Pages

2016, ഡിസംബർ 29, വ്യാഴാഴ്‌ച

രാജ്യസ്നേഹം [കഥ]




പട്ടാളം ഭരണം ഏറ്റതില്‍ പിന്നെ ഞങ്ങളുടെ നാട്ടില്‍ ചില ശീലങ്ങള്‍ നിര്‍ബന്ധമാക്കപ്പെട്ടു , രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ എല്ലാ പ്രാര്‍ഥനകള്‍ക്കും മുമ്പേ വീട്ടില്‍ എല്ലാവരും കിഴക്കോട്ടു തിരിഞ്ഞ് വലതു കൈ നീട്ടിപ്പിടിച്ച് രാജ്യസ്നേഹപ്രതിജ്ഞ കൂട്ടായി ചൊല്ലണം – “ഞാനെന്‍റെ നാടിനെ സ്നേഹിക്കുന്നു , എന്‍റെ നാടിനു വേണ്ടി ഞാന്‍ ജീവത്യാഗത്തിനും തയ്യാറാണ് എന്നു അവസാനവരിക്ക് ശേഷം ദേശീയഗാനം ഭക്തിപൂര്‍വ്വം ആലപിക്കണം..ആലാപനസമയത്ത് രോഗികള്‍ പോലും എഴുന്നേറ്റു നില്‍ക്കല്‍ നിര്‍ബന്ധമാണ്‌..ഇതെല്ലാം കഴിഞ്ഞേ പല്ല് തേക്കാന്‍ പോലും എല്ലാവരും ഒരുമ്പെടുകയുള്ളൂ..കാരണം ഓരോ വീട്ടിലും ഇത് കൃത്യമായി ചെയ്യുന്നില്ലേയെന്നുറപ്പ് വരുത്താന്‍ സ്വീകരണമുറിയില്‍ ഒരു ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ കേടു വരുത്തിയേക്കാം എന്നു കരുതുന്നത് വിഡ്ഢിത്തമാണ്..അതിനു വരുന്ന ഏതു പരിക്കിനും ഉത്തരവാദി വീട്ടുകാരന്‍ ആയതിനാല്‍ പിഴ ഒടുക്കേണ്ടതും അവന്‍ തന്നെ..ഉച്ചക്കത്തെ പ്രതിജ്ഞയും ഗാനവും എല്ലാവരും ജോലിസ്ഥലത്തോ വിദ്യാലയത്തിലോ വച്ചു അനുഷ്ഠിച്ചിരിക്കണം..രാത്രിയാവട്ടെ കൃത്യം ഒമ്പത് മുപ്പതിന് മുമ്പ് ഇതെല്ലാം നിര്‍വഹിച്ചിരിക്കണം..ഇതിനും പുറമെ അതിര്‍ത്തികളില്‍ സദാ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന പട്ടാളക്കാരെ ടി വി ഷോകള്‍ ഇടയ്ക്കിടെ പ്രദര്‍ശിപ്പിക്കുകയും അവര്‍ രാജ്യത്തിന്‌ വേണ്ടി ചെയ്യുന്ന ത്യാഗങ്ങളെക്കുറിച്ച് ഞങ്ങളെ ഉണര്‍ത്തുകയും ചെയ്തു..

പത്ത് വയസ്സായ ഞങ്ങളുടെ മകന്‍ ഇടയ്ക്കിടെ ചോദിക്കും –“എന്തിനാ അപ്പാ ആ പട്ടാളക്കാര്‍ക്ക് മറ്റേ പട്ടാളക്കാരോട് ഇത്ര ദേഷ്യം? എന്തിനാ അവര്‍ യുദ്ധം ചെയ്യുന്നത്?  ആളുകളെ ഇങ്ങനെ കൊല്ലുന്നത്?” പട്ടാളക്കാര്‍ക്ക് പരസ്പരം ദേഷ്യമില്ലെന്നും അവര്‍ സ്വന്തം രാജ്യത്തെ സേവിക്കയാണെന്നും ഞാന്‍ പറഞ്ഞു .”ആളുകളെ കൊല്ലലാണോ അപ്പാ സേവനം?” അവന്‍റെ മൂര്‍ച്ചയുള്ള ചോദ്യം ബെഡ്റൂമില്‍ വച്ചായതില്‍ ഞാന്‍ വല്ലാതെ ആശ്വസിച്ചു..സ്വീകരണ മുറിയില്‍ വച്ച് ഞങ്ങള്‍ ഒന്നും സംസാരിക്കാറില്ല..ഞങ്ങളുടെ ചെയ്തികളെ റെക്കോഡ് ചെയ്യുന്ന ഒരു രഹസ്യക്കാരന്‍ അവിടെ ഉണ്ടല്ലോ..ഒരാള്‍ക്കും പെട്ടെന്ന് അതിന്‍റെ സാന്നിധ്യം കണ്ടെത്താനാവില്ല..

പത്രങ്ങള്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം കര്‍ശനനിയന്ത്രണമാണ്..ഭരണത്തെ ഒരാളും വിമര്‍ശിച്ചുകൂടാ..തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കില്ല എന്നതിനാല്‍ റേഡിയോയിലൂടെയാണ് ക്യാപ്റ്റന്‍ ഞങ്ങളോട് സംസാരിക്കുക....എന്നിട്ടും ചില ആളുകള്‍ക്ക് ഭയങ്കര ധൈര്യമാണ്..അവര്‍ ആളെ കൂട്ടി ധര്‍ണ നടത്തുന്നു , നിങ്ങള്‍ക്ക് നാണമില്ലേ ഇങ്ങനെ സഹിക്കാന്‍ എന്നു മുഷ്ടി ചുരുട്ടി ഞങ്ങളോട് ആക്രോശിക്കുന്നു..പോലീസ് ഓടി വന്ന് അവരെയൊക്കെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നു..മധ്യവയസ്സ് കഴിഞ്ഞവരാണ് പ്രക്ഷോപകരില്‍ അധികവും..യുവാക്കളെല്ലാം ക്യാപ്റ്റനെ സ്നേഹിക്കുന്നു ,കാരണം വെറും രണ്ടായിരത്തിന് ഉഗ്രന്‍ സ്മാര്‍ട്ട്ഫോണും ആറു മാസം അണ്‍ലിമിറ്റഡ് നെറ്റുമാണ് അവരുടെ വായിലേക്ക് ഇട്ടു കൊടുത്തിരിക്കുന്നത്..ലോ വേസ്റ്റ് പാന്‍റും നീളന്‍ മുടിയുമായി കാലുകള്‍ അകത്തി നടക്കുന്ന ചെറുക്കന്മാര്‍ ഒന്നു തല ഉയര്‍ത്തി നില്‍ക്കാറുണ്ടോ എന്നു നമ്മള്‍ അതിശയിക്കും..ഏതു സമയവും ഫോണിലേക്ക് നോക്കി കുടക്കാല്‍ ഷെയ്പിലാണ് അവരുടെ നില്‍പ്പ്..അവരുടെ തലപ്പൊക്കമോ നെഞ്ചിന്‍റെ വിരിവോ മുഷ്ടിയുടെ കരുത്തോ അവര്‍ അറിഞ്ഞിട്ടു തന്നെ ഉണ്ടാവില്ല..ദൂരെയിരിക്കുന്ന ഏതൊക്കെയോ ആളുകളുമായി അവര്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു..ജയില്‍ ഓരോ വീടിനെയും തിരഞ്ഞു വരുന്നത് അവരെ ഒട്ടും അലട്ടുന്നുമില്ല ..

ഞങ്ങളുടെ ബാങ്ക് അക്കൌണ്ടുകളിലാണ് അധികാരി ആദ്യം പൂട്ടിട്ടത്..ഇപ്പോള്‍ ആഴ്ചയില്‍ നാലായിരം എന്ന തോതില്‍ എടുക്കാം..ഞങ്ങള്‍ അധ്വാനിച്ച പണത്തിനു വേണ്ടി പിച്ചക്കാരെ പോലെ ഞങ്ങള്‍ ക്യൂ നില്‍ക്കുന്നു..ഈ റേഷന്‍ സംഖ്യ തന്നെ ഇനിയും വെട്ടിച്ചുരുക്കുമെന്നു കേള്‍ക്കുന്നു..ജനങ്ങള്‍ മിതവ്യയം ശീലിക്കണമത്രെ..പക്ഷെ അധികാരിയുടെ ഓരോ പട്ടുപുടവയും ഇരുപത്തഞ്ചു ലക്ഷത്തിലേറെ വിലയുള്ളതാണ്.. എത്രയോ ധനം ചിലവഴിച്ചു അദ്ദേഹം ലോകമാകെ ചുറ്റിക്കൊണ്ടിരിക്കയാണ്..അതൊന്നും ഞങ്ങള്‍ സാരമാക്കുന്നില്ല..രാജാവിന്‍റെ ചെലവുകളെക്കുറിച്ച് പ്രജകള്‍ നീരസപ്പെട്ടിട്ടു കാര്യമില്ലല്ലോ..

ഈ നാട്ടിലെ പൌരനാണെന്ന് തെളിയിക്കാന്‍ അഞ്ചു കാര്‍ഡുകള്‍ ആണ് ഞങ്ങള്‍ സൂക്ഷിക്കേണ്ടത്..എവിടെ പോവുമ്പോഴും അവ കൂടെ വേണം..പോലീസ് ചെക്കിംഗ് ഏതു സമയവും ഉണ്ടാകാം..അല്ലെങ്കിലേ പുറത്തിറങ്ങുമ്പോള്‍ ഉറപ്പില്ല തിരിച്ചെത്തുക വീട്ടിലെക്കാണോ ജയിലിലേക്കാണോ എന്ന്..
പണം കിട്ടാനുള്ള ക്യൂവിലാണ് ഞങ്ങള്‍..വരി റോഡും കടന്ന് പോസ്റ്റ്‌ ഓഫീസിനെ തൊടുന്നു..വരിയില്‍ ആണെങ്കിലും ഞങ്ങള്‍ മുറപോലെ പ്രതിജ്ഞയും ഗാനവും ചോല്ലുന്നുണ്ട് , എവിടെയൊക്കെ ക്യാമറ എന്നു ആര്‍ക്ക് പറയാനാവും?

ഇപ്പോള്‍ കിട്ടിയ വാര്‍ത്തയാണ് സങ്കടകരം .ദേശഭക്തി തെളിയിക്കാന്‍ ഞങ്ങള്‍ ചില ടെസ്റ്റുകള്‍ പാസാകണമത്രെ..ആ അഗ്നിപരീക്ഷകള്‍ ജയിച്ചാലേ ഞങ്ങള്‍ക്ക് ദേശഭക്തികാര്‍ഡ് കിട്ടുകയുള്ളൂ. ഒരു മാസത്തിനുള്ളില്‍ അത് കരസ്ഥമാക്കാത്തവര്‍ എല്ലാം ഈ നാട്ടില്‍ വെറും അഭയാര്‍ഥികള്‍ ആയിരിക്കുമത്രെ..ഇനി അത് കിട്ടാനും വരി നില്‍ക്കേണ്ടി വരും.എട്ടു ലീവുകളാണ് ക്യൂ കൊണ്ടുപോയത്..
ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങളുടെ ക്യാപ്റ്റനാണ് ഇപ്രാവശ്യത്തെ നീതിമാന്‍ ജനസേവക് പട്ടം..ഇത്ര നല്ല ഭരണാധികാരിയെ ഇത് വരെ രാജ്യത്തിന് ലഭിച്ചിട്ടില്ല എന്നാണു പത്രങ്ങളിലെ വെണ്ടക്കകള്‍..പക്ഷെ പോലീസ് ഇടയ്ക്കിടെ പിടിച്ചു കൊണ്ടു പോകുന്നവരെല്ലാം ഏത് അണ്ടര്‍ഗ്രൌണ്ടിലാണ് ഇല്ലാതാവുന്നതെന്ന് ആര്‍ക്കും വലിയ തിട്ടമില്ല..ആരും ഏതു നിമിഷവും കാണാതായവരുടെ ലിസ്റ്റില്‍ കയറിയിരിക്കാം..അതിലും വലിയ തമാശ മറ്റൊന്നാണ് , ലക്ഷത്തിലേറെ പേരെ ബോംബിട്ടു കൊല്ലാന്‍ കല്‍പ്പിച്ച ഞങ്ങളുടെ അയല്‍രാജാവിനാണ് ഇപ്രാവശ്യത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം..
വൃദ്ധസദനത്തിലുള്ള എന്‍റെ അമ്മ പറയുന്നത് നുണകളാണ് നാടെങ്ങും ഓടിച്ചാടി നടക്കുന്നതെന്നാണ്..ഏതായാലും ആജ്ഞകള്‍ അനുസരിക്കാന്‍ ഞങ്ങള്‍ നന്നായി ശീലിച്ചിരിക്കുന്നു..

ഈയിടെയായി സ്വപ്നങ്ങളിലും വരികളാണ് , യുദ്ധം നടന്നുകൊണ്ടിരിക്കുന്നു , ഭക്ഷണത്തിനും വസ്ത്രത്തിനും ഞങ്ങള്‍ വരിയില്‍ ഉന്തും തള്ളും ഉണ്ടാക്കുന്നു ,പരസ്പരം ആക്രമിക്കുന്നു , കടിച്ചു കീറുന്നു..ഞങ്ങളുടെ രാഷ്ട്രപിതാവ് രാജ്യസ്നേഹകാര്‍ഡിനായി വരിയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതായിരുന്നു ഇന്നലത്തെ സ്വപ്നം. കണ്ണുകളില്‍ മടുപ്പാണ് ഭാവം .ചുണ്ടുകളില്‍ നിസ്സംഗത ഒട്ടിപ്പിടിച്ചിരിക്കുന്നു..ഒരാളും അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല , മുന്നിലേക്ക് നിന്നോളൂ എന്ന് ഔദാര്യപ്പെടുന്നില്ല , അപ്പോഴാണ്‌ അദ്ദേഹത്തിന്‍റെ വരണ്ട ചുണ്ടില്‍ നിന്ന് ആ ചോദ്യം ഒരു ബോംബായി എന്‍റെ ചെവിയില്‍ പൊട്ടിച്ചിതറിയത് –“ഇതിനാണോ നീചരെ ഞാനെന്‍റെ യൌവനം കരിച്ചു കളഞ്ഞത്? സ്വാതന്ത്ര്യം അര്‍ഹിക്കാത്ത , നാണം കെട്ട, ആത്മധൈര്യമില്ലാത്ത ഈ മനുഷ്യക്കൂട്ടങ്ങള്‍ക്ക് വേണ്ടി?കഷ്ടം!!!

1 അഭിപ്രായം: