Pages

2014, ജനുവരി 11, ശനിയാഴ്‌ച

ഞണ്ടുകള്‍ (കഥ )

                                                                                  

നേരം  കുറെയായി.രാത്രി കനത്തുതുറിച്ചുനോക്കുന്നു.ഈയിടെയായി ദീപ പുറത്ത് ലൈറ്റിടാന്‍ അനുവദിക്കാറില്ല.ജോലിക്കാരിയെ പറഞ്ഞേല്‍പ്പിച്ചാലും രാത്രി വീട് ഇരുളിലേക്ക് മുങ്ങിപ്പോയിരിക്കും.കീമോക്കു ശേഷം അവളേറെ അവശയാണ്.എന്നിട്ടും കിടപ്പുറക്കാതെ ഓരോന്ന് എഴുതിക്കൂട്ടുന്നത് കാണാം.മുമ്പ് കോളിംഗ്‌ബെല്‍  അടിക്കുമ്പോഴേക്ക് പുഞ്ചിരിയുടെ വെളിച്ചം വിതറി മുന്നിലെത്തിയിരുന്നവളാണ്.
'എന്താ നീ ചെയ്യണ്?വേദന സഹിച്ച് ഇങ്ങനെ ഉറക്കമിളക്കണോ?'

കവിളുകള്‍ കുഴികളായിരിക്കുന്നു.സ്വപ്‌നങ്ങള്‍ പിടഞ്ഞിരുന്ന വലിയ കണ്ണുകള്‍ നിര്‍ജീവമായി രണ്ടു ഗുഹകളില്‍ നിന്നെത്തി നോക്കുന്നു.തല മൊട്ടയായത്‌കൊണ്ട് എപ്പോഴും ഒരു ദുപ്പട്ട ചുറ്റിയാണ് നടപ്പ്.ഓപ്പറേഷനോടെ ഒരു ആണിനെപ്പോലെയായി.എന്തു സുന്ദരിയായിരുന്നു..മനുഷ്യര്‍ അസ്ഥിപഞ്ജരങ്ങള്‍ മാത്രമായിരുന്നെങ്കില്‍ പ്രണയിക്കുമായിരുന്നോ?ചുംബിക്കുന്ന അസ്ഥികൂടങ്ങള്‍ നല്ല തമാശയുള്ള കാഴ്ചയായിരിക്കും.പതുക്കെ അടി വെക്കുന്ന ഈ എല്ലിന്‍കൂടിനെ താനിന്നു സ്‌നേഹിക്കുന്നുണ്ടോ?എന്തോ ..അതോര്‍ക്കാന്‍ പോലും ഇഷ്ടമല്ല.അപ്പോഴേക്ക് സാലിയുടെ ചിരിക്കുന്ന മുഖം ..മുത്തുമണികള്‍ പ്രകാശിക്കുന്ന മൃദുസ്മിതം ..
'രമേശ്, പഴയ ഡയറിയൊക്കെ ഞാന്‍ കത്തിക്കാന്‍ പോവാ ..പണ്ടവ വായിക്കാന്‍ നീയെത്ര അടി കൂടിയതാ..'
'നീ തന്നെ പറയാറില്ലേ?ഡയറികളില്ലാതെ നിനക്ക് ജീവിക്കാനാവില്ലെന്ന്!?പിന്നെന്തിനു ചുട്ടു കളയണം?

'ഞണ്ടുകള്‍ പറയുന്നുരണ്ടാഴ്ചക്കപ്പുറം പോവില്ലെന്ന്!..എന്തെല്ലാം നിറത്തിലാണെന്നോ ഞണ്ടുകള്‍!ചുവപ്പ് ,പച്ച ,വെള്ള ,വൃത്തികെട്ട മഞ്ഞ..ചിലപ്പോ കഴുത്തിറുക്കിയാവും എന്നെ കൊല്ലുക..അല്ലെങ്കില്‍ പാമ്പിനെപ്പോലെ ചുറ്റി വരിഞ്ഞ്..ഇന്നാളൊരാര്‍ട്ടിക്കിള്‍ വായിച്ചില്ലേ?ആയിരം ഡിഗ്രീ ചൂടില്‍ ഒന്നര മണിക്കൂര്‍ വേണം മനുഷ്യശരീരം ദഹിച്ചു തീരാന്‍..ഓരോ നിമിഷവും ജീര്‍ണിക്കുന്ന  ബാധ്യത മാത്രമാണ് മനുഷ്യനെന്ന്..എത്ര ശരി .വിസര്‍ജ്യവും അഴുക്കുമല്ലാതെ മറ്റെന്താണവന്‍  ബാക്കി വെക്കുന്നത്..ഇലക്ട്രിക് ക്രീമറ്റോറിയത്തിലാണോ എന്നെയും ദഹിപ്പിക്കുന്നത്?'

'ഹോ!ഇനിയവള്‍ സംസാരിക്കുന്നത് മുഴുവന്‍ മരണത്താഴ്വരയില്‍ നിന്നുകൊണ്ടായിരിക്കും.ശവഗന്ധം പിന്നെ ഇവിടെയാകെ..സാത്താന്റെയും  മാലാഖമാരുടെയും കൂടിക്കുഴയുന്ന ചിരികള്‍..ആക്രോശങ്ങള്‍..എന്റെ ദൈവമേ! ഇവളില്‍ നിന്ന്  ജീവന്റെ കൊടുമുടിയിലേക്ക് എന്നെയൊന്നു രക്ഷപ്പെടുത്തുക..'
ചൈതന്യം പൂത്തു തളിര്‍ത്തിരുന്ന ആരോഗ്യകാലത്തെല്ലാം പുല്‍ത്തകിടികളെക്കുറിച്ചാണവള്‍ പറയുക.'രമേശ് ,നമ്മുടെ വീട്ടിലും വേണം പുല്‍ത്തകിടികളും ജലധാരകളും തലയാട്ടുന്ന പാവകളും..എന്തു ഭംഗിയായിരിക്കും ..'
അവളിപ്പോഴും ഡയറി വായനയിലാണ്.എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന അവളോട് മുമ്പ് എപ്പോഴും പരിഭവിക്കുമായിരുന്നു ,ഡയറികള്‍ തട്ടിപ്പറി ച്ച് വായിക്കാന്‍ നോക്കിയിരുന്നു.ഒന്നും മനസ്സിലാവില്ല ..ആര്‍ക്കോ വേണ്ടി നീണ്ടു പോകുന്ന എഴുത്തുകള്‍ ...

'ജൂണ്‍6
സ്വപ്നങ്ങളില്‍ കുളങ്ങളാണ് നിറയെ.പടവുകളില്‍ വഴുവഴുക്കുന്ന പച്ചപ്പ്..ധൃതിപ്പെട്ടു കയറിയത് കൊണ്ടാവും ഞാന്‍ വഴുതി വീണു..നീ വരുന്നുണ്ടായിരുന്നു ദൂരേന്ന്..സ്‌നേഹത്തിന്റെ സ്വര്‍ണവിളക്ക് നിന്റെ കയ്യില്‍ ഒരു പന്തം പോലെ എരിയുന്നുണ്ടായിരുന്നു.കാറ്റടിച്ചിട്ടും മഴ പെയ്തിട്ടും കെട്ടുപോകാതെ..അതിന്റെ ദീപ്തിയില്‍ നിന്റെ മുഖം ശോഭയാര്‍ന്നു..ഒറ്റക്കുതിപ്പിനു ആ കരവലയത്തില്‍ അമരാന്‍ കൊതിച്ചായിരുന്നു ഓടിയത്.പക്ഷെ..മുന്നിലെത്രയാണ് പടവുകള്‍..സോ സ്ലിപ്പിംഗ്..'
'രമേശ് ,ഈ ഡയറികളെല്ലാം ഒരിക്കലൂടെ വായിക്കാന്‍ കണ്ണ് ബാക്കിയാകുമോ?ഏതു നിമിഷവും കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞില്ലേ?എത്ര മറച്ചു വെച്ചാലും ഞണ്ടുകള്‍ പറഞ്ഞു തരും എല്ലാ രഹസ്യവും..സ്മൃതികളെയാകെ പൊടി തട്ടി താലോലിച്ചിട്ടു വേണം യാത്രയാകാന്‍..'
അവള്‍ക്ക് പറഞ്ഞോണ്ടിരിക്കാന്‍ ആരും വേണമെന്നില്ല.ഞാനവിടെയുണ്ടെന്ന വിശ്വാസത്തിലാണ് പിറുപിറുപ്പ്.സാലി ഇന്നലേം ദേഷ്യപ്പെട്ടു.അവളുടെ വീട്ടില്‍ ചെല്ലാത്തതിന്.പപ്പക്കും മമ്മക്കും എന്നെ കാണണമത്രെ.ഭാരരഹിതമായ മിനുസമുള്ള ദിവസങ്ങള്‍..ഇടയ്ക്ക് ദീപയുടെ ഓര്‍മ ഇരുള്‍ കോരിയിടുമെങ്കില്‍ കൂടി..ടൌണിലെ ഫ്ലാറ്റിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ സന്ധ്യ കഴിഞ്ഞിരുന്നു.മുമ്പ് രോഗം തുടങ്ങിയ കാലത്ത് ദീപയെ മരുന്ന് കഴിപ്പിക്കാന്‍ ഇടയ്ക്കിടെ ഓഫീസില്‍ നിന്നും തിരിച്ചു വരുമായിരുന്നു.സന്ധ്യയുടെ ശോണിമയിലേക്ക് ഉറ്റു നോക്കി അവള്‍ സിറ്റൌട്ടില്‍ ഇരിപ്പുണ്ടാവും.ആയിടെയാണ് ലോണിലെ പക്ഷിപ്പലകയില്‍ കിളികള്‍ വരാതായത്.മുമ്പെത്രയായിരുന്നു വര്‍ണങ്ങളുടെ പെരുമഴ..നെന്മണി പെറുക്കി..മുടന്തനായ ഒരു കാക്ക മാത്രമായി പിന്നെ..

എപ്പോഴാണ് അറ്റമില്ലാത്ത ഒരിടനാഴിയുടെ രണ്ടു ധ്രുവങ്ങളിലേക്ക് ഞങ്ങള്‍ തെറിച്ചു പോയത്?നടന്നിട്ടും നടന്നിട്ടും ഒരിക്കലും കണ്ടുമുട്ടാതെ..സാലി ഏറെ സന്തുഷ്ടയാണിപ്പോള്‍..ഫ്‌ലാറ്റില്‍ ആരും ആരുടേയും ജനാലപ്പഴുതിലൂടെ എത്തി നോക്കില്ലല്ലോ..വേണ്ടാത്ത ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയുകയും വേണ്ട..റെസ്‌ക്യു ഹോമിലേക്ക് മാറ്റാനാണവള്‍ പറയുന്നത്..'രണ്ടാഴ്ചക്കപ്പുറം..'ഞാന്‍ ഓര്‍മിപ്പിച്ചു.'അതൊക്കെ പിച്ചും പേയും പറയല്ലേ?എന്റെ ഒരങ്കിള്‍ എത്ര കാലാ കീമോയും റേഡിയേഷനുമായി നരകിച്ചത്..അവിടെത്തന്നെ പാലിയേറ്റീവും ഉള്ളതോണ്ട് നോക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇഷ്ടംപോലെയുണ്ടാവും.അല്ലേലും ആ വീട് വിറ്റ് കളയുന്നതാ ബുദ്ധി.ഐശ്വര്യം ഇല്ലാത്ത വീട്..'
രണ്ടു മൂന്നു തവണ പോയപ്പോഴും അവള്‍ വായിക്കുകയായിരുന്നു.കണ്ടിട്ടും കാണാത്ത പോലെ..ഒന്നുമൊന്നും ഉരിയാടാതെ..ഒരു ദിവസംപുല്‍ത്തകിടിക്ക് നടുവില്‍ ഇരുട്ടില്‍ ആളുന്ന തീക്കരികെ അവള്‍..
'വീടും പുരയിടവും കത്തി നശിച്ചാലും നിനക്കൊന്നുമില്ല.ബോധാമില്ലാതായോ?'

എന്റെ അലര്‍ച്ചയൊന്നും കേള്‍ക്കാത്ത മട്ടില്‍ അവള്‍ ധ്യാനനിരതയായി.അവളൊന്നു ശണ്ഠ കൂടിയെങ്കില്‍..ഉറച്ചൊന്നു സംസാരിച്ചെങ്കില്‍..
രണ്ടാമത്തെ ആഴ്ചമുറി തുറക്കുന്നില്ലെന്നു ശാന്ത കരഞ്ഞു വിളിച്ചു ഫോണ്‍ ചെയ്തപ്പോള്‍ വല്ലാത്ത ഈര്‍ഷ്യ തോന്നി.ഈ തണുത്ത പുലര്‍കാലത്ത്..നാശം..ചവിട്ടിപ്പൊളിച്ച വാതിലിനപ്പുറം ശാന്തയായി ഉറങ്ങുന്നു..തൊട്ടടുത്ത് പ്ലെയറില്‍ നിന്നുയരുന്ന ഒരേ ഗാനം..അവളുടെ വരികള്‍ അവള്‍ തന്നെ പാടിയത്..

'വെറുംകയ്യുമായ് വീണ്ടുമീ യാത്ര തുടരട്ടെ വഴികളില്‍ വിളക്കില്ലെന്നറിവിലും
ശോകാര്‍ദ്ര സന്ധ്യക്ക് സിന്ദൂരമായീ ഹൃദയരക്തം തന്നെയെടുത്തിടാം..
എങ്കിലും ഭദ്രേ, നിന്‍ദീപമിന്നിതാ കെട്ടു പോവുന്നീ മന്ദമാരുതനിലും
ആദിത്യനെങ്ങോ മറഞ്ഞൊരീ വേളയില്‍ ആരിറ്റു വെട്ടവുമായ് ഇനിയും കടന്നെത്തും..'

ചിലപ്പോള്‍ അവളോട് എന്തു ചോദിച്ചാലും മറുപടിയുണ്ടാവില്ല.മറ്റേതോ ലോകത്തേക്ക് ഊളിയിടുന്ന കണ്ണുകള്‍..പാട്ടൊന്നു ഓഫാക്കാനോ തെന്നി മാറിയ ഡ്രസ്സ് നേരെയാക്കാനോ ആര്‍ക്കും ധൈര്യമുണ്ടായില്ല.'പോലീസെത്താതെ..'ആളുകള്‍ മന്ത്രിച്ചുകൊണ്ടിരുന്നു.ശരങ്ങളായി തുളയുന്ന നോട്ടങ്ങള്‍..ഒന്നു കെട്ടിപ്പിടിച്ചാല്‍, പോട്ടിക്കരഞ്ഞാല്‍ തീ പാറുന്ന മിഴികളില്‍ സഹതാപം അലയടിച്ചേനെ.പക്ഷെ അഭിനയത്തില്‍ പണ്ടേ പിന്നിലാണ്..
പൊടുന്നനെസാലിയതാ ഒരു വാണംപോലെ  കുതിച്ചു വരുന്നു..മൃതദേഹത്തെ ഇറുകെ പുണര്‍ന്ന് അലമുറയിടുന്നു'ചേച്ചീ, ഞങ്ങളെ ഇട്ടേച്ചു പോയില്ലേ?ഞങ്ങളെ നിര്‍ബന്ധിച്ചു കല്യാണം കഴിപ്പിച്ചിട്ട്..'നെഞ്ചത്തടിച്ച് നിലവിളിക്കുന്ന അവളെ കാരുണ്യത്തോടെ തലോടുന്ന അനേകം കൈകള്‍!കറുത്ത സാരിയിലേക്ക് പടരുന്ന കണ്ണീര്‍..
ഒരു നല്ല നടനാവാനുള്ള ആത്മാര്‍ത്ഥപ്രയത്‌നത്തോടെ ഞാനും വിതുമ്പാന്‍ തുടങ്ങി'എന്റെ ദീപാ..'പിന്നെ മനപ്പൂര്‍വം അസ്തബോധനായ് നിലം പതിക്കെ എന്നെ താങ്ങാന്‍ ദയ നിറഞ്ഞ എത്ര കൈകളാണ്..അലിവുള്ള എത്ര ഹൃദയങ്ങളാണ്..ഒരു ഭാരമാണ് എന്റെ മുതുക് വിട്ടു പോയതെന്ന് ആരും അറിഞ്ഞിട്ടില്ലല്ലോ..ഹാവൂ.........
 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ