Pages

2014, ജൂലൈ 11, വെള്ളിയാഴ്‌ച

കാഴ്ചയ്ക്കപ്പുറം(കഥ)


'എല്ലാവര്‍ക്കും തിമിരം നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു, കണ്ണടകള്‍ വേണം ,കണ്ണടകള്‍ വേണം '



 വാര്‍ത്തകള്‍ക്കിടെ, പെട്ടെന്നാണ് ടീവിയുടെ ചില്ലുപായയിലേക്ക് ഒരു പെണ്‍കുട്ടി ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങിയത്. വശങ്ങളില്‍ പിടിപ്പിച്ച ചിറകുകള്‍ താഴ്ത്തി നഗ്‌നമായ വയറിനെ പൊലിപ്പിച്ചുകൊണ്ട് ഒരു സര്‍പ്പത്തെപ്പോലെ അവള്‍ ആടിയുലഞ്ഞു. പിന്നെ മനോഹരമായി, ആകാശത്തിനഭിമുഖമായി ഒരു വില്ലുപോലെ വളഞ്ഞു. ചറുപിറേന്ന് ഒരു ചെറുമഴയായി ചോക്കലേറ്റുകള്‍ അവളുടെ ദേഹത്തേക്കുതിര്‍ന്നു.........................
ഓരോ പരസ്യം കഴിയുമ്പോഴും ഒരു സിനിമ കണ്ട പ്രതീതിയാണ് രാധയ്ക്ക്..പിന്നെയും രണ്ടു പരസ്യങ്ങള്‍ കഴിഞ്ഞാണ് വാര്‍ത്തയില്‍ എല്ലിന്കൂടായ ഒരുത്തനെ പോലീസ് തല്ലിച്ചതക്കുന്നത് കണ്ടത്..വായുവിലൂടെ മലക്കം മറിഞ്ഞ് ഒരു കണ്ണട, വെളുത്ത കാറിന്റെ ടയറുകള്‍ക്കടിയില്‍ ഭസ്മമായി..

'എന്റെ ശ്രീനി...........' ഒരു വിതുമ്പലോടെ അവള്‍ ചാടിയെഴുന്നേറ്റു. പത്തു വര്‍ഷങ്ങളുടെ ഓര്‍മകളൊന്നാകെ പൊടിഞ്ഞ കണ്ണടചില്ലുകളായി അവരുടെ ഉള്ളിലേക്ക് താഴ്ന്നിറങ്ങി ചോര തെറിപ്പിച്ചു..കുരുടനെപ്പോലെ തപ്പിത്തടഞ്ഞ് അവന്‍ നിലവിളിച്ചു.  'എന്റെ കണ്ണട..എനിക്കൊന്നും  കാണുന്നില്ലല്ലോ...'

'എടീ, നിന്റെയാ ചെറുക്കന്‍ അടുത്തു തന്നെ കാലിയാകുന്ന ലക്ഷണംണ്ട്..കൈക്കൂലി വാങ്ങിയ ആരെയോ അവനും കൂട്ടുകാരും നന്നായി പെരുമാറിയത്രെ..ഇവനാരാ? ഹരിശ്ചന്ദ്രനോ? നാടു നന്നാക്കാനിറങ്ങിയിരിക്കുന്നു..എല്ലിന്‍കൊട്ടയെ ആദ്യം മനസ്സിലായില്ലാട്ടോ. പിന്നെയാ കണ്ണട കണ്ടപ്പോഴാണ്...' വെളുക്കനെ ചിരിച്ചു കൊണ്ട് തോമസ് പറഞ്ഞുകൊണ്ടിരുന്നു. വെറുപ്പോടെ മുഖം തിരിച്ച് അവര്‍ ക്യാരറ്റ് അരിയുന്നത് തുടര്‍ന്നു..

മുമ്പ്, വളരെ മുമ്പ്, കണ്ണടയിലൂടെ കൂര്‍പ്പിച്ചു നോക്കി ദേഷ്യത്താല്‍ മുഖം തുടുത്ത് ശ്രീനി ഒച്ചയിട്ടു..
'ആരാണയാള്‍? എന്തിനാ എപ്പഴും ഇവിടെ വരുന്നത്? ഇഷ്ടമല്ല എനിക്കയാളെ, എല്ലാരും കളിയാക്കുന്നു, നിന്റമ്മേ അയാള് കെട്ടിയോടാ? ഇതും പറഞ്ഞ് സ്‌കൂളില്‍ എത്ര പേരോടാ അടി കൂടിയത്, നോക്കിക്കോ, ഒരൂസം അയാളെ ഞാന്‍ കൊല്ലും'.

ഞെട്ടിപ്പോയി, എത്ര ലളിതമായി പറയുന്നു, കൊല്ലുമെന്ന്..തോമസും, തനിക്ക് അവനോളം പ്രിയപ്പെട്ടതാണെന്ന് അവനറിയില്ലല്ലോ...അതിന്റെ പേരില്‍ മാത്രം അകന്നു പോയ അവന്റെ അച്ഛന്‍......സങ്കടത്തോടെ അവനെ കരവലയത്തിലാക്കി ഒരുമ്മ കൊടുക്കാന്‍ നോക്കി. ഈര്‍ഷ്യയോടെ കൈകള്‍ തട്ടി മാറ്റി അവന്‍ അമ്പലക്കുളത്തിനു നേരെ നടന്നു..
അവര്‍ ജനാലയിലൂടെ പുറത്തേക്ക് നോക്കി. കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ മുറ്റം, ഈ മണല്‍ എല്ലാം ആ കാലടികളെ ഓര്‍ക്കുന്നുണ്ടാകും..എവിടെയാണ് താമസമെന്ന് ആര്‍ക്കറിയാം? തോമസിനത്രയും സന്തോഷം..'പോയി തുലയട്ടെ..ആ ചെക്കന്റെ പുളിച്ച നോട്ടം കൊണ്ട് വല്ല സ്വൈര്യവുമുണ്ടായിരുന്നോ?'

അന്ന് –സ്‌കൂള്‍ വിട്ടു വന്നപ്പോള്‍ അവന്‍ ഉത്സവത്തിമര്‍പ്പിലായിരുന്നു..ഓടി വന്നു കെട്ടിപ്പിടിച്ച് അവന്‍ പോക്കറ്റില്‍ നിന്നും ഭംഗിയുള്ളൊരു കണ്ണട പുറത്തെടുത്തു. വീണു പൊട്ടാതിരിക്കാന്‍ പിറകില്‍ നിന്നു തൂങ്ങുന്ന കറുത്ത ലേസ്, കണ്ണട മാല പോലെ കഴുത്തില്‍ തൂക്കി അവന്‍ പുഞ്ചിരിച്ചു 'ആല്‍ത്തറേലെ സന്യാസി തന്നതാ..ആരും കാണാത്തതൊക്കെ ഇതോണ്ട് കാണൂത്രെ..'നിലത്തേക്ക് കൂന്നിരുന്ന്  അവന്‍ ആര്‍ത്തു വിളിച്ചു, നോക്കമ്മേ, എന്തു വലിയ പുഴുക്കള്‍, ഉറുമ്പുകള്‍..........'

കൊഴിയുന്ന ദിനങ്ങല്‍ക്കൊപ്പം അവന്റെ പ്രസന്നതയും കുറഞ്ഞുകൊണ്ടിരുന്നു..പഠിക്കാനൊന്നും യാതൊരു താല്പര്യവുമില്ല..ഏതു നേരവും ആ കണ്ണടയുമായാണ് നടപ്പ്..ഒരിക്കലത് പിടിച്ചു പറിക്കാന്‍ നോക്കിയതാണ്..പക്ഷെ പിന്നെയൊരിക്കലും അത് കാണാന്‍ കൂടി കിട്ടിയില്ല..ഉറക്കില്‍ ഇടയ്ക്കിടെ അവന്‍ നിലവിളിക്കുന്നത് കേള്‍ക്കാം'അയ്യോ, കൊല്ലല്ലേ, നോക്കമ്മേ, ചോര, എല്ലായിടത്തും ചോര..........'

വല്ലാത്ത ആധിയായി, അവനു പറയാനുള്ളത് ശ്രദ്ധിക്കാത്തതുകൊണ്ടാണോ ഇങ്ങനെയൊക്കെ? നശിച്ചയാ കണ്ണട ഒന്നു കയ്യില്‍ കിട്ടിയെങ്കില്‍............എന്തെല്ലാം വ്യസനിപ്പിക്കുന്ന വാര്‍ത്തകളാണ് നിത്യേന..അവനാണെങ്കില്‍ ചെറിയൊരു കാര്യം മതി കരയാന്‍..മുതിര്‍ന്നൊരു ചെറുക്കനെ എത്ര വരിഞ്ഞു കെട്ടാനാകും?ഒരിക്കലവന്‍ പറഞ്ഞതു കേട്ട് താനതിശയിച്ചു പോയി'അമ്മേ, ഇന്നലെ ഞാന്‍ കണ്ട സ്വപ്നം കേള്‍ക്കണോ? ഒരു വൃത്തി കെട്ട ചേരിയില്‍ കോലം കെട്ട കുറെ പെണ്‍കുട്ടികള്‍ ഭയന്നു നിലവിളിക്കുന്നു..പാവാടകള്‍ അവര്‍ മുറുക്കെപ്പിടിച്ചിരുന്നു, ആരോ അതഴിക്കാന്‍ വരുമെന്ന് പേടിച്ച പോലെ....'

ദേഷ്യത്തോടെ താന്‍ നെറ്റി ചുളിച്ചു. 'എന്താ നിന്റെ വിചാരം? തെണ്ടി നടക്കണ നേരം കൊണ്ട് വല്ല പുസ്തകോം എടുത്ത് പഠിച്ചൂടെ നിനക്ക്?'

തന്റെ ശകാരങ്ങളെ വകവെക്കാതെ പുതിയ കാഴ്ചകള്‍ക്കായി മിഴികള്‍ തേച്ചു മിനുക്കി അവന്‍ പുറത്തിറങ്ങി..

'ദാ ,നിനക്കൊരു ഫോണ്‍ ,ചാനലീന്നാ, നിന്റെ മോനിപ്പോ വല്യ പ്രശസ്തനല്ലേ?'തോമസ് അവജ്ഞയോടെ ഫോണ്‍ നീട്ടി..

'ഹലോ '
'ഹലോ മാഡം, ഇപ്പോള്‍ ഞങ്ങളുടെ ന്യൂസ് കണ്ടല്ലോ അല്ലേ?'
'എന്താ വേണ്ടത്?' ഒരല്പം ശബ്ദമുയര്‍ത്തി അവര്‍.. 
'മറ്റൊന്നുമല്ല മാഡം, ഞങ്ങളൊരു പ്രോഗ്രാമൊരുക്കുന്നു, നിങ്ങളുടെ മകന്റെ ചെറുപ്പകാലം, ഒരു റിബലാവുന്നതിനു മുമ്പുള്ള സംഭവങ്ങള്‍..ഒക്കെ ചേര്‍ത്ത്..പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും, മാഡത്തിനും..'
'സോറി , എനിക്ക് തീരെ സുഖമില്ല. '
'സാരമില്ല മാഡം, ഞങ്ങള്‍ അടുത്താഴ്ച വരാം. പ്രതിഫലമൊക്കെ ഡീസന്റായിരിക്കും..'

അരിശത്തോടെ ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ ഒരിക്കലവനെ കണ്ടത് ഓര്‍ത്തു. ആല്‍ത്തറയില്‍ അവന്‍ പ്രസംഗിക്കുകയാണ്..ദൂരെയായിട്ടും അവന്റെ വാക്കുകളുടെ ഉഷ്ണം തന്നിലേക്ക് ചുടുകാറ്റായി പറന്നെത്തി..പ്രവാചകന്റേതുപോലെ തിളങ്ങുന്ന കണ്ണുകള്‍..മെലിഞ്ഞുണങ്ങിയ ദേഹം..താടിയും മുടിയും നീണ്ട് ഏതോ പുരാതനയുഗത്തിലേക്ക് യാത്ര പോണ പോലുള്ള കോലം..കണ്ണട തിളക്കത്തോടെ കഴുത്തില്‍ തൂങ്ങുന്നു...
കണ്ണില്‍ ഇരുള്‍ നിറഞ്ഞപ്പോഴെങ്കിലും അവനീ മടിയിലേക്ക് തിരിച്ചെത്തുമോ? അന്ധനായ ഒരുത്തന് ഇനിയെങ്ങനെ വിപ്ലവം നടത്താനാവും? ഇതു കൊണ്ടൊക്കെ എന്താണ് പ്രയോജനം? അവന്‍ തന്റെ പഴയ, കൊച്ചടി വെക്കുന്ന ശ്രീനി ആയെങ്കില്‍.........
പിന്നെയും, ടീവിയുടെ ചില്ലുകണ്ണുകള്‍ ചിരിച്ചു..ബോംബിങ്ങില്‍ തകര്‍ന്ന വീടുകള്‍ക്കിടയില്‍, ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍ക്ക് മീതെ ചുവന്ന പരസ്യവാചകം തെളിഞ്ഞു   'ഈ ലൈവ് സീനുകള്‍ നിങ്ങള്‍ക്കായി സ്‌പോണ്‌സര്‍ ചെയ്യുന്നത്.............'   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ