Pages

2014, ജനുവരി 5, ഞായറാഴ്‌ച

മുഖശ്രീ(കഥ)


ടിക് ടിക് ടിക്...
ക്ലോക്കില്‍ ജീവിതം കറങ്ങിക്കൊണ്ടിരുന്നു.സൂചി പത്തിലെത്താറായി. നിറവസന്തത്തിന്റെ തെളിഞ്ഞ പ്രഭാതം..ചിത്രശലഭങ്ങളെപ്പോലെ വര്‍ണച്ചാര്‍ത്തായി പൂക്കള്‍..പച്ച, മഞ്ഞ, നീല..വെയില്‍തുണ്ടുകള്‍ ഇലകളില്‍ ഒളിച്ചുകളിക്കുന്നു..പക്ഷികളുടെ കിരികിരി ശബ്ദം..ഹരിതാഭയിലൂടെ താഴേക്കിറങ്ങുന്ന പ്രകാശനൂലുകള്‍ ചെറിയ വട്ടങ്ങളായി ഇളകി, പിന്നെ പരന്നു..ശ്രീജ എഴുത്താരംഭിച്ചു.
'ഡോക്ടര്‍, എന്നെ അലട്ടുന്ന വലിയൊരു പ്രശ്‌നം രോമത്തിന്റെ അമിതവളര്‍ച്ചയാണ്. കൈകാലുകളിലും മുഖത്തുമെല്ലാം നിറയെ രോമം..ഇതു കാരണം മിഡിയൊന്നും ഇടാന്‍ പറ്റുന്നില്ല....

ര്‍ണീം, ര്‍ണീം..

ഓ, ഹരീഷ്, എത്ര നേരായി ഞാന്‍ ഫോണിനടുത്തിരിക്കുന്നു. മമ്മീം ഡാഡീം പുറത്തു പോയിരിക്കയാ..ഇന്നെവിടെയാ വരേണ്ടത്? ഓ, ശരി ശരി..'
ആ കത്ത് മാറ്റി വച്ച് അവള്‍ അടുത്തത് എടുത്തു.
'സര്‍,
നിങ്ങളുടെ പരസ്യം വായിച്ചു. സീരിയല്‍ നടിയാവാനുള്ള യോഗ്യതകളെല്ലാം എനിക്കുണ്ടെന്നാണ് വിശ്വാസം. ഞാന്‍ ഡിഗ്രീ വിദ്യാര്‍ഥിനിയാണ്. പരീക്ഷ കഴിഞ്ഞാല്‍ ബ്യുട്ടീഷന്‍ കോഴ്‌സിനു ചേരണമെന്നാണ് ആഗ്രഹം. ഫോട്ടോ ഇതോടൊപ്പം അയക്കുന്നു. സെലക്റ്റ് ചെയ്താല്‍ അറിയിക്കുമല്ലോ..'
 
ണീം..ണീം...
'ആരാ'
'ഹരീഷ് പറഞ്ഞു വിട്ടതാ..ഇന്നത്തെ പരിപാടി മാറ്റി. ഹോട്ടല്‍ പ്ലസന്റില്‍ ഒരു ഗാനമേളയുണ്ട്. അവനൊരു പാട്ടിനു പ്രിപ്പയര്‍ ചെയ്യുകയാ..'
'ശരി, നിങ്ങള്‍ വിട്ടോളൂ..ഞാനെന്റെ സ്‌കൂട്ടിയില്‍ വന്നോളാം.'
** ** ***************************  ** ** ***************************************** **
'ഹാവൂ, ശ്രീജാ, വന്നോ? ഇവന്‍ നിന്നേം കൊണ്ട് കടന്നു കളഞ്ഞോന്ന് വിചാരിച്ചു.'
'എവിടെ ഗാനമേള? നീ പ്രിപ്പയര്‍ ചെയ്യുകയാണെന്നു പറഞ്ഞിട്ട്?'
'അതൊക്കെയുണ്ട്, നീയെപ്പോഴും സീരിയല്‍ മോഹം പറയാറില്ലേ? ഇന്നോരാളെ പരിചയപ്പെടുത്താം. വല്യ വല്യ സിനിമാക്കാരികളെയൊക്കെ അവരാത്രേ ഫാസ്റ്റ് കൊണ്ടു വന്നത്.'
'ആഹാ, എന്തു വല്യ റൂം..നീയിവിടെ കൂടാന്‍ പോവാണോ?'
'നീയിതോന്ന്! ടേസ്റ്റ് ചെയ്തു നോക്ക്. ഇത്ര രുചിയുള്ള ഐസ്‌ക്രീം ഇതു വരെ നീ കഴിച്ചു കാണില്ല..'
'എന്തൊരു തണുപ്പ്..നാവ് മരവിച്ചു..എന്തൊരു കോട്ടുവാ..ഉറക്കം വരുന്നു ഹരീ..'
'കിടന്നോളൂ, ഗാനമേള തുടങ്ങുമ്പോ ഞാന്‍ വിളിക്കാം..'
>>>>>>>>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>
കണ്ണു തുറന്നപ്പോള്‍ ഇരുട്ട്..വേദനയുടെ ചുളുക്കുത്തുകള്‍ എവിടെയൊക്കെയോ നീറിപ്പിടിക്കുന്നു. വാതില്‍ പുറത്തു നിന്നും പൂട്ടിയിട്ടുണ്ട്..മനസ്സില്‍ അവള്‍ മറ്റൊരു കത്തെഴുതാന്‍ തുടങ്ങി..
'ഡോക്ടര്‍,
രോമവളര്‍ച്ചയെപ്പറ്റി ഞാനൊരു സംശയം ചോദിച്ചിരുന്നു. അതിന്റെ മറുപടി വാരികയില്‍ വായിക്കാന്‍ പറ്റിയില്ല. അകലെ ഒരു ഹോസ്റ്റലില്‍ ആണിപ്പോള്‍. ഇപ്പോഴെന്റെ സംശയം മറ്റൊന്നാണ്. ഞാന്‍ പ്രണയിച്ചവന്‍ വഞ്ചിച്ചതിനാല്‍ ഒരു ട്രാപ്പില്‍ പെട്ടു. ഇനിയൊരു വിവാഹജീവിതം എനിക്ക് സ്വപ്നം കാണാനാകുമോ? എന്റെ ചര്‍മം ഈയിടെയായി കറുത്തു വരുന്നു. വരണ്ടുണങ്ങുന്നു. മുഖത്തെല്ലാം കറുത്ത കലകള്‍ നിറയുന്നു..ഫെയര്‍നസ് ക്രീമുകള്‍ ഗുണം ചെയ്യുമോ?'
>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>>>>>>>>>>  >>>>>>>>>>>>>>>>>>>>
ഞാനൊരമ്മയായോ? വിശ്വസിക്കാനാകുന്നില്ല..ഹരീ, നിന്നെ കാണാന്‍ തോന്നുന്നു..ഗര്‍ഭകാലത്തെ നരകം! ആ രാക്ഷസി ഇതു കളയാന്‍ സമ്മതിക്കാത്തതിന് എന്നെ ഒരു റൂമില്‍ അടച്ചിട്ടു. തല ചുറ്റലും ഛര്‍ദീം..എന്തെല്ലാം ഉപദ്രവങ്ങള്‍..മേലാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളാ..ഞാഞ്ഞൂല് പോലെ ദേഹത്തൂടെ ഇഴഞ്ഞു നടക്കുന്ന വൃത്തി കെട്ട കൈകള്‍.. നിന്നെ എന്റെ മുന്നില്‍ കിട്ടിയിരുന്നെങ്കില്‍! ഈ കുപ്പിക്കഷ്ണം മതിയായിരുന്നു നിന്റെ കുടല്‍മാല പുറത്തെടുക്കാന്‍..ഇരുണ്ട ചോരക്കറ പിടിച്ച രാക്ഷസപ്പൂക്കളാ കിനാവിലാകെ..കമ്പിളിപ്പുഴുവെപ്പോലെ രോമം നിറഞ്ഞ്..തൊട്ടാല്‍ ചൊറിയുന്ന പൂക്കള്‍..
പത്രക്കാര്‍, പോലീസ്, ആംബുലന്‍സ്..എന്തെല്ലാം ചോദ്യങ്ങള്‍..നിങ്ങളെ പീഡിപ്പിച്ച വി ഐപികള്‍ ആരെല്ലാമാണ്? എല്ലാറ്റിനും പിന്നില്‍ ശ്രീലേഖയല്ലേ? ഐസ് ക്രീമില്‍ മയക്കുപൊടിയിട്ടാണോ കെണിയില്‍ ചാടിച്ചത്? കെണികള്‍! കരിയില മൂടിക്കിടക്കാ ഭൂയിലാകെ വാരിക്കുഴികള്‍..വെളുത്ത തേങ്ങാപ്പൂളുകള്‍ തൂങ്ങിയാടുന്നത് കണ്ടോ? ഇരകള്‍ പാത്തുപതുങ്ങി വരുന്നത് കണ്ടോ?
അന്ത്യമൊഴി രേഖപ്പെടുത്തി പോലീസിറങ്ങുമ്പോള്‍ വട്ടം ചുറ്റിപ്പിടിക്കുന്ന സ്വപ്നങ്ങളിലൂടെ അവള്‍ ഊര്‍ന്നിറങ്ങി..കിനാവില്‍ അവള്‍ മറ്റൊരു എഴുത്ത് ആരംഭിച്ചു.
'ഡോക്ടര്‍,
ഞാന്‍ അവിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. എന്റെ മകള്‍ വലുതാകുമ്പോള്‍ പുരുഷന്മാരുടെ ചതിയില്‍ പെടാതിരിക്കാന്‍ എന്തു ചെയ്യണം? അവളുടെ മുഖം പൊള്ളിച്ചു വിരൂപമാക്കണോ? ചെറുപ്പത്തിലേ ഗര്‍ഭപാത്രം എടുത്തു കളയണോ? മറുപടി പേഴ്‌സണലായി അയക്കാന്‍ അപേക്ഷ..കാരണം വാരികകള്‍ ഇല്ലാത്ത ഒരു ലോകത്തിലേക്കുള്ള യാത്രയിലാണ് ഞാന്‍......'     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ