Pages

2014, മാർച്ച് 30, ഞായറാഴ്‌ച

വിഷമഴ(കഥ)


മുകളില്‍ ചക്രമുള്ള യന്ത്രപ്പക്ഷിയെ കാണാന്‍ ഞങ്ങള്‍ കുടിലുകളില്‍ നിന്നും ഓടിയിറങ്ങി. ഞങ്ങള്‍, എട്ടോ ഒമ്പതോ വര്‍ഷങ്ങള്‍ മാത്രം ഭൂമിയില്‍ പഴക്കമുള്ളവര്‍, സാകൂതം മുകളിലേക്ക് നോക്കി. യന്ത്രപ്പക്ഷി കറുത്ത ജലം തുപ്പാന്‍ തുടങ്ങി. കണ്ണു നീറുന്നു, മേലാകെ ചൊറിയുന്നു. അതൊന്നും ഗൌനിക്കാതെ ഞങ്ങള്‍  ഓടി.  കശുമാവിന്‍തോട്ടങ്ങളിലേക്ക് നീറുംമരുന്ന് മഴയായി പെയ്യുന്നു..കാറ്റ് രാസഗന്ധത്താല്‍ ശ്വാസം മുട്ടിപ്പിടഞ്ഞു.ഞങ്ങളുടെ കളിസ്ഥലമായ പാറപ്പുറത്ത് കയറി നിന്നാല്‍ എന്തെല്ലാം കാഴ്ചകളാണെന്നോ.. വര്‍ണവിസ്മയങ്ങളായ ശലഭങ്ങള്‍..മൂളിപ്പറക്കുന്ന ആനത്തുമ്പികള്‍..ചിലച്ച് ചിലച്ച് നേരം കൊല്ലുന്ന ചിതല്‍ കാടകള്‍..മല തുരന്നു ചിരിച്ചൊഴുകുന്ന അരുവികള്‍..ശാന്തമായി ഉറങ്ങുന്ന നീലക്കുളങ്ങള്‍..
......................................................................  ......................................................

വര്‍ഷങ്ങളെത്ര പെയ്‌തൊഴിഞ്ഞു..ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലം സത്യമായിരുന്നോ എന്തോ..ദേശം മുഴുവന്‍ ശരവേഗത്തില്‍ പോകുന്ന ലോകത്തിനൊപ്പം ഓടാനാകാതെ വൈകല്യങ്ങളുടെ രാവണന്‍ കോട്ടയില്‍ കുടുങ്ങിക്കിടപ്പാണ്..രോഗങ്ങളുടെ പണ്ടോറപ്പെട്ടി ആരോ തുറന്നു വെച്ചിരിക്കുന്നു. വെളിച്ചത്തെ ഭയന്ന് ഏതു നേരവും ഇരുട്ടില്‍ തപ്പിത്തടയുന്നവര്‍..ചിത്തരോഗത്താല്‍ ഒരു സ്ഥലത്തും നില്‍ക്കാനാകാതെ ഓടിക്കൊണ്ടിരിക്കുന്നവര്‍..ആരെയെങ്കിലുമൊക്കെ ഉപദ്രവിച്ചു ആനന്ദിക്കുന്നവര്‍..ഒരിക്കലും വായടക്കാന്‍ കഴിയാതെ ലോകത്തിന്റെ നാട്യങ്ങളിലേക്ക് കണ്ണു തുറിച്ചവര്‍...ചലനമെന്തെന്നറിയാതെ കട്ടിലുകളില്‍ തടങ്കലിലായവര്‍..കൈകാലുകള്‍ മടങ്ങിത്തിരിഞ്ഞു വികൃതരൂപമായവര്‍..അവയവങ്ങള്‍ പലതുമില്ലാതെ മാംസപിണ്ഡങ്ങളായിപ്പോയവര്‍..
ഇതെല്ലാം ഞങ്ങളുടെ വിധികളാണെന്ന് എങ്ങനെ വിശ്വസിക്കും? ഭൂമിയില്‍ ജനിച്ചു പോയതിന്റെ ശിക്ഷയാണെന്ന് എങ്ങനെ ആശ്വസിക്കും? ചില ജന്മങ്ങള്‍ക്ക് ഭൂമി തന്നെയാണ് നരകം. വെന്തു വെന്താണ് അവരുടെ ആയുസ്സ് എരിഞ്ഞു തീരുക..ദുഃഖത്തിന്റെ കയ്ക്കുംകഞ്ഞിയാണ് അവര്‍ക്ക് ഏതു നേരവും ഭക്ഷണമാവുക..
......................................................... ....................................................................................

ഇത്രേം ആര്‍ത്തിയുള്ള  ഈ മനുഷ്യജീവിയെ സൃഷ്ടിച്ചുപോയതില്‍ ദൈവം എത്രമാത്രം പശ്ചാത്തപിക്കുന്നുണ്ടാകും..അവന്റെ അത്യാഗ്രഹത്തിന് നരകജീവിതം വിധിക്കപ്പെട്ടവരാണ് ഇരകളാവുക. ഇരകളെന്നും ഉപകരണങ്ങളാണല്ലോ..എന്റെ ദേഹം തന്നെ നോക്കൂ, ഉണങ്ങി വിണ്ട പാടം പോലെ..എത്ര മഴയാണ് ഈ വിള്ളലുകള്‍ നികത്തുക?
പാറപ്പുറത്തിരുന്നാല്‍ ഇപ്പോള്‍ പണ്ടത്തെ കാഴ്ചകളല്ല. വിഷമുള്ള കലക്കുവെള്ളവുമായി നീരുറവകള്‍ കരഞ്ഞൊഴുകുന്നത് കണ്ടില്ലേ? കുളങ്ങളില്‍ മീനുകള്‍ ചത്തു പൊങ്ങുന്നു. ശലഭച്ചിറകുകള്‍ നിലത്ത് ഉറുമ്പരിച്ച് ദ്രവിക്കുന്നു. പക്ഷികള്‍ ഭയന്ന്  സ്ഥലം വിട്ടെന്നു തോന്നുന്നു. ചോരച്ച നാക്കുകള്‍ നീട്ടി  ദുരിതപ്പെട്ടു തീര്‍ന്നവരുടെ ആത്മാക്കള്‍ ദൂരേന്നു പാഞ്ഞടുക്കുന്നുണ്ടോ? വേഗതയുടെ ലോകത്ത് ഞങ്ങളെന്തിനു ബാക്കിയാകണം? ബാല്യത്തിന്റെ, കൌമാരത്തിന്റെ, യൌവനത്തിന്റെ വര്‍ണയുടുപ്പുകള്‍ എന്തിനാണു നിങ്ങള്‍ ഞങ്ങളില്‍ നിന്നും തട്ടിപ്പറിച്ചത്?
...................................................... ........................................................

പട്ടങ്ങള്‍ ഉണ്ടാക്കുകയായിരുന്നു. വിണ്ട തോലിയിലൂടെ ചലമൊലിക്കുന്നത് കൊണ്ട് എന്തോരം ഈച്ചകളാണ്..മുറിവുകളില്‍ തുരക്കാന്‍ തന്നെ എല്ലാവര്‍ക്കും താല്പര്യം. അപ്പോഴാണ് ഒരു അദ്ഭുതവാര്‍ത്ത റേഡിയോയില്‍ നിന്ന്. വിഷമഴ നിരോധിക്കുകയാണത്രെ. രോഗമഴയുടെ എത്ര വര്‍ഷങ്ങള്‍..ദൈന്യത്തിന്റെ എത്രയെത്ര രാപ്പകലുകള്‍..വരും തലമുറക്കെങ്കിലും ഇനി മനുഷ്യജന്മത്തിന്റെ സുകൃതത്തിലേക്ക് തിരിച്ചു പോകാമല്ലോ. ആ ചിന്ത പോലും എത്ര ആഹ്ലാദകരമാണ്.
............................................. ......................................................

നോക്കൂ, ഒരു വര്‍ഷംകൊണ്ടുണ്ടായ മാറ്റങ്ങള്‍. എന്റെ രണ്ടു കൂട്ടുകാരും മണ്ണിനടിയിലായി. എല്ലാറ്റിനും സാക്ഷിയായി ഞാനിപ്പോഴും ഈച്ചകളെയും ആട്ടി.. ഭൂമിയുടെ പച്ചപ്പ് തിരിച്ചു വരുന്നത് കാണുക തന്നെ വേണം. എന്തു മാത്രം പൂമ്പാറ്റകള്‍..എന്തെല്ലാം നിറത്തിലുള്ള പക്ഷികള്‍, വണ്ടുകള്‍, തേനീച്ചകള്‍..ഭൂമി പ്രതികാരം ചെയ്യുകയാണ് നശിപ്പിക്കാന്‍ മാത്രമായി ജന്മം കൊണ്ട ദുഷ്ടജീവിയോട്..കുറെയേറെ നിറങ്ങളില്‍ പട്ടങ്ങള്‍ ഉണ്ടാക്കണം. എല്ലാവരെയും കൂട്ടി ഞങ്ങളുടെ ചെറിയ ചെറിയ ആശകള്‍ നിറഞ്ഞ പട്ടങ്ങളെ ആകാശത്തേക്ക് പറത്തണം.
വിഷമഴ മറ്റൊരു പേരില്‍ ഇനിയും തിരിച്ചെത്തുമോ എന്തോ..അങ്ങനെ ഉണ്ടാവാതിരിക്കട്ടെ. പൂക്കളേ, നിറങ്ങളേ നന്ദി. മൃത്യുവിനെ ഓര്‍ത്തുകൊണ്ടിരിക്കാന്‍ മാത്രമായി ജനിച്ച ഞങ്ങള്‍ക്കൊക്കെ മറ്റെന്തു സന്തോഷം, ഈ സുന്ദരഭൂമിയെ നോക്കിയിരിക്കയല്ലാതെ..അതിന്റെ പച്ചപ്പ് ഇനിയെങ്കിലും ഒരു രാക്ഷസക്കയ്യിലും ഞെരിഞ്ഞമരാതിരിക്കട്ടെ.................    

2 അഭിപ്രായങ്ങൾ: