന്‍ എടുക്കാന്‍ കൂട്ടാക്കുന്നില്ല ഗോപാല്‍.പേയിളകി ചത്തോട്ടെ എന്നൊരു മട്ട്..ഭ്രാന്തിളകിയ ഒരു കൂട്ടം പിശാചുക്കള്‍ക്കിടയില്‍ നിന്നാണ് പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മോളേം കൊണ്ടോടിപ്പോന്നത്.പേയിളകിയ നായ്ക്കൂട്ടങ്ങളാകട്ടെ നിറഞ്ഞിരിക്കുന്നു എല്ലായിടത്തും..അപാരമായ ശൂന്യതയുടെ മണല്‍ പ്പരപ്പുകളാണ് മുന്നിലെപ്പോഴും.അതിന്റെ അതിരുകള്‍ക്കപ്പുറത്ത് നിന്നാണ് വൃത്തിയുള്ള ഒരെഴുത്ത് പ്രതീക്ഷിക്കുന്നത്.തൂവെള്ള വസ്ത്രത്തില്‍ ഒരു അഞ്ചല്‍ക്കാരന്‍ ഓടി വരുന്നത് സ്വപ്നം കാണുന്നത്.നിറഞ്ഞ ഇരുട്ടില്‍ വ്യസനത്തിന്റെ കൂര്‍ക്കംവലികള്‍..ഉറക്കത്തിലും ഇവര്‍ ദുഃഖിക്കുന്നുണ്ടാകണം.ഉറക്കവും മരണവുംപാവമെന്നോ പണക്കാരനെന്നോ ഭേദമില്ല അവക്കെങ്കിലും..

ഇരുളില്‍ തപാല്‍ പെട്ടിക്കടുത്ത് ആരോ നില്‍ക്കുന്നുണ്ട്.കയ്യിലെ കവറിന്റെ വെളുപ്പ് ഇരുട്ടിലും തിളങ്ങുന്നു.ചുമലില്‍ തണുത്ത സ്പര്‍ശം.ഞെട്ടിത്തിരിഞ്ഞുകത്തില്‍ ഒറ്റവരിയേ ഉള്ളൂ.'സമയമായി,പുറപ്പെടാം.അടിമുടി വിറക്കുന്നു.നെഞ്ചു പിളര്‍ത്തുന്ന വേദന.കഴുത്തിലാരോ കയറിട്ടു മുറുക്കുന്നു.ദൈവമേ! എന്റെ ഒരാഗ്രഹമെങ്കിലും സാധിച്ചല്ലോ.സൌരഭ്യം നിറഞ്ഞൊരു എഴുത്ത്..അയാളെന്നെ തണുപ്പുകൊണ്ട് പൊതിയുമ്പോഴാണ്,അവസാന ശ്വാസത്തെ വലിച്ചൂരുമ്പോഴാണ് ഒരു പുക പോലെ മകള്‍..മലിനമായ ഉടുപ്പ്, പോള്ളിത്തിണര്‍ത്ത ദേഹം..അവള്‍ കണ്ണു നിറച്ചു'പപ്പ പറഞ്ഞിരുന്നില്ലേ, സ്വര്‍ഗരാജ്യം നിന്ദിതര്‍ക്കും പീഡിതര്‍ക്കും ഉള്ളതാണെന്ന്..പക്ഷെ ഞങ്ങളാണ് നരകത്തില്‍.ശരീരം ആശുദ്ധമായത്രെ.മാംസഭോജികളായ വേട്ടമൃഗങ്ങളെല്ലാം സ്വര്‍ഗ്ഗത്തോപ്പുകളില്‍ അട്ടഹസിക്കുന്നു.ഇടയ്ക്കവര്‍ ഇരുമ്പു കൈകളാല്‍ ഞങ്ങളെ പൊക്കിയെറിയുന്നു.അമ്മാനമാടുന്നു.കാര്‍ക്കിച്ചു തുപ്പുന്നു..

ഞാനെന്താ പറയുക?എല്ലാം അവളുടെ തോന്നലുകളെന്നല്ലാതെ..സ്വര്‍ഗ്ഗനരകങ്ങള്‍ വന്നു ചെര്‍ന്നിട്ടില്ലെന്നല്ലാതെ..മുകളിലുള്ളവനും കൈവിട്ടാല്‍ ഈ ദുരിതങ്ങളുടെയെല്ലാം കടം ആരാണ് വീട്ടുക?അവളുടെ അഴുക്കു പിടിച്ച ചേലയതാ മറയുന്നു.കഷ്ടം! ഒരു കത്തു വന്ന വിവരം അവളോട് പറയാന്‍ വിട്ടു പോയല്ലോ.മോളേ, ഇനിയെന്നാണ് നീ മുന്നിലവതരിക്കുക?      

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഡ്രീം മെഷീന്‍(കഥ)



സുഖദമായ ഓര്‍മകളാണ് സ്വപ്‌നങ്ങള്‍.നിറപ്പകിട്ടാര്‍ന്ന ഹൃദയഹാരിയായ എത്രയെത്ര കിനാക്കള്‍..അവള്‍ ഓര്‍മകളെ ആദിയിലേക്ക് വട്ടം കറക്കി.കുഞ്ഞുനാളിലൊരിക്കല്‍ മഴവില്ലു കണ്ടിട്ടുണ്ട്.പിടിയില്ലാത്തൊരു അരിവാളു പോലെ..പിന്നീട് മഴവില്ലുകളെല്ലാം എവിടേക്കാണ് നഷ്ടപ്പെട്ടുപോയത്?കിനാവിന്റെ വര്‍ണമഴയും ചേറുവഴികളുമൊക്കെ ടി വീ ദൃശ്യം പോലെ ഉള്ളില്‍ ഉയിരാര്‍ന്നു വരും..നിറമുള്ള ചെലകളില്‍ കാല്‍ത്തള കിലുക്കി നൃത്തമാടുന്ന സുന്ദരികള്‍.പുതിയ നിറക്കൂട്ടുകളില്‍ വിരിഞ്ഞാടുന്ന പൂക്കള്‍..വരുംകാലത്തെന്നോ വരാന്‍ പോകുന്ന ദുരിതങ്ങളുടെ മുന്നറിയിപ്പെന്നോണം അഴുകി പുഴു വരാറായ കുളിമുറികള്‍..ഉണങ്ങിക്കരിഞ്ഞ മരങ്ങള്‍..പണ്ട് മിസ്രയീം ദേശത്തെ രാജാവ് നദീതീരത്തു മേഞ്ഞു നടക്കുന്ന ഏഴു തടിയന്‍ പശുക്കളെ മെലിഞ്ഞു വിരൂപികളായ ഏഴെണ്ണം തിന്നു കളയുന്നത് സ്വപ്നം കണ്ടു.പുളച്ചു നില്‍ക്കുന്ന ഏഴു കതിരുകളെ നേര്‍ത്തു കരിഞ്ഞ ഏഴെണ്ണം വിഴുങ്ങുന്നതായിരുന്നു മറ്റൊരു സ്വപ്നം.വരാന്‍ പോകുന്ന ഏഴു കൊല്ലത്തെ ക്ഷാമത്തെക്കുറിച്ച മുന്നറിയിപ്പായിരുന്നു അത്..
വാണ്ടഡ് കോളത്തില്‍ അഭിലഷണീയയോഗ്യത ഡിഗ്രിയായിരുന്നു.അത്യാവശ്യം വേണ്ടത് സ്വപ്നം കാണാനുള്ള കഴിവാണ്.പരസ്യവാക്യം ഇപ്രകാരമായിരുന്നു'നിങ്ങള്‍ കോടീശ്വരി (രന്‍)യാകാനാഗ്രഹിക്കുന്നുണ്ടോ?പുതിയ പുതിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ കൊതിക്കുന്നുണ്ടോ?എങ്കില്‍ നിങ്ങള്‍ക്ക് ഒന്നേ വേണ്ടു.സ്വപ്നം കാണാനുള്ള കഴിവ്.'വിമാനത്തില്‍ കയറുമ്പോള്‍ കാല്‍ വിറച്ചു.ഉയരങ്ങള്‍ കീഴടക്കുകയാണ്.ഒരു കൊച്ചു കുടിലില്‍ പിറന്നവള്‍ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണോ?പഞ്ഞിക്കെട്ടുകളായി മേഘങ്ങള്‍ തൊട്ടുമുകളില്‍..ആകാശത്തെ തൊടാനായുന്ന ഒരു കെട്ടിടത്തിന്റെ ഏറ്റവും മുകളിലായിരുന്നു ഓഫീസ്.അവസാനമാണ് വിളിക്കപ്പെട്ടത്.അവര്‍ക്ക് ഒന്നും അന്വേഷിക്കാനുണ്ടായിരുന്നില്ല.ഒരാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു.മറ്റൊരാള്‍ ഇമയനക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കി,എന്തോ പരിശോധിക്കുംപോലെ.ഒരാള്‍ അങ്ങനെ നോക്കിയിരിക്കുന്നത് അത്ര സുഖമുള്ളതല്ല.ആ ലജ്ജ കുറച്ചു നേരമേ ഉണ്ടായുള്ളൂ.മനസ്സേതോ ഭാവനാലോകത്തേക്ക് പറന്നുയര്‍ന്നു.ആലീസിന്റെ അത്ഭുതലോകത്തെത്തിയ പോലെ വിസ്മയദൃശ്യങ്ങളില്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നു.അയാള്‍ പുഞ്ചിരിയോടെ അവളെ തൊട്ടു വിളിച്ചു:'യു ആര്‍ സിലക്റ്റഡ്.നാളെ മുതല്‍ ഓഫീസില്‍ വന്നോളൂ..'

നാലിഞ്ചു നീളമേ ആ യന്ത്രത്തിനുണ്ടായിരുന്നുള്ളൂ.രണ്ടു വയറുകള്‍ അയാള്‍ അവളുടെ ചെന്നിയില്‍ പിടിപ്പിച്ചുകൊണ്ട് പറഞ്ഞു:'ഞങ്ങളുടെ നാട്ടിലാരും ഇപ്പോള്‍ സ്വപ്നം കാണുന്നില്ല.മെന്റല്‍സ്ട്രസ്സ് കൊണ്ട് മാനസികരോഗികളായവര്‍,ക്യാന്‍സര്‍ ബാധിച്ചവര്‍,തുടങ്ങി അനേകം മാറാരോഗികള്‍ക്ക് സ്വപ്നചികിത്സയിലൂടെ സൌഖ്യമേകാമെന്ന് ശാസ്ത്രം കണ്ടെത്തിയിരിക്കുന്നു.നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.വെറുതെ ഭക്ഷണം കഴിക്കുക,സോല്ലാസം ഉറങ്ങുക..ആദ്യത്തെ ഒരാഴ്ച നിങ്ങളുടെ സ്വന്തം സ്വപ്‌നങ്ങള്‍ ഞങ്ങള്‍ റിക്കോഡ് ചെയ്യും.പിന്നീട് ഞങ്ങള്‍ പറയുന്ന തീമുകളെക്കുറിച്ച് വൈവിധ്യമാര്‍ന്ന സ്വപ്‌നങ്ങള്‍ കാണണം നിങ്ങള്‍.നിങ്ങളുടെ എബിലിറ്റിയിലാണ് പ്രൊമോഷന്‍.ഇഷ്ടമുള്ള പശ്ചാത്തലസംഗീതം,സുഗന്ധം നിറം ..ഏതു തിരഞ്ഞെടുക്കാനും ഓപ്ഷനുണ്ട്.'
ആദ്യമൊക്കെ രസമായിരുന്നു.അസാധാരണമായ നിറപ്പകിട്ടുള്ള സ്വന്തം കിനാവുകള്‍ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അവള്‍ അമ്പരന്നുപോയി.ഇത്രയും വര്‍ണം,ഭംഗി ആരാവും കണ്ടിരിക്കുക?ചില സ്വകാര്യചിന്തകള്‍ ഇടയ്ക്കതില്‍ ഒളിമിന്നിയപ്പോള്‍ അയാള്‍ അവളെ നോക്കി കണ്ണിറുക്കി.ഇവിടെ വന്നതില്‍ പിന്നെ ഇരുട്ടില്ല,ദുഃഖമില്ല..പ്രകാശം..എങ്ങും തൂവി നിറയുന്ന വെളിച്ചം..ചൊവ്വയില്‍ വീട് വയ്ക്കുന്നത്,ചന്ദ്രനില്‍ മാളികകള്‍ പണിയുന്നത്,കടലിനുള്ളില്‍ മത്സ്യങ്ങളെപ്പോലെ മനുഷ്യര്‍ താമസിക്കുന്നത്..ഇഷ്ടമുള്ള ജീവികളെ സൃഷ്ടിക്കുന്നത്..അങ്ങനെ വിസ്മയച്ചെപ്പുകളായിരുന്നു അവര്‍ തന്ന ചിത്രങ്ങള്‍ നിറയെ..അവ സസൂക്ഷ്മം നോക്കി പഠിക്കണമായിരുന്നു.ഏറ്റവും ചെറിയ അംശത്തില്‍ നിന്നുപോലും അത്ഭുതസ്വപ്‌നങ്ങള്‍ വിടര്‍ന്നു വരാന്‍ ആ നിരീക്ഷണം ഏറെ സഹായിച്ചു..
ഒക്കെ രസമായിരുന്നു.പക്ഷെ,ആറു വര്‍ഷത്തിനുശേഷം എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങുമ്പോള്‍ പൊള്ളയായ ശിരസ്സ് പട്ടം പോലെ നൂലറ്റ് പറന്നു പോകുമെന്നു തോന്നി.കുഴിഞ്ഞ കണ്‍കളില്‍ കൃഷ്ണമണികള്‍ ചത്ത മീനുകളായി.നേര്‍ത്തൊരു വെള്ളസ്‌ക്രീന്‍ മുന്നിലുള്ളപോലെ..തലയുടെ ഭാരം കുറഞ്ഞുകൊണ്ടേയിരിക്കുന്നു.സ്വപ്നസീഡികള്‍ കാണുമ്പോള്‍ മാത്രം ഇത്തിരി ആശ്വാസമുണ്ട്.ബ്രെയിന്‍ പ്രയോജനശൂന്യമായതിനാലാണത്രെ ഈ പിരിച്ചു വിടല്‍.അന്ന് വിവര്‍ണമായ മുഖത്തേക്ക് സഹതാപത്തോടെ നോക്കി അയാള്‍ ആശ്വസിപ്പിച്ചു:'പോകാനിഷ്ടമില്ലെങ്കില്‍ ഇവിടെത്തന്നെ നിന്നോളൂ.ഞങ്ങളുടെ ടെക്‌സ്റ്റയില്‍സ് വേള്‍ഡിലെതിലെങ്കിലും മാനിക്വിന്‍ ആയി നില്‍ക്കാം.എന്നും പുതുവസ്ത്രങ്ങളണിഞ്ഞു പ്രതിമയായി അനക്കമില്ലാതെ നിന്നാല്‍ മതി.എല്ലാ ജോലികളും യന്ത്രങ്ങള്‍ ചെയ്യുന്നത്‌കൊണ്ട് ഇതൊക്കെയേ ബാക്കിയുള്ളൂ..'
എല്ലാമിനി ആദ്യം മുതല്‍ തുടങ്ങണം.ആകാശച്ചെരുവില്‍ ഫ്‌ലാറ്റില്‍ താമസിക്കാനാണേലും പണം ഇഷ്ടംപോലെയുണ്ട്.അപ്പൂപ്പന്‍താടി പോലെ ഭാരം കുറഞ്ഞ്,ഏതു സമയത്തും കഴുത്തില്‍ നിന്നറ്റ്‌പോയേക്കാവുന്ന തലയില്‍ ചൂടാന്‍ വേണമായിരുന്നു  കനമുള്ളൊരു കനവിന്‍കിരീടം.വീടിന്റെ ജനലുകളും വാതിലുകളും മറക്കണമായിരുന്നു കിനാവിന്റെ വര്‍ണനൂലുകളില്‍ നെയ്ത കട്ടിത്തിരശ്ശീലകളാല്‍..............
 

2013, ഡിസംബർ 1, ഞായറാഴ്‌ച

തരിശുനിലങ്ങള്‍(കഥ)



മനസ്സിന്റെ നിര്‍ത്ധരിയിലെന്നും ചേറുവെള്ളമാണ് ആഴങ്ങളില്‍ ചുഴികളെയും കനത്ത പ്രവാഹങ്ങളെയും ഒളിപ്പിച്ച് നിറഞ്ഞു കിടന്നത്.ഒന്നിളകുമ്പോഴേക്കും എന്തൊരു ദുര്‍ഗന്ധം!പ്രത്യാശാഭവനില്‍ വച്ച് സാമുവലിന്റെ, കുഴിയിലാണ്ട മങ്ങിയ കണ്ണുകള്‍ കണ്ടപ്പോഴും ആ  ദുര്‍വാസന കാറ്റെവിടുന്നോ കൊണ്ടു വന്നു.എവിടെയും അസഹ്യമായ നാറ്റം..നല്ല കാലമെന്നു നിനച്ചതെല്ലാം കഴിഞ്ഞ ജന്മത്തിലാവും.മണ്ണും ചേറും കുഴച്ച് മഴ കളിച്ചുകൊണ്ടിരിക്കുന്നു.സാരിയിലും കുട്ടികളുടെ ഉടുപ്പിലുമെല്ലാം കറുത്തുനാറുന്ന ജലത്തിന്റെ ശേഷിപ്പുകള്‍..സാമുവല്‍ ബോംബെയില്‍ നിന്നു കൊണ്ടു വരാറുണ്ടായിരുന്ന കുളിസോപ്പുകള്‍ കൊണ്ടാണ് വസ്ത്രം കഴുകുന്നത്..എന്നിട്ടും ഒരിക്കലും വിട്ടുമാറാത്ത ചെടിപ്പ്..
അവിടെ മരണം മാത്രേ ഉണ്ടായിരുന്നുള്ളൂ.തൂങ്ങിച്ചത്തവരുടെ,വിഷം കഴിച്ചവരുടെ,ട്രെയിനിനു തല വെച്ചവരുടെയൊക്കെ വൈവിധ്യമാര്‍ന്ന മണങ്ങള്‍..മൃത്യു എല്ലായിടത്തു നിന്നും ഒരു ഭ്രാന്തനെപ്പോലെ കയ്യടിച്ചുചിരിച്ചു..മാംസം അലിഞ്ഞുപോയപോലെ എല്ലും തോലും മാത്രമാണ് എല്ലാവരും..തൊലി പൊളിച്ചു അസ്ഥി ഏതു നേരവും പുറത്തു ചാടിയേക്കാം.വേദനയില്ലാതെ.ഉരുക്കിയുരുക്കി ഭസ്മമാക്കുമീ രോഗം..അപമാനത്തിന്റെ ഒരു പിടി ചാരം മാത്രം ബാക്കിയാക്കി..
'ഞങ്ങള്‍ക്കെന്താ അസുഖമമ്മേ?എവിടെയും വേദനയില്ലല്ലോ.മുറിവും ചൊറിയുമില്ല.പിന്നെന്താ കുട്ടികളൊക്കെ കല്ലെറിഞ്ഞോടിക്കുന്നത്?പാരന്റ്‌സ് ഞങ്ങളെ കാണുമ്പോഴേക്ക് അവരേംകൊണ്ടോടുന്നത്?'
മകന്‍ കൂട്ടുകാരിക്ക് കൊടുക്കാന്‍ കരുതിയിരുന്ന റോസാപ്പൂ വാടി ഇതള്‍ കൊഴിയാന്‍ തുടങ്ങി.അവന്റെ ശിരസ്സ് പതുക്കെ തലോടി.വിരലുകള്‍ വിറക്കുന്നതെന്ത്?പൂ കൊടുക്കാനായി അവന്‍ അടുത്തെത്തിയപ്പോഴേക്കും ആ കുട്ടിയുടെ അമ്മയവളെ വാരിയെടുത്ത് വീടിന്റെ വാതില്‍ അവന്റെ മുഖത്തേക്ക് കൊട്ടിയടച്ചു.ആകെ നാണം കെട്ടു വിരല്‍ കടിച്ചുകൊണ്ടാണവന്‍...നിറഞ്ഞ കണ്ണുകളാകെ ചോദ്യങ്ങളായിരുന്നു.സ്‌കൂളില്‍ നിന്നും പുറത്തായതു മുതല്‍ അവര്‍ ടീച്ചറും കുട്ടികളുമായി  അഭിനയിച്ചു കളിക്കുന്നു.പഠിച്ച പാഠങ്ങളും പാട്ടുകളും ഈണത്തില്‍ ചൊല്ലുന്നു..അവരുടെ രക്തത്തിലും രോഗാണുക്കള്‍ പുളക്കുകയാവും..എത്ര പേര്‍ ഇടപെട്ടാണ് കുട്ടികളെ വീണ്ടും സ്‌കൂളില്‍ ചേര്‍ത്തത്.പുതിയ ബാഗും കുടയും വാങ്ങുമ്പോള്‍ അവര്‍ സോല്ലാസം തുള്ളിക്കളിച്ചു.പുറത്തു പറന്നുനടക്കുന്ന മഞ്ഞശലഭങ്ങളുടെ കാഴ്ച എന്തുകൊണ്ടോ കണ്ണുകളെ നോവിച്ചു.
പള്ളിപ്പെരുന്നാളിനുപോലും ഇത്രയും ആളുണ്ടാവില്ല.അവരെല്ലാവരും കൂടി തേനീച്ചകളെപ്പോലെ കുത്താനായി മൂളിപ്പറന്നു വന്നപ്പോള്‍ ഭയത്തോടെ ഓടി,പലയിടത്തും വീണു മുറിഞ്ഞു.തിരസ്‌കരണത്തിന്റെ വേദനയോടെ..പരിത്യക്തരായി..ഹൃദയവ്രണത്തിനു ചുറ്റും ഈച്ചകള്‍ ഇരമ്പിയാര്‍ത്തു..രക്ഷിതാക്കള്‍ ശബ്ദത്തോടെ സ്‌കൂള്‍ഗേറ്റ് വലിച്ചടച്ചു.ഇടിയുടെ പ്രചണ്ഡമായ ശബ്ദത്തില്‍,മിന്നലിന്റെ ഭീകരവെളിച്ചത്തില്‍,തിമര്‍ക്കുന്ന മഴയില്‍ കുട്ടികള്‍ പ്രതിമകളായി..ചങ്ങാതിമാര്‍ക്കായി കരുതിയ മിട്ടായികള്‍ മഴവെള്ളത്തില്‍ കുതിര്‍ന്നു.......
മടങ്ങുമ്പോള്‍,മുമ്പ് സാമുവലുമൊത്ത് ഇതേപോലെ ഇരുളില്‍ നാട്ടിലേക്ക് തിരിച്ചതോര്‍ത്തു.എല്ലുകള്‍ സീറ്റില്‍ തട്ടി അവന് വേദനിച്ചു.പുറത്തെ അന്ധകാരത്തില്‍ മരങ്ങളും വീടുകളുമെല്ലാം പേടിപ്പിക്കുന്ന നിഴലുകളായി..മെലിഞ്ഞ അവന്റെ കൈത്തണ്ടയില്‍ മുറുകെ പിടിച്ചെങ്കിലും ബസ് കുലുങ്ങിയപ്പോഴെല്ലാം അവന്റെ കൈ പിടുത്തം വിട്ടു താഴേക്ക് വീണു.അവന്റെ മുഖത്ത് രണ്ടു നീര്‍ച്ചാലുകള്‍..പണ്ടെങ്ങോ ചെയ്തുപോയ തെറ്റുകളുടെ ഓര്‍മ അവന്റെ ചെന്നിയില്‍ തലവേദന നിറച്ചു.തല അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി അവന്‍ പിറുപിറുത്തു:'ഞാന്‍ മരിച്ചാലേലും സമാധാനം കിട്ടും നിനക്കും മക്കള്‍ക്കും..ഞാനുള്ളതോണ്ടാണല്ലോ എല്ലാവരുമിങ്ങനെ ആട്ടിയകറ്റുന്നത്'.
വൈറസുകള്‍ എല്ലാവരുടെ രക്തത്തിലും നിര്‍ജരനൃത്തമാടുന്നുണ്ടെന്ന് ടെസ്റ്റിനുമുമ്പറിഞ്ഞിരുന്നില്ല.എലീസാടെസ്റ്റ്‌റിസള്‍ട്ട് തരുമ്പോള്‍ നഴ്‌സിന്റെ മുഖത്തു നിന്നും തെറിച്ച അവജ്ഞ ചൊറിയന്‍പുഴുവെപ്പോലെ ദേഹത്ത് തിണര്‍പ്പുണ്ടാക്കി.അവന്‍ മരിച്ചപ്പോള്‍ സംസ്‌കരിക്കാനുമുണ്ടായില്ല ആരും..ഒടുവില്‍ എച്ചില്‍വണ്ടിയിലാണവനെ പൊതുശ്മശാനത്തിലെത്തിച്ചത്,മണ്ണിന്റെ ആഴങ്ങളില്‍ അവന്റെ പൊള്ളുന്ന സ്മൃതികളെ മൂടിയത്..
'എന്റെ വ്യസനം തൂക്കി നോക്കിയാല്‍ കടലിലെ മണലിനേക്കാള്‍ ഭാരമേറിയത്.പുഴുക്കളും അഴുക്കും എന്റെ ദേഹത്തെ പൊതിഞ്ഞിരിക്കുന്നു.നെയ്ത്തുകാരന്റെ ഓടത്തെപ്പോലെ ദിനങ്ങള്‍ ഓടി മറയുന്നു,പ്രത്യാശയില്ലാതെ..മടങ്ങിപ്പോരാത്തിടത്തേക്ക് എന്നെ വിട്ടാലും,വിഷാദത്തിന്റെയും കൂരിരുട്ടിന്റെയും ദേശത്തേക്ക്..നീയെന്നെ ചെളിയിലേക്ക് വലിച്ചെറിഞ്ഞല്ലോ,ഞാന്‍ ധൂളിയും ചാമ്പലും പോലെയായി..കൊടുങ്കാറ്റെന്നെ അമ്മാനമാടുന്നു.തൊലി കറുത്തു പൊളിയുന്നു..അസ്ഥികള്‍ ചൂടില്‍ വെന്തളിയുന്നു,നീയെന്നെ കൈവിട്ടതെന്ത്?
അവനെന്നെ ഓടിച്ച് വെളിച്ചം ഒട്ടുമില്ലാത്ത ഇരുളില്‍ കൊണ്ടു വന്നു.മാംസവും തൊലിയും ക്ഷയിപ്പിച്ചു.രക്ഷപ്പെടാനാവാത്ത വിധം ചുറ്റും കൊട്ട കെട്ടി.വലിയ ചങ്ങലകളാല്‍ എന്റെ വഴികള്‍ അടച്ചു..പതിയിരിക്കുന്ന സിംഹത്തെപ്പോലെ പിച്ചിച്ചീന്തി..ദൈവമേ!നീയെന്നെ കൈവിട്ടതെന്ത്..'
ബൈബിള്‍ അടച്ചു വെക്കുമ്പോള്‍ രാവേറെ ചെന്നിരുന്നു.ചുണ്ടിലാകെ കണ്ണീര്‍ച്ചുവ.പുറത്ത് മരണനിശ്ശബ്ദത.ഉറങ്ങുന്ന കുഞ്ഞുങ്ങളുടെ മുഖത്ത് ഒരു സുന്ദരസ്വപ്നത്തിന്റെ പ്രശാന്തി..കിനാവിലവര്‍ സ്‌കൂള്‍ഗ്രൗണ്ടില്‍ കളിക്കുകയാവും.സാമുവലിന്റെ കൂടെ കൂടിയതില്‍ പിന്നെയാണ് ബൈബിള്‍ വായിക്കാന്‍ തുടങ്ങിയത്.ഇപ്പോളെല്ലാമതഗ്രന്ഥങ്ങളും വായിക്കുന്നുണ്ട്.എന്നിട്ടും ഉള്ളം കരിക്കുന്ന തീയിലേക്ക് തലകുത്തി വീഴുകയാണ് പ്രാര്‍ഥനകള്‍.സമാധാനത്തിന്റെ നെയ്ത്തിരി മണ്ണിനടിയില്‍ അവനിപ്പോ അനുഭവിക്കുന്നുണ്ടാവും.തനിക്കത് ലഭിക്കുന്നതെന്നാണ്?മരണം കൂടെ കൊണ്ടു നടക്കുന്ന രോഗം ഇനിയെന്തെല്ലാം ദുര്‍വിധികളാണ് അതിന്റെ ഇരകള്‍ക്കായി ബാക്കി വച്ചിരിക്കുന്നത്?ആര്‍ക്കറിയാം.....