Pages

2016, മാർച്ച് 27, ഞായറാഴ്‌ച

രണ്ടു കവിതകള്‍





കഫേയില്‍ അന്ന്.............[കവിത]..

കഫേയില്‍ ഞങ്ങള്‍ പതിവുപോലെഅപരിചിതരായി
ഞങ്ങളുടെ കമ്പ്യൂട്ടര്‍ദേശത്ത് ചാറ്റ് ചെയ്തും മെയില്‍ ചെയ്തും
വാര്‍ ഗെയിമുകള്‍ കളിച്ചും ഓരോരുത്തരും തനിച്ച്,
സ്വന്തം അയല്‍ക്കാരനാരെന്നു ഞങ്ങള്‍ക്കാര്‍ക്കുമറിയില്ല
 ന്യൂയിസന്‍സുകള്‍- അഥിതികള്‍ ആള്‍ക്കൂട്ടങ്ങള്‍ എല്ലാം
മോണിറ്ററാണ് ഞങ്ങളുടെ ദേശം ,അവിടെയാണ് സ്വന്തം ബന്ധം.
 പന്ത്രണ്ടു മണിക്കൂറും ചിലപ്പോള്‍ ഞങ്ങള്‍ കളിക്കുന്നു 
അവധിദിനങ്ങളെ അങ്ങനെ ഞെരിച്ചു കൊല്ലുന്നു
എന്നാലും അതിശയം! തൊട്ടപ്പുറത്ത് അയാളെപ്പോഴാണ് ശവമായത്
മോണിട്ടറില്‍ അയാളുടെ പോര്‍വിമാനങ്ങള്‍ ഇപ്പഴും തീ തുപ്പി ..
ഒരു ശവത്തിനടുത്തായിരുന്നു ഇത്ര നേരവും ഇരുന്നിരുന്നത്!
ഇത്ര പെട്ടെന്ന് അയാളെങ്ങോട്ടാണ് പോയത്?
സന്ധ്യയുടെ മഞ്ഞവെളിച്ചം ഓര്‍മിപ്പിക്കുന്നത് ഇത്ര മാത്രം –
ഫുഡ്‌ പാര്‍സലുമായി ഫ്ലാറ്റിലേക്ക് മടങ്ങണം
എല്ലാ വിശപ്പും കെടുത്തി കൂര്‍ക്കം വലിക്കണം,
മറ്റെന്തു ചിന്തിക്കാന്‍? എന്നാലും ആ ശവത്തിന്‍റെ ഓര്‍മ-
വല്ലാത്തൊരു ശല്യം തന്നെ .............................

യുദ്ധമേ [കവിത]...........................................

ഷെല്‍ പൊട്ടി ശരീരം തളര്‍ന്നു കിടപ്പാണ് കെട്ടിയവന്‍
ഒരു ചീള് എന്‍റെ നെഞ്ചിലും മാംസത്തെ പുണര്‍ന്നു കിടക്കുന്നു
ഒരു  മകന്‍റെ  കാലുകള്‍ ബോംബ്‌ കൊണ്ടു പോയി
അതിന്‍റെ ഇളയതിന് യുദ്ധം ചിരിച്ചു നല്‍കിയത് ഭ്രാന്താണ്
പുറത്തിറങ്ങിയാല്‍ ആര്‍ക്കും പിടിച്ചുകൊണ്ടു പോകാം മാനഭംഗപ്പെടുത്താം
അതുകൊണ്ടാണ് ഇളയവള്‍ പഠിത്തം ഉപേക്ഷിച്ചത്
ഒരു നേരത്തെ ഭക്ഷണം പോലും സ്വപ്നമാകുമ്പോള്‍
എന്തിനാണ് പഠിത്തമെന്ന ആര്‍ഭാടം
സൈന്യത്തിലേക്ക് എടുത്തെറിയപ്പെട്ട മൂത്തവന്‍
ജീവിക്കുന്നോ മരിച്ചോ ആര്‍ക്കറിയാം
വാര്‍ധക്യത്തില്‍ പുകയോട് മല്ലിട്ട് ദിനങ്ങളെ വേവിച്ചു തിന്നുന്നു
മകനെ തിരഞ്ഞ് തടങ്കല്‍ക്യാമ്പുകളും ജയിലുകളും
പോലീസ് സ്റ്റേഷനുകളും കയറിയിറങ്ങി
അങ്ങനൊരാള്‍ ഉണ്ടായിരുന്നതിന് എന്‍റെ ഗര്‍ഭപാത്രം മാത്രം തെളിവ്
അവനെ അവര്‍ പിടിച്ചുകൊണ്ടു പോയത് എന്തിനായിരുന്നു
ഉപേക്ഷിക്കപ്പെട്ട, വികൃതമാക്കപ്പെട്ട ശവങ്ങളില്‍ അവനും ഉണ്ടാവുമോ
ഹൊ, എന്തൊരു ജഡങ്ങള്‍! കത്തിക്കരിഞ്ഞവ, തലയില്ലാത്തവ
രഹസ്യഭാഗങ്ങളില്‍ പൊള്ളല്‍ എറ്റവ ..
അവന്‍റെ ഭാര്യ എന്നും അവനു കത്തുകളെഴുതുന്നു
വീട്ടിലെ കാല്‍പെട്ടിയില്‍ പോസ്റ്റ്‌ ചെയ്യുന്നു
അവന്‍റെ കൈകാലുകള്‍ വെട്ടിമുറിച്ചിട്ടുണ്ടാവുമോ
കണ്ണുകള്‍ ചൂഴ്ന്നിട്ടുണ്ടാവുമോ, നാവ് വലിച്ചു പുറത്തിട്ട്
പന്തം കുത്തി നിര്‍ത്തിയിട്ടുണ്ടാവുമോ
യുദ്ധമേ, അസംബന്ധമേ, നീ ആരുടെ ജയത്തിനായാണ്
ഇങ്ങനെ ഇടയ്ക്കിടെ അട്ടഹസിച്ചു പിറന്നുകൊണ്ടിരിക്കുന്നത്?   



    

2016, മാർച്ച് 20, ഞായറാഴ്‌ച

സമരം പല വിധം{കഥ]






ചുംബനസമരം ഞങ്ങളുടെ നാട്ടിലും നടക്കുന്നെനനറിഞ്ഞു ചേരിനിവാസികളില്‍ ചിലരും അതില്‍ പങ്കെടുക്കാനെത്തി. തിന്നാനും ഉടുക്കാനുമില്ലാത്ത തങ്ങളുടെ ദയനീയാവസ്ഥ അങ്ങനെയെങ്കിലും ചാനലുകളില്‍ എത്തുമെന്ന്‍ യുവചേരിനേതാവ് പ്രസംഗിച്ചതിനെ തുടര്‍ന്നായിരുന്നു  അത്. അവന്‍ പറഞ്ഞത് ശരിയായിരുന്നു. പത്രക്കാരും ടി വിക്കാരും മൈതാനിയില്‍ തടിച്ചു കൂടിയിരുന്നു. റെഡി വണ്‍ ടു ത്രീ എന്നു കേള്‍ക്കുമ്പോഴേക്കും കുതിക്കാന്‍ നില്‍ക്കുന്ന ഓട്ടക്കാരെപ്പോലെ  ചുംബനമോഹികള്‍ ചുണ്ടും നീട്ടി ഒരുങ്ങി നില്‍പ്പായിരുന്നു. ചേരിനിവാസികള്‍ തീരാത്ത അത്ഭുതത്തോടെയാണ്‌ ഇതെല്ലാം നോക്കിക്കണ്ടത്. കോലം കെട്ടു പോയ ആ സ്ത്രീകളെ ആരെങ്കിലും വന്നു ചുംബിക്കുമെന്ന് അവര്‍ പോലും കരുതിയിരുന്നില്ല .പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കൊടികളെ ആരും കൊണ്ടു വന്നിട്ടുമില്ല , ഒരുത്തിയെത്തന്നെ മൂന്നാലു ഏമാന്മാര്‍ തട്ടിക്കൊണ്ടു പോയിട്ട് കൊല്ലം മൂന്നാലാകുന്നെയുള്ളൂ ..

ഓരോരുത്തരും ഇഷ്ടപ്പെട്ടവരെ വളരെ പെട്ടെന്ന് തന്നെ കണ്ടെത്തി ചുംബിക്കാനാരംഭിച്ചു..അധികപേരും സുന്ദരികളെത്തന്നെയാണ് തിരഞ്ഞെടുത്തത് . വയസ്സായവരും കറുത്തവരും ചേരിക്കാരും ആരാലും ശ്രദ്ധിക്കപ്പെടാതെ അനാഥരായി  നിലകൊണ്ടു .. ഒരു കറുത്ത തിരസ്കൃതന്‍ രോഷത്തോടെ അലറുന്നതിനു ചാനലുകളില്‍ വൈഡ് കവറേജ് കിട്ടി എന്നുള്ളതായിരുന്നു ഈ സംഭവപരമ്പരകളുടെയെല്ലാം ഒടുക്കം ..അയാള്‍ അരിശത്തോടെ ചോദിച്ചു –“ലോകത്ത് എന്തെല്ലാം പ്രശ്നങ്ങള്‍ നടക്കുന്നു , കുളിക്കാത്തവരെ , പല്ല് തേക്കാത്തവരെ മാനസികരോഗികളെ  എല്ലിന്‍ കൂടുകളായവരെ നിങ്ങള്‍ ഉമ്മ വെക്കാന്‍ തയ്യാറാണോ? ബോംബുകള്‍ വര്‍ഷിക്കുന്ന യുദ്ധഭീകരന്മാരെ ചുംബിച്ച് പിന്തിരിപ്പിക്കാന്‍ നിങ്ങളെക്കൊണ്ടാവുമോ? പ്രളയവും ഭൂമി കുലുക്കവും അനാഥരാക്കുന്നവരെ മുത്തം കൊടുത്ത് നിങ്ങള്‍ക്ക് സാന്ത്വനിപ്പിക്കാനാകുമോ? ഇതിനൊന്നും കഴിയില്ലെങ്കില്‍ ഒരു പ്രശ്നം പോലും പരിഹരിക്കാന്‍ കെല്‍പ്പില്ലെങ്കില്‍ വിഡ്ഢികളല്ലാതെ ഇതിനെ സമരമെന്ന് വിളിക്കുമോ?

തിരസ്കൃതരെല്ലാം ഇതു കേട്ട് സന്തോഷത്തോടെ കയ്യടിച്ചു . സമരക്കാരാകട്ടെ ഇതൊന്നും അറിയുകപോലും ചെയ്യാതെ അപ്പോഴും ചുംബനത്തിരക്കിലായിരുന്നു !

2016, മാർച്ച് 12, ശനിയാഴ്‌ച

ഉണരുക നാടേ {നാടകം}






{ഒരു ചായക്കട – കടക്കാരന്‍ ചായ ഉണ്ടാക്കുന്നു..ഒരു റേഡിയോ പാടുന്നുണ്ട്.രണ്ടുമൂന്നു പേര്‍ പത്രം വായിക്കുന്നു, ചായ കുടിക്കുന്നു. അപ്പുറത്തെ ബാര്‍ബര്‍ കടയില്‍ നിന്ന് ടി വി ന്യൂസ് കേള്‍ക്കുന്നുണ്ട്.
ബാബു –അല്ല ഗോപാലേട്ടാ, ഇങ്ങക്ക് ഇവടെ ഒരു ടി വി വാങ്ങി വച്ചൂടെ, ഇന്നാ ഇങ്ങക്ക് കച്ചോടം കൂടിക്കിട്ടേം ചെയ്യും.
ഗോപാലേട്ടന്‍ -ഉം ,ഇനീപ്പോ അയ്‌ന്റൊരു കൊറവേള്ളൂ..വീട്ടീത്തന്നെ ഏതു നേരോം അയ്ന്റെ തൊള്ള തൊറന്നു വച്ചിരിക്കാ..ബാനൂന് സീരിയലൊഴിഞ്ഞിട്ട്‌ ഒരു തരിയില്ല നേരം. വാര്‍ത്ത തൊറന്നാലോ അതതിലും വല്യ സീരിയലാ..ചായേല് കടി കൂട്ടണ രസല്ലേ ഓല്‍ക്ക് ഓരോ വെട്ടും കുത്തും..

ബാബു –പേപ്പര്‍ തൊറന്നാ ഈ അടീം കുത്തും അല്ലാണ്ട് വേറെ എന്തേലും കാണാണ്ടോ? ഒക്കെ പോരാത്തെയ്ന് എടക്കെടെ തീവ്രവാദികളുടെ കലാപരിപാടികളും..ബോംബ്‌ ,തോക്ക് ..ഈ നാട് എങ്ങട്ടാ ഈ പോണേ?
അബു –അത്പ്പം ഞാനും ഇജും പറഞ്ഞിട്ടെന്താ കാര്യം? ഇതീന്നൊക്കെ ലാഭം ഇണ്ടാക്ക്ണോര്‍ക്ക് ബിസിനസ് മൊടക്കാന്‍ പറ്റോ? അവര്‍ക്ക് തല കൊയ്തിട്ടാണേലും ലാഭം മതി.
അലി –ഇന്‍റെ വെല്ലിമ്മ പറയെയ്നി, പണ്ട് സ്വാതന്ത്ര്യം കിട്ട്യ കാലത്ത് ഞമ്മളെ നാട്ടില്‍ ലഹളണ്ടായപ്പം അടുത്ത വീട്ടിലെ കാര്‍ത്തൂം കുടുമ്പോം പത്തൂസം ഞങ്ങടെ വീട്ടിലാ ഒളിച്ചു പാര്‍ത്തത്‌ന്ന്..ഇന്നാണെങ്കിലോ? ആര് ആര്‍ക്ക് തണിയാകും? എല്ലാര്‍ക്കും എല്ലാരേം സംശയല്ലേ? എല്ലാര്‍ക്കും എല്ലാരേം സ്നേഹിച്ചു കഴിഞ്ഞാ എന്താ കൊഴപ്പം? മതം ,ജാതി ,പാര്‍ട്ടി ..മന്ഷന്മാര്‍ക്കൊക്കെ പിരാന്താ ..പിരാന്ത് ..
അബു –ഒരു കൊഴപ്പോം ഇണ്ടായിട്ടല്ല..പക്ഷേങ്കില് ബിസിനസ്കാര്‍ക്ക് ലാഭം വേണ്ടേ..അയിന് എടക്കെടെ ഓലന്നെ ഓരോ പ്രശ്നം ഇണ്ടാക്കിക്കോളും..
{ചായക്കടക്കാരന്‍ ഉള്ളില്‍ നിന്ന് വരുന്നു ..}

ഗോപാ –എന്താ രണ്ടാളും കാര്യായ വര്‍ത്താനം? വല്ല ബോംബും ഇടണ കാര്യാണോ? അല്ല നാട്ടില്‍ ഇപ്പം അതല്ലേള്ളൂ..അബോ ,അന്‍റെ താടി വടിച്ചാളാ, താടിക്ക് ഇപ്പം ബോംബ്‌ന്നൊരര്‍ഥണ്ട്.
അബു –ഉം നമ്മളെ നാടിന്‍റെ പോക്ക് എവടക്കാണാവോ..
ഗോപാ –ഇപ്പം ഗാന്ധിണ്ടാര്‍ന്നെങ്കി ഒരു മൊഴം കയറില്‍ കെട്ടിത്തൂങ്ങി ചത്തേനെ..ഒരു സംശയൂല്ല ..
{എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കെ കര്‍ട്ടന്‍ വീഴുന്നു ..}
രംഗം –രണ്ട്

[ഗോപാലന്‍റെ വീട് –അയാള്‍ കസേരയില്‍ ഇരുന്നു എന്തോ വായിക്കുന്നു .ഇടയ്ക്കിടെ ആലോചിക്കുന്നു ..]
ഗോപാ –ബാനൂ ഒരു ചായട്ക്ക്..
[അപ്പോള്‍ പുറത്തു നിന്നും ഒരു സ്ത്രീ ഓടി വരുന്നു..അടുത്തെത്തുമ്പോഴാണ് ഗോപാലന്‍ കണ്ണ് തുറക്കുന്നത് ]
സുഹറ- ഏട്ടാ , ഇന്‍റെ നസീബ ഇത് വരെ വന്നിട്ടില്ല..ന്‍റെ മോള് ..ഞാനെത്ര കഷ്ടപ്പെട്ടാ ഓളെ പോറ്റ്ണത്..എന്നിട്ടിപ്പം ..[കരയുന്നു]
ഗോപാ –ഇയ് കരഞ്ഞിട്ടെന്താ കാര്യം? ഞാനൊന്നന്വേഷിക്കട്ടെ, ഇയ് ബാനൂന്‍റെ അട്ത്തിരിക്ക്..[സുഹറ കരഞ്ഞുകൊണ്ട് അകത്തേക്ക് പോകുന്നു..

ഗോപാ –[ആത്മഗതം]- ദിവസോം എത്രയെത്ര പെണ്‍കുട്ടികളെയാ കാണാണ്ടാവണ്..എവടെക്കാ ഇവരൊക്കെ പോവണത്?[കര്‍ട്ടന്‍]
രംഗം മൂന്ന്-
[ഗോപാലേട്ടന്‍റെ വീട്, അവശയായി കിടക്കുന്ന സുഹറ, കുറെ പെണ്ണുങ്ങള്‍ ചുറ്റും ഇരുന്ന്‍ കുശുകുശുക്കുന്നു..ഗോപാലേട്ടനും മറ്റു രണ്ടു പേരും ഉമ്മറത്ത്-]

ഗോപാ –രണ്ടു പ്രാവശ്യായി പോലീസ് ഇവടെ കേറിയെറങ്ങണ്..ഓലെ കുത്തിച്ചോദ്യം കേട്ടാ തോന്നും ഞാനാ പെങ്കുട്ടീനെ ഇവടെ പത്തായത്തില് ഒളിപ്പിച്ചിരിക്കാന്ന്‍..
അബു –ഇനീപ്പോ എവടെ തെരയാനാ? സ്കൂളില്‍ വരെ നമ്മള് തല്ല്ണ്ടാക്കി .വല്ല ഫലൂംണ്ടായോ? സ്കൂള്‍ ഗെയ്റ്റ് കടന്ന് അപ്പെങ്കുട്ടി എങ്ങട് പോയീന്ന് അറീല ആര്ക്കും..ആരും ഓളെ കണ്ടിട്ടന്നെല്ല..
ഗോപാ –എല്ലാരും മോബേലിലല്ലേ? എങ്ങനാ തമ്മില്‍തമ്മില്‍ കാണാ? പാവം സുഹറ..അപ്പെങ്കുട്ട്യല്ലാതെ വേറെ ആരാ ഓക്കൊരു തൊണ?
കൃഷ്ണന്‍ -മൂന്നൂസായില്ലേ ..ഞ്ഞിപ്പോ കിട്ടീട്ടും കാര്യംന്നൂല്ല.. ആ സൂര്യനെല്ലിപ്പെങ്കുട്ടീനെപ്പോലെ ശവാക്കീട്ടുണ്ടാവും ,ജീവന്‍ള്ള ശവം..
ഗോപാ -കരിനാക്കോണ്ടൊന്നും പറയല്ലെടോ..ഒന്നും പറ്റാണ്ട് ആ കുട്ടി ഇങ്ങേത്ത്യാ മത്യാര്‍ന്നു..[സംസാരം തുടരവേ കര്‍ട്ടന്‍]
രംഗം –നാല്

[ഗോപാലന്‍ പനിച്ചു കിടക്കുന്നു..അടുത്ത് ബാനു..]
ഗോപാ –ബാനോ ,ഒരു കരച്ചില് കേക്ക്ണില്ലേ?
ബാനു –കരച്ചിലോ? എവടെ?
ഗോപാ –ശ്രദ്ധിച്ചു നോക്ക്, ദൂരേന്ന് പെണ്‍കുട്ട്യോള് കരയണ ശബ്ദം..[അണിയറയില്‍ നിന്ന് പെണ്‍കുട്ടികളുടെ തുടര്‍ച്ചയായ കൂട്ടനിലവിളി.]
ബാനു –ഇങ്ങക്ക് നൊസ്സാ..ഓരോന്ന് ആലോയ്ച്ചാലോയ്ച്ച് പന്യങ്ങനെ കൂടാ..ആ സൂറാന്‍റെ മോള് പോയേയ്ന് ഇങ്ങക്കെന്താ ഇത്തറ ദെണ്ണം? ഇങ്ങളെ മോളെറ്റേണോ?[ഗോപാലന്‍ അവളെ അനിഷ്ടത്തോടെ തുറിച്ചു നോക്കുന്നു..]

ഗോപാ –വെര്‍തെല്ല ദൈവം മക്കളെ തരാതിര്‍ന്നത്. അന്‍റെ മനസ്സ് കല്ലാ, കരിങ്കല്ല്..
ബാനു –ങാ ,അതന്നെ, കണ്ട മാപ്ലേരെപ്പറ്റി ആലോയ്ച്ച് പനിക്കാന്‍ നിക്ക് ഇങ്ങളെ മാതിരി പിരാന്തില്ല..[ദേഷ്യത്തോടെ അകത്തേക്ക് ..]
[ഗോപാല്‍ വീണ്ടും ശ്രദ്ധിക്കുന്നു.] .[അണിയറയില്‍ നിന്ന് ആക്രോശങ്ങള്‍ - “കൊല്ല്, അവനെ കൊല്ല് അവനേയ് മറ്റൊരെ ആളാ..കൊല്ല് .കൊല്ലപ്പെടുന്നവന്‍റെ അലര്‍ച്ച..അതിനോട് സമ്മിശ്രമാകുന്ന പെണ്‍കുട്ടികളുടെ കരച്ചില്‍.]  .[ഗോപാലന്‍ തല ബെഡില്‍ ഇട്ടുരുട്ടുന്നു..എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു ,കഴിയുന്നില്ല ..ചെവി പൊത്തിക്കൊണ്ട് അയാള്‍ അലറി വിളിക്കുന്നു –എന്നെ ഒന്നും ചെയ്യല്ലേ ,എന്നെ ഒന്നും ചെയ്യല്ലേ ....]  
                      -കര്‍ട്ടന്‍ -