Pages

2017, മാർച്ച് 4, ശനിയാഴ്‌ച

ചിലന്തിവലകള്‍ [കഥ]




സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ മിനിയുടെ കയ്യില്‍ ഒരെട്ടുകാലിയുടെ ചിത്രമുണ്ടായിരുന്നു. പണി പൂര്‍ത്തിയായ സ്നിഗ്ധമായ വലയ്ക്കു നടുവില്‍ അത് കണ്ണ്‍ പാതിയടച്ച് ഇരയെ കാത്തു  കിടന്നു. പശിമയുള്ള വലയില്‍ ഇര ഒട്ടിപ്പിടിക്കുമെന്നും എട്ടുകാലി അതിനെ വിഷം കുത്തി വച്ച് കൊല്ലുമെന്നും മുമ്പ് ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ മെല്ലെ മെല്ലെ വിഷലിപ്തമായ ഉമിനീരില്‍ ഇര അലിഞ്ഞു തീരുകയായി..തള്ളയെട്ടുകാലിയെ കുഞ്ഞുങ്ങള്‍ തിന്നു കളയുമത്രേ, അന്നൊരിക്കല്‍ മാറാല തട്ടുമ്പോള്‍ തൂവല്‍ പോലെ കനമില്ലാതെ ഒരു എട്ടുകാലിയുടെ ജഡം താഴേക്ക് വീണു. ചിത്രത്തില്‍ അതിന്‍റെ കാലുകള്‍ ഒന്നൂടെ കറുപ്പിക്കണം, കണ്ണുകള്‍ക്ക് നല്ല തിളക്കം വരുത്തണം, എന്നാലെ ഒരു സ്റ്റൈല്‍ ഉണ്ടാവൂ. മാഗസിനിലേക്ക് ഒരു കഥയും കവിതയും കൂടി ശരിപ്പെടുത്താനുണ്ട്. ഇന്നലെ വീട്ടിലുണ്ടായ ഭൂകമ്പത്തിന്‍റെ കാരണമെന്തായിരുന്നു ആവോ..എന്നും ആവര്‍ത്തിക്കുന്ന കൊടുങ്കാറ്റുകള്‍..വീശിയടിച്ച വമ്പന്‍തിരയില്‍ അമ്മയുടെ മുഖം നനഞ്ഞു കുതിര്‍ന്നു..ചരല്‍ പോലുള്ള വെള്ളത്തുള്ളികള്‍ മുഖം പൊള്ളിച്ചു, താന്‍ ദൈവമായിരുന്നെങ്കില്‍ ഒരു ജീവിയും ഇങ്ങനെ ദുഖിക്കുമായിരുന്നില്ല. എല്ലാവരും സന്തോഷത്തിന്‍റെ മഞ്ചാടിമണികള്‍ എപ്പോഴും പെറുക്കിക്കൊണ്ടിരുന്നേനെ...

ഇനിയൊരു കുറ്റിക്കാടാണ്, മുമ്പൊക്കെ കൂടെ വരാന്‍ ഒരു പാട് കുട്ടികള്‍ ഉണ്ടായിരുന്നു. പലരും സ്കൂള്‍ മാറി , ചിലരുടെ കല്യാണം കഴിഞ്ഞു, ഇന്നലെയും അമ്മയുടെ കണ്ണുകള്‍ തന്‍റെ ദേഹത്തെ വ്യാകുലതയോടെ അളന്നു, അമ്മയെന്തോക്കെയോ എപ്പോഴും പേടിക്കുന്നുണ്ട്..അപ്പുറത്തെ പാറുവമ്മ ഉണര്‍ത്തുന്നത് കേട്ടു, “പെണ്ണിനെ കെട്ടിച്ചു വിടാറായല്ലോ മാളൂ, മൂക്കില്‍ പല്ല് വരാനാണോ കാത്തിരിക്കുന്നത്? അരിശം കടിച്ചൊതുക്കി, അല്ലെങ്കിലേ തനിക്ക് നാക്കിനു നീളം കൂടുതലാണെന്നാണ് ആ തള്ള പറയുക. താന്‍ മാഗസിന്‍ എഡിറ്റര്‍ ആണെന്ന്, ക്ലാസ്സില്‍ ഒന്നാം റാങ്കുകാരിയാണെന്ന് വല്ലതും ആ തള്ളക്കറിയോ? ആകെ ഒന്നറിയാം, കല്യാണം- പിന്നെ എന്നും തന്‍റെ വീട്ടിലെപ്പോലെ യുദ്ധവും..

മാഗസിനെന്താണ് പേരിടുക? മുഖചിത്രമെന്താണ് വരക്കുക? വിശന്നു നാവ് നീട്ടുന്നൊരു ചെന്നായയുടെ ചിത്രം മുമ്പെന്നോ വെട്ടി പുസ്തകത്തില്‍ വച്ചിരുന്നു, അത് പോലെ വരയ്ക്കാനൊത്താല്‍ ഉഗ്രനായിരിക്കും..ഇന്നലെ സന്ധ്യക്കും മണിയേട്ടന്‍ വന്നിരുന്നു, അസ്തമയസൂര്യന്‍ മുഷിഞ്ഞ ചുമരില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ പണിയുന്നത് നോക്കിയിരിപ്പായിരുന്നു. അയാളുടെ നോട്ടം മേനിയെ കൊളുത്തി വലിക്കയാണെന്ന് തോന്നിയപ്പോള്‍ എഴുന്നേറ്റു. അകത്തേക്ക് പോകാനാഞ്ഞ തന്നെ കടന്നു പിടിച്ചു, വായില്‍ നിന്ന് ചീത്ത മണം, അറവുകാരനായതോണ്ട് ഒരു മനസ്സുഖം കിട്ടാന്‍ ഇത്തിരി മോന്തണമെന്നാണ്‌ അയാള്‍ അമ്മയോട് പറയുക. “ടീ, നിന്‍റെ  തോട്ടത്തീന്ന് ഇന്നലെ ഒരാമയെ കിട്ടി, കുറെ മേടിയിട്ടാ മൂപ്പര് തല പുറത്തേക്കിട്ടത്..എന്‍റെ  കണ്ണൊന്നു തെറ്റിയപ്പോ രക്ഷപ്പെടാനും നോക്കി .പാവം .സ്പീഡുണ്ടായിട്ടു വേണ്ടേ? പണ്ട് ഈ കക്ഷി എങ്ങനെ മുയലിനെ തോല്പ്പിച്ചാവോ? ഒരു പാട് കാലായി ആമയിറച്ചി  തിന്നാന്‍ കൊതി..”കയ്യിലെ ഈ മുറുക്കിപ്പിടിത്തമാണ് തീരെ പിടിക്കാത്തത്. ഒരു പാവം ജീവിയെ കൊന്നു വീരസ്യം പറയുന്നു ദുഷ്ടന്‍..അറവുകാരെല്ലാം ക്രൂരന്മാര്‍ തന്നെ..വിയര്‍ത്തൊട്ടുന്ന കൈ ഊക്കോടെ വിടുവിച്ച് അടുക്കളയിലേക്ക് നടന്നു..തന്‍റെ ചിത്രങ്ങള്‍ കണ്ട് ഒരിക്കലയാള്‍ ചോദിച്ചു-“എന്താ പെണ്ണെ, എന്‍റെ അറവുശാല പോലെ എല്ലാറ്റിനും ഒരു ചോരമണം?”

“മണിയുള്ളതാ ആകെ ഒരാശ്വാസം..”അമ്മയുടെ ആ സംസാരം കൊണ്ടാണ് ഇത്ര ദുസ്വാതന്ത്ര്യം..ഇരകളുടെ വിളറിയ കണ്ണുകള്‍ മനസ്സില്‍ നിറയും ,കാലികളെ കുത്തി നിറച്ച ലോറികള്‍ ,കമ്പിക്കൂടുകളില്‍ അടുക്കിയ കോഴികള്‍..എല്ലാം ഒന്നു തന്നെ ചോദിക്കുന്നു –“എന്‍റെ അവസാനമായല്ലേ?”ഈയിടെയായി അയാളുടെ മുഖം ഒരു മുട്ടനാടിന്‍റെതു പോലെയാണ്..കണ്ണില്‍ കൊളുത്തി വലിക്കുന്നൊരു ചൂണ്ടയും..താനൊരു മത്സ്യമായിരുന്നേല്‍ അതില്‍ കുടുങ്ങി ശ്വാസം മുട്ടിയേനെ..പല ആണുങ്ങളും ഇങ്ങനെയാണ് നോക്കുക, മേലാകെ പഴുതാര അരിക്കയാനെന്നു തോന്നും..ലോകം ആണിനുള്ളതാണെന്നാണ് ശാരദേടത്തി പറയുക..”ചില പെണ്ണുങ്ങള്‍ ബലിക്കല്ലിലെക്കാ പിറന്നു വീഴുക, ഒരു വാളിന്‍റെ തിളക്കം എപ്പോഴും മുകളില്‍ , എന്നാലും മനോഹരസ്വപ്‌നങ്ങള്‍ അവളെ മാടി വിളിക്കും..”വെറുപ്പോടെ അവര്‍ ഒരു  പുല്‍നാമ്പ് ചവച്ചു തുപ്പി..

“അവളോടധികം കൂട്ടു വേണ്ടാ, തെറിച്ച പെണ്ണാ.” അമ്മ കണ്ണുരുട്ടും..കല്യാണം കഴിഞ്ഞ് അധികമാകും മുമ്പ് അവര്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി..ആളുകള്‍ക്ക് ഇപ്പോഴും അത്  തന്നെ വര്‍ത്തമാനം..ഇത്തരം കാര്യങ്ങള്‍ ആരും മറക്കില്ല..ആ കണ്ണുകളില്‍ എപ്പഴും സങ്കടത്തിന്‍റെ ഒരു പാടയാ..ചിലപ്പോള്‍ ഒരു തോന്നലുണ്ട്‌, ബസില്‍ എങ്ങോട്ടോ പോകുന്നു. കയ്യില്‍ വെള്ളയും നീലയും ഇടകലര്‍ന്ന കുപ്പിവളകള്‍..ഇടയ്ക്ക് പൊട്ടു വീണ ഒരു ചുവന്നതും..യാത്ര തീരുന്നേയില്ല. ചുറ്റുമുള്ള കാഴ്ചകളൊക്കെ നോക്കി അന്തം വിട്ടാണ് ഇരുത്തം..പെട്ടെന്നാണ് ബസ് ഇരുട്ടിന്‍റെ ഒരു തുരങ്കത്തിലേക്ക് പാഞ്ഞു കയറുന്നത്..അത്യഗാധമായ ഒരു കയത്തിലേക്ക് മൂക്ക് കുത്തുന്നത്..
അവിടെയുമിവിടെയും പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ചാണ് അയല്‍ക്കാര്‍ കുശുകുശുക്കുന്നത്..കഴുത്ത് മുറുക്കിക്കൊന്ന് മാലയും വളയും ഒന്നും എടുക്കാതെ..അടക്കം പറച്ചിലുകളില്‍ നിന്ന് ഒന്നും വ്യക്തമാവില്ല..പത്രങ്ങള്‍ ആവര്‍ത്തിക്കുന്ന കുറെ വാക്കുകള്‍..അത് വല്ലതും ചോദിക്കാന്‍ ചെന്നാല്‍ മുതിര്‍ന്നവര്‍ കടിച്ചു കീറാന്‍ വരും..ഇന്നാളൊരിക്കല്‍ റബ്ബര്‍ കാട്ടില്‍ ഒരാള്‍ ഒരു പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു..കുട്ടിയുടെ അച്ഛന്‍ തന്നെ കൊലപാതകിയുടെ കഥ കഴിച്ചതായിരുന്നു അതിലും വലിയ വാര്‍ത്ത..ഇതെല്ലാം കേട്ട് ചുറ്റുവട്ടത്തുള്ള സ്ത്രീകള്‍ മൂക്കത്ത് വിരല്‍ വെക്കുകയും തന്‍റെ ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുകയും ചെയ്തു..എന്താണാവോ ആളുകളെല്ലാം അങ്കക്കോഴികളെപ്പോലെ ..

കുറ്റിക്കാടിനു നടുവിലെത്തിയപ്പോഴാണ് അവള്‍ വലിയൊരു ചിലന്തിവലയിലേക്ക് മുഖം കുത്തി വീണത്..മുഖത്തും കണ്ണിലും വല ഒട്ടിപ്പിടിച്ചു..നാരുകള്‍ വലിഞ്ഞു മുറുകി..നടുവില്‍ പതിയിരിക്കുന്ന ക്രൂരതയുടെ വായിലേക്ക് ആകാശം കാണാതെ എടുത്തു വച്ചിരുന്ന മയില്‍പ്പീലികള്‍ ചിന്നിച്ചിതറി..ചെന്നായയുടെ നാവില്‍ ചോര കിനിഞ്ഞു..ആ ബലിഷ്ഠകരങ്ങള്‍ കടിച്ചു മുറിച്ചു രക്ഷപ്പെടാന്‍ അവള്‍ വെറുതെ ശ്രമിച്ചു..ശ്വാസം നേര്‍ത്തു തുടങ്ങിയപ്പോള്‍ , പെട്ടിയില്‍ അടുത്ത ഓണത്തിനു ഇടാനായി എടുത്തു വച്ചിരുന്ന നീല പുള്ളി ചുരിദാര്‍ ഒന്നൂടെ കാണാന്‍ അതിന്‍റെ പുതുമണം ഒന്നൂടെ ശ്വസിക്കാന്‍ അവള്‍ക്ക് വല്ലാത്തൊരു കൊതിയുണ്ടായി...ഇരുട്ട് കണ്ണിറുക്കിക്കൊണ്ട് എല്ലാ ക്രൂരതകളെയും പൊതിയുന്ന തന്‍റെ കട്ടിക്കരിമ്പടം എല്ലായിടത്തും വിരിക്കാന്‍ തുടങ്ങി....
ശരീഫ മണ്ണിശ്ശേരി
from  മണല്‍ പറയുന്നത് [കഥകള്‍] 2004 by shareefa mannisseri……………………………………..

1 അഭിപ്രായം: