Pages

2013, ഡിസംബർ 21, ശനിയാഴ്‌ച

വേര്‍പാടിന്റെ താഴ്വര(കഥ)



മഞ്ഞക്ലോക്കിന്റെ സൂചികള്‍ ഇടയ്ക്കിടെ ചില അക്കങ്ങളില്‍ ചുറ്റിപ്പിണഞ്ഞു, ഒരു നിമിഷത്തെ ചുംബനത്തിനു ശേഷം ടിക് ടിക് എന്നു പതുക്കെ പാദം ചലിപ്പിച്ചു. എന്താണ് ഉള്ളില്‍ കൊളുത്തി വലിക്കുന്നത്?ചങ്കില്‍ വന്നു കനക്കുന്നത്?നെഞ്ചില്‍ പാറ കണക്കെ അമരുന്നത്?ഈ താഴ്വര പണ്ടേ വേര്‍പാടിന്റെതായിരുന്നില്ലേ?അകലെയല്ലാത്ത നദിയുടെ വെള്ളിയാടകള്‍ ഉലയുന്ന ശബ്ദം കേട്ട്, വെള്ളിക്കൊലുസുകള്‍ കിലുങ്ങുന്നത് ശ്രവിച്ച്, അനന്തതയിലേക്കെന്നോണം യാത്ര തുടരവേ ഓര്‍മിച്ചതായിരുന്നില്ലേ ഈ വിരഹവും? വേര്‍പെടുമ്പോഴെല്ലാം സൂചികള്‍ അടുത്ത കൂടിച്ചേരലിനെയോര്‍ത്ത് ആശ്വാസം കൊള്ളുന്നുണ്ടാവും..ഒരിക്കല്‍ നിലച്ച യാത്രയുടെ ചെറിയ ചെറിയ ആഹ്ലാദങ്ങള്‍..
താഴ്‌വരയുടെ മുഗ്ദ്ധമായ പച്ചപ്പില്‍ മുഖം പൂഴ്ത്തി..വേനലിന്റെ ഉണക്കപ്പുല്ലിന്റെ വൈരൂപ്യത്തിലെക്ക് പലപ്പോഴും ഇടറി വീണ്..ഒടുക്കം മരുവിന്റെ വരണ്ട തൊലിയിലേക്കും ചുളിവിലേക്കുമാണോ എല്ലാ യാത്രകളും അവസാനിക്കുന്നത്? മണല്‍ക്കുന്നുകള്‍ക്കപ്പുറത്ത് നിന്നെങ്ങോ ചിറകു വിരിച്ചെത്തുന്ന ആ പക്ഷിയുടെ ഭീകരമുഖം മാത്രം ഉള്ളില്‍ ദര്‍ശിച്ച്..ഒരു ചെറുനിമിഷത്തിന്റെ വാസത്തിനു പോലും കാലപ്പെരുക്കം കൊടുക്കാന്‍ കഴിയുന്ന സൈകതഭൂവിന്റെ അലിവേതുമില്ലാത്ത മുഖം..
പെട്ടെന്ന് ക്ലോക്ക് നിശ്ശബ്ദമായി. ഒരു കിടിലം അവരെ ബാധിച്ചു.തന്റെ ഹൃദയസ്പന്ദനത്താലാണ് അത് ടിക് ടിക് എന്നു ശ്വസിക്കുന്നത്.പിന്നില്‍ നിന്ന് തണുത്തു ചുളിഞ്ഞൊരു കൈ അവരെ സ്പര്‍ശിച്ചു.മണല്‍ക്കാറ്റ് പറത്തിക്കയറ്റിയ തരികളാല്‍ ഈ മരുഭൂവില്‍ പലര്‍ക്കും ആന്ധ്യം ബാധിച്ചു തുടങ്ങി..ചവച്ചരച്ചും ഞെരിച്ചു തകര്‍ത്തും വീറു കാട്ടിയിരുന്ന ദന്തസൈന്യവും കൈ വിട്ട് തീര്‍ത്തും നിരായുധരാന് ഓരോരുത്തരും..
'ഞാനിന്നലെ കണ്ട സ്വപ്നം കേള്‍ക്കണോ വിമലേ,'  ശ്യാമള പതിവു പോലെ കിനാക്കളുടെ പൊതിയഴിച്ചു.ഇടറിയ ശബ്ദത്തില്‍ സ്ഫുടത നഷ്ടമായ വാക്കുകള്‍..'മിണ്ടാന്‍ വയ്യാത്തൊരു കുട്ടി തൂങ്ങിച്ചാകണതാ ഞാന്‍ കണ്ടത്.വാക്കുകള്‍ അവള്‍ക്ക് ചുറ്റും അശരീരിയായി നൃത്തം വച്ചു. എന്താ ഈ സ്വപ്നത്തിന്റെ അര്‍ഥം?'
'അപരിചിതരുടെ മരണം കിനാകണ്ടാല്‍ പരിചിതരുടെ മരണം കേള്‍ക്കുമെന്നാ..'അവര്‍ പിറുപിറുത്തു.കാറ്റില്‍ വെള്ളനൂലുകള്‍ ഇളകി നെറ്റിയിലേക്ക് വീണു.കറുപ്പും വെളുപ്പും നിറത്തിലുള്ള ഒരു ചിത്രത്തുന്നല്‍ പോലെയാണ് തലയിപ്പോള്‍. .താഴ്വരയിലായിരുന്ന പ്പോള്‍, നദീജലത്തിന്റെ കുളിര്‍കാറ്റ് താഴുകിയിരുന്ന കാലത്ത് തിങ്ങി ഇടതൂര്‍ന്ന മേഘക്കൂട്ടങ്ങളായിരുന്നു ശിരസ്സില്‍..അസൂയയോടെ നോക്കിയിട്ടുണ്ട് പലരും..മരുഭൂവാസക്കാലത്ത് എല്ലാ അഭിമാനങ്ങളും മിഥ്യയായിത്തോന്നും..പുച്ഛം ചുണ്ടുകളെ വക്രിപ്പിക്കും..വളഞ്ഞ രേഖകള്‍ കൈവഴികളായി മുഖത്തു നിന്നും പുറപ്പെടും. മൊട്ടിടുന്നതിന്റെ, പൂക്കാലത്തിന്റെ ആനന്ദങ്ങളിലേക്കെല്ലാം ഒരു ബൂമാറാന്‍ഗ് പരത്തിയെറിയും..
'സിക്‌സ്ത്തിലെ ഷീലവല്യമ്മ മരിച്ചതറിഞ്ഞില്ലേ?വല്യ കൂട്ടായിരുന്നില്ലേ രണ്ടാളും?'സിസ്റ്റര്‍ വെളുത്ത ചിറകുകളിളക്കി പതുക്കെ ചിരിച്ചു.മരണം ചിരിയുടെ വെളുപ്പിലേക്ക് കൂട് മാറിയോ?മണലാരണ്യത്തില്‍ ശീലങ്ങളെല്ലാം തല തിരിഞ്ഞാണ്.ഓരോ മൃത്യുവും സിസ്റ്റമാര്‍ക്ക് ആശ്വാസമാണേകുക.പുതിയൊരാള്‍ എത്തും വരെയെങ്കിലും സുഖമായൊന്നുറങ്ങാമല്ലോ..പക്ഷെ, കൂറ്റന്‍ പക്ഷി എല്ലായിടത്തും മുട്ടിയറിയിച്ചാവണം, പിറ്റേന്ന് നേരം വെളുക്കുമ്പോഴെക്ക് ഓഫീസിനു മുമ്പില്‍ ഒരു കാര്‍ വന്നു നില്‍ക്കും.ഡോര്‍ തുറന്നതും ചവിട്ടിയിറക്കപ്പെട്ടതു പോലെ വിവശമായൊരു ശരീരം,വെള്ള വസ്ത്രത്തില്‍..വെളുത്ത വാതിലുകള്‍, ചുമരുകള്‍, ചെടികളില്‍ വിരിയുന്നത് പോലും വെളുത്ത പൂക്കള്‍..വാര്‍ധകത്തെ ഇങ്ങനെ വെളുത്ത കൊക്കൂണിലേക്ക് തിരുകിക്കയറ്റിയത് ആരാണ്?
ഓരോരുത്തര്‍ക്കുമുണ്ട് നന്ദിയില്ലായ്മയുടെ കഥകള്‍ പറയാന്‍..ആവുന്ന കാലത്ത് സില്‍ക്കു നൂലുകള്‍ ചുരത്തി, ക്ലേശക്കല്ലുകളില്‍ ചവിട്ടി, ചതുപ്പില്‍ വീണ്..മക്കളില്ലാത്തതിനാല്‍ ഒരു തത്വജ്ഞാനിയുടെ മട്ടില്‍ കേട്ടിരിക്കും.
'ഒക്കെ ഓരോ വ്യാമോഹല്ലേ?പൂച്ചയും നായയും തിരിച്ചെന്തെങ്കിലും കിട്ടിയിട്ടാണോ മക്കളെ പോറ്റുന്നത്?നമ്മെപ്പോലെ അവ കണക്ക് വെക്കുന്നില്ല..'
ഒരദ്ഭുതജീവിയെന്നോണം എല്ലാവരും തന്നെ തുറിച്ചു നോക്കി.ഈ നോട്ടം എന്നും തന്റെ പിന്നാലെയുണ്ടായിരുന്നു.തന്റെ ഓരോ അഭിപ്രായവും അവരുടെ ശീലങ്ങളോട് ഇടയുന്നത് കണ്ട് കോപക്കണ്ണുകളോടെ അവര്‍ ചുഴിഞ്ഞു നോക്കി.
'ഓരോ പഞ്ചായത്തിലും വേണം വൃദ്ധസദനങ്ങള്‍.അമ്പത് വയസ്സാവുമ്പോ ആരുടേയും പ്രേരണയില്ലാതെ കുട്ടികള്‍ സ്‌കൂളില്‍ ചേരുമ്പോലെ പഴയ സ്ലെയിറ്റ് പൊടി തട്ടിയെടുത്ത്..അതു വരെ പഠിച്ചതെല്ലാം ഒന്നൂടെ വായിക്കാന്‍..തിരുത്തിയെഴുതാന്‍..ഒരേ തൂവല്‍ പക്ഷികളായി, വെളുത്ത ശലഭങ്ങളായി, പാറിക്കളിക്കാലോ നമുക്കിവിടെ..'
പകച്ച അവരുടെ കണ്ണുകളില്‍ ഒരു ഭ്രാന്തിയെ ശ്രവിക്കുന്നതിന്റെ പൊറുതികേടുണ്ടായിരുന്നു. ആരുമധികം ചിന്തിക്കുന്നുമില്ല. ആദ്യമായി കുട്ടിയുണ്ടായതും അവന്‍ കൊച്ചടി വച്ചതും പെണ്ണ് കെട്ടിയതും സര്‍പ്പഫണങ്ങള്‍ കൊത്താനാഞ്ഞതും..പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞ്..ആവര്‍ത്തനത്തിന്റെയീ ചുറ്റുകോണി ഇവരെ വെറുപ്പിക്കാത്തതെന്ത്? ചിലര്‍ ഇടയ്ക്ക് പണ്ട് ഭര്‍ത്താക്കന്മാര്‍ ചെവിയിലോതിയ കിന്നാരങ്ങളോര്‍ത്ത് ചിരിക്കും..
സീമ നിലാവ് കാണുകയാണ്.അകലേക്ക് നിവര്‍ന്നു പോകുന്ന നിലാവിന്റെ തിളങ്ങുംപായയില്‍ പല തവണ ഇരുന്നതും സ്‌നേഹനൂല്‍ നെയ്തതും എത്രയാണവര്‍ പറഞ്ഞിരിക്കുന്നത്..അതു മാത്രം കേട്ടാല്‍ മതിയാകില്ല. ഒരിക്കലും സ്‌നേഹമറിയാത്ത ആത്മാവ് അസൂയയോടെ ആ കഥയോട് ഒട്ടിച്ചേരാനാഗ്രഹിക്കും.ചന്ദ്രികക്കപ്പുറത്ത് നിന്നും എന്തുകൊണ്ട് ഒരു വെള്ളിക്കരം തന്റെ കണ്ണുനീരും തുടച്ചില്ല?നീയെന്റെയല്ലേയെന്നു ചെവിയില്‍ മന്ത്രിച്ചില്ല?ഉള്ളിലെവിടെയോ കൊളുത്തി വലിക്കുന്ന കടച്ചില്‍..തീവ്രവേദനയാല്‍ ആത്മാവ് മോഹാലസ്യപ്പെടുമോ?സീമ തിരിഞ്ഞു നിന്നപ്പോള്‍ ആഴമേറിയ കണ്‍തടാകത്തില്‍ അനേകം ഓളങ്ങള്‍..
'വീട്ടിനു പിന്നിലെ തണുപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന പച്ചക്കുളത്തിലേക്ക് ദിവസവും പോണം മൂപ്പര്‍ക്ക്.വെപ്രാളത്തോടെ പിന്നാലെ പുറപ്പെടുമ്പോള്‍ മരുമക്കള്‍ അസ്ത്രമെയ്യാന്‍ തുടങ്ങും'ഓ, വയസ്സനും വയസ്സിക്കും കുളത്തില്‍ വീണു ചത്ത് നാട്ടാരെക്കൊണ്ട് പറയിപ്പിക്കണം. ഇവരുടെ ഇളക്കം തടയാന്‍ ഇവിടുത്തെ ആണുങ്ങളെ കൊള്ളില്ലാലോ'പടവിലിരിക്കുന്ന തന്നോട് ദൂരേക്ക് നീങ്ങുമ്പോള്‍ കണ്ണിറുക്കി ചിരിക്കുന്നുണ്ടായിരുന്നു'.സാരല്യെടോ' ആ കണ്ണുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.'ജലസമാധിയെന്താന്നറിയോ തനിക്ക്?നോക്കിക്കോ, ഈ വയസ്സന്‍ എത്ര വരെ ശ്വാസം പിടിച്ചിരിക്കുമെന്ന്..'അലമുറ കേട്ടു ഓടിയെത്തിയവരൊക്കെ പഴിച്ചത് തന്നെ...'
ഉള്ളിലാരോ ക്രൂരമായി ചിരിച്ചു.അതു വേണ്ടത് തന്നെയല്ലേ?ഒരു കൂട്ടര്‍ മാത്രം അന്‍പിന്റെ സീതപ്പഴം ഭുജിക്കരുതല്ലോ.അതൊരിക്കലും രുചിക്കാത്തവരുടെ ദുഃഖം അവരും അറിയണമല്ലോ..പ്രിയതയുടെയാ പച്ചക്കുളത്തില്‍ നിന്ന്! ആരുമെന്തേ തൂവലിളക്കിയുയര്‍ന്നില്ല?ചുണ്ടില്‍ ഉമ്മ വെച്ച് നീയെന്റെതായിരുന്നല്ലോ എന്നു പറഞ്ഞില്ല..
ഷീലയെ പൊതുശ്മശാനത്തില്‍ അടക്കിക്കൊള്ളാന്‍ വിദേശത്തുള്ള മക്കള്‍ വിളിച്ചു പറഞ്ഞു.സങ്കടത്തിന്റെ അകമ്പടിയില്ലാതെ അവളുടെ ജഡം വാഹനമേറിയപ്പോള്‍ എവിടെയോ ഏതോ നദിക്കിരുപുറം വേര്‍പെടുന്ന രണ്ടു പേരുടെ കരയുന്ന നീട്ടിയ കൈകള്‍ ഉള്ളിലിളകി.ആ നിമിഷം തന്നെ മരുവാസത്തിനര്‍ഹാനായ മറ്റൊരാള്‍ മുറ്റത്തിറങ്ങി.തുടര്‍ന്നുകൊണ്ടേയിരിക്കുന്ന കോമാളി വേഷങ്ങളുടെ ശ്രേണിയാണീ ജീവിതം.പീഡയോടെ അവര്‍ മഞ്ഞക്ലോക്കില്‍ തല മുട്ടിച്ചു.അതിന്റെ സൂചികള്‍ വീണ്ടും ഇളകുന്നു.ബലമായത് പിടിച്ചമര്‍ത്തി അവര്‍ പിറുപിറുത്തു:'എനിക്കീ വെയിലും ചുടുകാറ്റും ഇടയ്ക്കു മാത്രം എത്തി നോക്കുന്ന മരുപ്പച്ചയും ഒക്കെ മടുത്തു.തനിയെ നിശ്ചലയാവാന്‍ ധൈര്യവുമില്ല.നഴ്‌സുമാര്‍ക്ക് കൈമണി കൊടുത്താലോ..തോലടര്‍ന്ന ഹാന്‍ഡ്ബാഗ് അവര്‍ കുടഞ്ഞു.മൃതകാലത്തിന്റെ മഞ്ഞപ്പൂപ്പല്‍ പിടിച്ച കുറെ പേപ്പറുകള്‍ മാത്രം..അവസാനതുട്ടു വരെ  വന്ന അന്നു തന്നെ ഓഫീസില്‍ ഏല്‍പ്പിച്ചത് അപ്പോള്‍ ഓര്‍ത്തു.'അന്തേവാസികള്‍ പണമൊന്നും സൂക്ഷിക്കേണ്ട'ആരുമാരും കൂട്ടില്ലാതെ വന്നു ചേര്‍ന്ന അവരെ ഒട്ടദ്ഭുതത്തോടെ നോക്കിക്കൊണ്ട് മാനേജര്‍ പറഞ്ഞു.
ക്ലോക്കിന്റെ സൂചി പൊടുന്നനെ വിറച്ചു.പൂക്കളില്‍ മദിച്ചാര്‍ക്കുന്ന മഞ്ഞശലഭങ്ങള്‍..'മരണപതംഗത്തിനു നീല നിറമായിരിക്കും'കാലങ്ങള്‍ക്ക് ശേഷം അവര്‍ ഡയറിയില്‍ എഴുതി.'സ്വപ്നത്തിന്റെ ആഴമേറിയ ഇരുണ്ട നീലഗര്‍ത്തത്തില്‍ നിന്നാവും അതൊരാളെ കൊത്തിയെടുത്തു പറക്കുക.'അവര്‍ ഘടികാരത്തെ ചേര്‍ത്തു പിടിച്ചു.'കുഴിമാടത്തില്‍ നിന്നും ഞാന്‍ പ്രേതമായി പുറത്തു വരും.സ്‌നേഹിക്കുന്നവരുടെയെല്ലാം രക്തം പകയോടെ പാനം ചെയ്യും.ചുവന്ന മണ്ണ്! നിരന്തരം നെടുവീര്‍പ്പിടും.ചെവിയോര്‍ത്താല്‍ കേള്‍ക്കാം രോദനംവേര്‍പാടിന്റെയാ താഴ്വരയിലേക്ക് ഒരു രാഗക്കാറ്റെന്നെ കൊണ്ടു പോയെങ്കില്‍..ഒരിക്കലും വിട്ടു പിരിയാത്ത ഒരാത്മാവിന്റെ കൈ പിടിച്ച് ഞാനവിടെ പറന്നിറങ്ങും..നിറവസന്തത്തിന്റെ പ്രദീപ്തി ആസ്വദിക്കും..പിന്നെ പുഴയുടെ അരോഹണാവരോഹണത്തിലേക്ക് ഒരു കുഞ്ഞോളമായി പുനര്‍ജനിക്കും..ഒരിക്കലും പിരിയാത്ത രണ്ടു കുമിളകളായി!
        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ