Pages

2016, ഡിസംബർ 3, ശനിയാഴ്‌ച

പുനര്‍ജന്മം[കഥ]





 അവള്‍ ഗര്‍ഭിണിയായിരിക്കെയാണ് വിചിത്രമായ ആ കിനാവ്  കണ്ടത്, പിറക്കാന്‍ പോകുന്ന മകന്‍ ഹിറ്റ്ലറുടെ പുനര്‍ജന്മമാണെന്നായിരുന്നു അത് ..ഉണര്‍ന്നിട്ടും സ്വപ്നം അവളെ വേട്ടയാടി, മനസ്സില്‍ നിന്ന് തീയും പുകയും കുടഞ്ഞു കളയാന്‍ അവള്‍ ആവതും ശ്രമിച്ചു..ഉമിത്തീ പോലെ അത് പതുക്കെ നീറിപ്പിടിക്കുകയാണ് ചെയ്തത്..
ശ്ശെ , എന്തൊരു വിഡ്ഢിത്തം, ഇതെല്ലാം പുരാണസീരിയല്‍ കാണുന്നത് കൊണ്ടുള്ള കുഴപ്പമാ ..അവള്‍ മനസ്സിനെ ശാസിച്ചു..ടോം അത് കേട്ട് പൊട്ടിച്ചിരിക്കയാണ് ചെയ്തത്..”എന്‍റെ ആര്‍ക്കിടെക്റ്റെ, ആരും കേള്‍ക്കേണ്ട ഈ അന്ധവിശ്വാസം,”-അവന്‍ അവളെ നോക്കി വീണ്ടും ചിരിച്ചു .

“ഇനീപ്പോ ആണെങ്കില്‍ തന്നെ നമുക്കവനെ സ്നേഹിച്ചു ശരിയാക്കാം, ടോം കേട്ടിട്ടില്ലേ, പിതാവ് ക്രൂരനായത് കൊണ്ടാണ് ഹിറ്റ്ലര്‍ അങ്ങനെ ആയതെന്ന്, ഒരു ബ്രോക്കന്‍ ഫാമിലിയുടെ സ്നേഹരാഹിത്യം കൊണ്ടാണ് അയാളങ്ങനെ ആയതെന്ന്..”

“എന്തോ-“ ടോം കൈ മലര്‍ത്തി, മനുഷ്യനിവിടെ കണക്കുകള്‍ തീര്‍ക്കാന്‍ തന്നെ സമയമില്ല, അപ്പഴാ നിന്‍റെ ഹിറ്റ്ലര്‍ കഥ ..അവന്‍ പറഞ്ഞത് ശരിയായിരുന്നു , സ്വപ്നജീവിയായിരുന്നു അവള്‍ , എന്ജിനീയറിംഗിന് തീരെ യോജിക്കാത്തവള്‍..

കുട്ടിയെക്കുറിച്ചുള്ള ആധി അവള്‍ ഗൈനക്കോളജിസ്റ്റിനോടും പങ്കിടാന്‍ മറന്നില്ല..ഡോക്ടറും ചിരിച്ചു, “നിങ്ങള്‍ എജുക്കേറ്റഡ്‌ അല്ലേ, ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടുണ്ടോ, ഓരോ ജന്മവും പുതുതാണ്, പരമ്പരയായി ചില സ്വഭാവസവിശേഷതകള്‍ രോഗങ്ങള്‍ എന്നിവയൊക്കെ കിട്ടുമെങ്കിലും ഒരാള്‍ മുമ്പെന്നോ ജീവിച്ച ഒരാളുടെ പകര്‍പ്പായി ജനിക്കുക..ഇമ്പോസ്സിബിള്‍ , ക്ളോണിംഗ് അത്രയും വികസിക്കുന്ന കാലം അതൊരു പക്ഷെ സാധ്യമായേക്കാം..”
ഡോക്ടറുടെ വാക്കുകളാണ് അവളുടെ മനസ്സിനെ തണുപ്പിച്ചത്..എന്നിട്ടും അവന്‍ ജനിച്ചപ്പോള്‍ അവന്‍റെ ഇറുകിയ കണ്ണുകള്‍ അവളുടെ ഉള്ളില്‍ കൊളുത്തായി കിടന്നു..വളരും തോറും അവന്‍റെ ഓരോ വികൃതിയും അവള്‍ ആധിയോടെയാണ് വീക്ഷിച്ചത്..വരക്കാനുള്ള അവന്‍റെ കഴിവ് പോഷിപ്പിക്കാനാണ്‌ അവള്‍ പരിശ്രമിച്ചത്..

എല്ലാം തകിടം മറിഞ്ഞത് ഒരു ബുധനാഴ്ചയാണ്, ടോമിന്‍റെ ഫോണ്‍ വിദൂരത്ത് നിന്നെങ്ങോ അവളോട്‌ മന്ത്രിച്ചു –“ഹെന്നാ, ഐ വില്‍ നോട്ട് ബി ബാക്ക് ടു ഹോം, ഐ കാണ്ട് ലീവ് കരോലിന്‍ എലോണ്‍, ഫോര്‍ഗിവ് മി പ്ലീസ്, വി ഷാള്‍ ബി ഓള്‍വേസ് ഗുഡ് ഫ്രണ്ട്സ് ഡിയര്‍..”

ഫോണ്‍ തന്‍റെ ചെവിയില്‍ പൊട്ടിത്തെറിച്ചുവെന്ന് തോന്നി അവള്‍ക്ക്..മുഖം പൊള്ളി വികൃതമായോ? ഒരു ദിവസം പോലും വഴക്കിട്ടിട്ടില്ല..സ്നേഹിക്കാതിരുന്നിട്ടില്ല, അവന്‍റെ ഒരു പേഴ്സണല്‍ കാര്യത്തിലും ഇടപെട്ടിട്ടില്ല..എന്നിട്ടും..സ്വപ്നം പുലരുകയാണ്‌..അവളുടെ ഉള്ളം വെന്തു കൊണ്ട് അവളോട്‌ മന്ത്രിച്ചു, ഇറുകിയ കണ്ണുകള്‍ തന്നെ വീക്ഷിക്കുന്നത് അവള്‍ അറിഞ്ഞു..വിതുമ്പിക്കൊണ്ട് മകനെ മാറോടണച്ചെങ്കിലും അവന്‍ ഒരു വന്യജീവിയെപ്പോലെ ഇണങ്ങാതെ കുതറി മാറി..പിന്നെ തന്‍റെ ചിത്രബുക്കില്‍ ആളുകളെ വരി നിര്‍ത്തി ഷൂട്ട്‌ ചെയ്തു കൊല്ലുന്ന ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി ..
അതവളെ നടുക്കിക്കളഞ്ഞു, തന്‍റെ കടയുന്ന നെഞ്ചില്‍ നിന്ന് അവന്‍ തിരിഞ്ഞുനിന്നത്, ആയുധങ്ങളുടെ ചിത്രം വരക്കുന്നത്.. വേദപഠനക്ലാസ്സില്‍ അച്ചനെ പ്രത്യേകം പറഞ്ഞേല്‍പ്പിച്ചു –“ക്രിസ്തുവിന്‍റെ കഥകള്‍ ഒരു പാട് പറഞ്ഞു കൊടുക്കണം അച്ചോ,” അവള്‍ കണ്ണീരോടെ സ്വപ്നത്തിന്‍റെ മുഷിഞ്ഞ പൊതി ഒന്നൂടെ കെട്ടഴിച്ചു..

“ദൈവവിധി ആര്‍ക്കും മറികടക്കാനാവില്ല മകളെ, പ്രാര്‍ഥിക്കാം നമുക്ക്”-അച്ചന്‍ അവളുടെ നെറുകില്‍ കൈ വച്ചു, നിറകണ്ണുകളോടെ അവള്‍ ക്രൂശിതരൂപത്തെ നോക്കി കൈ കൂപ്പി..

ഏകയായി പഴയ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് അവള്‍ ഓര്‍ത്തതും അത് തന്നെയാണ്, അവന്‍ വളരുക തന്നെയാണ്, രാഷ്ട്രീയത്തിന്‍റെ, ഭരണത്തിന്‍റെ കൂറ്റന്‍ ചിറകുകളാല്‍ അവന്‍ പറന്നു രസിക്കുന്നു, ഹൃദയം നിറയെ സ്നേഹം ചൊരിഞ്ഞിട്ടും ഒരു വന്യജീവിയായി അവന്‍ അകന്നു പോയി..ഉപേക്ഷിച്ചു കടന്നു കളഞ്ഞ പപ്പയെ അവന്‍ പകയോടെ ഡയറിയില്‍ കുത്തി മുറിച്ചു..എപ്പോഴും കരയുന്ന അമ്മയോട് പരിഹാസം നിറഞ്ഞ നിസ്സംഗത പുലര്‍ത്തി..പതിനേഴു വയസ്സായപ്പോഴേക്കും അവന്‍ ചായപ്പെന്സിലുകളെ വെറുക്കുകയും തീവ്രരാഷ്ട്രീയ ഗ്രൂപ്പിലേക്ക് മാറിപ്പാര്‍ക്കുകയും ചെയ്തു..ഓരോ ജന്മത്തിനും ഓരോ നിയോഗമുണ്ട്, അത് മാറ്റാന്‍ ആര്‍ക്ക് സാധിക്കും? അവള്‍ അവന്‍റെ ചെറുപ്പത്തിലെ ഫോട്ടോകള്‍ നോക്കി, ഉണ്ടോ ആ കണ്ണുകളില്‍ ക്രൂരത? ആ ചുണ്ടുകള്‍ മറ്റുള്ളവരുടെ രക്തം ദാഹിക്കുന്നുണ്ടോ? അവള്‍ക്ക് നെഞ്ചും അടിവയറും കടഞ്ഞു..കൊണ്സന്ട്രേഷന്‍ ക്യാമ്പുകള്‍ ഇവനും പണി കഴിപ്പിച്ചേക്കാം, ഇപ്പോള്‍ തന്നെ അവന്‍റെ ഭരണത്തില്‍ ആളുകള്‍ അഭയാര്‍ഥികള്‍ ആയിക്കഴിഞ്ഞു..ഭക്ഷണത്തിന് പോലും വരി നില്‍ക്കേണ്ട അവസ്ഥ, എന്നിട്ടും അവന്‍റെ സിംഹാസനത്തിന് ഒരു ഇളക്കവുമില്ല, സ്തുതിപാടകര്‍ക്ക് ഒരു കുറവുമില്ല ..അവള്‍ ലൈറ്റണച്ചു..ഒന്നു മയങ്ങിയപ്പോഴേക്ക് ഏകാന്തതയുടെ ഗുഹകളില്‍ നിന്ന് ചില രൂപങ്ങള്‍ പുറത്തു ചാടി അസുരനൃത്തം തുടങ്ങി..അവര്‍ അവളെ ഒരു ഇടുങ്ങിയ മുറിയിലേക്ക് ഉന്തിക്കയറ്റി..അവിടെ മെലിഞ്ഞവശരായ അനേകം ആളുകള്‍ നിരന്നു നില്‍ക്കുന്നതിനിടയിലേക്ക് അവളും ചേര്‍ക്കപ്പെട്ടു..പുറത്തു നിന്ന് അവന്‍റെ രൌദ്രമുഖം ആജ്ഞാപിച്ചു- “സ്വിച്ച് ഓണ്‍”..ഒരു നിമിഷം..ശ്വാസം കിട്ടാതെ പിടഞ്ഞു കൊണ്ട് അവള്‍ കണ്ണ്‍ തുറന്നു..വിഷവാതകം ശരിക്കും ശ്വസിച്ച പോലെ അവളുടെ മൂക്കിനുള്ളില്‍ വല്ലാത്ത പുകച്ചില്‍ അനുഭവപ്പെട്ടു ..

സമാധാനം തരൂ ദൈവമേ . ആ വിത്തിന്‍റെ പേരില്‍ ഈ മരത്തെ നീ കത്തിച്ചു കളയരുതേ..ഇലകള്‍ കൊഴിഞ്ഞ് ശിഖരം മാത്രമായ ആ തരു വേവലാതിയുടെ കൊടുംകാറ്റില്‍ ആടിയുലഞ്ഞു..ഭീകരമായ നിശ്ശബ്ദതയിലേക്ക് ചില്ലകളെ ചേര്‍ത്തു വച്ച്  തണല്‍ മാത്രമേകുന്ന വിത്തുകള്‍ക്ക് ജന്മം നല്‍കുന്ന ഒരു സുന്ദരസ്വപ്നത്തിന്‍റെ  വിശ്രാന്തിയിലേക്ക് അവള്‍ കണ്ണടച്ചു..രാത്രി നിലാവ് പൊഴിച്ചു കൊണ്ട് പുഞ്ചിരിച്ചു .............

2 അഭിപ്രായങ്ങൾ:

  1. വായിക്കുന്നവർക്കെല്ലാം നന്ദി

    മറുപടിഇല്ലാതാക്കൂ
  2. സമാധാനം തരൂ ദൈവമേ . ആ വിത്തിന്‍റെ പേരില്‍ ഈ മരത്തെ നീ കത്തിച്ചു കളയരുതേ..ഇലകള്‍ കൊഴിഞ്ഞ് ശിഖരം മാത്രമായ ആ തരു വേവലാതിയുടെ കൊടുംകാറ്റില്‍ ആടിയുലഞ്ഞു..ഭീകരമായ നിശ്ശബ്ദതയിലേക്ക് ചില്ലകളെ ചേര്‍ത്തു വച്ച് തണല്‍ മാത്രമേകുന്ന വിത്തുകള്‍ക്ക് ജന്മം നല്‍കുന്ന ഒരു സുന്ദരസ്വപ്നത്തിന്‍റെ വിശ്രാന്തിയിലേക്ക് അവള്‍ കണ്ണടച്ചു..രാത്രി നിലാവ് പൊഴിച്ചു കൊണ്ട് പുഞ്ചിരിച്ചു ...
    ഒരു കവിതപോലെ സുന്ദരമായ വരികൾ.. നന്നായിരിക്കുന്നു.. ആശംസകൾ


    മറുപടിഇല്ലാതാക്കൂ